യുക്രെയ്നിൽ ചരക്കുകപ്പലിന് നേരെ റഷ്യൻ ആക്രമണം, ഇന്ത്യൻ നാവികരടക്കം 10 പേർ കൊല്ലപ്പെട്ടെന്ന് സൂചന, മരിച്ചവരിൽ മലയാളിയും?

കീവ്: യുക്രെയ്നിലെ ഒഡേസ തീരത്ത് ചരക്കുകപ്പലിന് നേരെ റഷ്യ നടത്തിയ ശക്തമായ ആക്രമണത്തിൽ ഇന്ത്യൻ, സിറിയൻ നാവികരടക്കം പത്ത് പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ മലയാളിയും ഉണ്ടെന്ന് സൂചനയുണ്ട്. ഇക്കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല. ‘ഗോൾഡൻ ലിയോ’ എന്ന ചരക്കുകപ്പലിന് നേരെയാണ് റഷ്യൻ ആക്രമണമുണ്ടായത്. കൊല്ലപ്പെട്ട നാവികർക്ക് പുറമെ കപ്പലിലുണ്ടായിരുന്ന യുക്രെയ്ൻ സ്വദേശിയായ പൈലറ്റും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഭക്ഷ്യധാന്യങ്ങൾ നിറച്ച് ഒഡേസ തീരത്തുനിന്ന് പുറപ്പെടാൻ ഒരുങ്ങവേയാണ് കപ്പലിന് നേരെ ആക്രമണമുണ്ടായത്.

ആക്രമണം നടക്കുമ്പോൾ പൈലറ്റ് ഉൾപ്പെടെ 17 പേരാണ് കപ്പലിലുണ്ടായിരുന്നത്. ഇതിൽ എട്ട് നാവികരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി യുക്രെയ്ൻ നാവികസേന അറിയിച്ചു. കരിങ്കടൽ മേഖലയിൽ ചരക്കുകപ്പലുകളെ ലക്ഷ്യമിട്ടുള്ള റഷ്യൻ ആക്രമണങ്ങൾ സമീപദിവസങ്ങളിൽ കടുത്തിരിക്കുകയാണ്. ജൂലൈ ഇരുപതിന് ശേഷം മാത്രം കരിങ്കടൽ മേഖലയിൽ ആക്രമിക്കപ്പെടുന്ന ഏഴാമത്തെ കപ്പലാണ് ഗോൾഡൻ ലിയോ.

സമീപ ദിവസങ്ങളിൽ റഷ്യൻ നഗരങ്ങൾ കേന്ദ്രീകരിച്ച് യുക്രെയ്ൻ ശക്തമായ ആക്രമണങ്ങൾ നടത്തിയിരുന്നു. ഇതിന് തിരിച്ചടിയായാണ് റഷ്യ യുക്രെയ്ന്റെ തുറമുഖ നഗരമായ ഒഡേസയ്ക്കും കരിങ്കടലിലെ ചരക്കുകപ്പലുകൾക്കും നേരെ ആക്രമണം ശക്തമാക്കിയത്. ഭക്ഷ്യധാന്യ നീക്കത്തെ തടസ്സപ്പെടുത്തുന്ന തരത്തിൽ അന്താരാഷ്ട്ര കപ്പലുകൾക്ക് നേരെ റഷ്യ നടത്തുന്ന ഈ നീക്കം ആഗോളതലത്തിൽ തന്നെ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

Russian Attack on Cargo Ship Near Odessa: 10 Sailors Killed Including Indians

More Stories from this section

family-dental
witywide