
വിർജീനിയ: വിർജീനിയയിലെ ബൂൺസ് മില്ലിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ ട്രംപ് അനുകൂല സ്റ്റോറായ ‘വൈറ്റി ടെയ്‌ലേഴ്‌സ് ട്രംപ് ടൗണിൽ’ ട്രംപ് ഉൽപ്പന്നങ്ങളുടെ വിൽപ്പനയിൽ വൻ ഇടിവ്. യു.എസ് പ്രസിഡന്റായി വീണ്ടും വൈറ്റ് ഹൗസിലെത്തിയതിന് ശേഷം നടത്തിയ സന്ദർശനത്തിൽ സ്റ്റോറിലെ കച്ചവടം ഗണ്യമായി കുറഞ്ഞതായി ഉടമ വ്യക്തമാക്കി. ട്രംപ് ചിത്രങ്ങളുള്ള ബോബിൾഹെഡുകൾ, ഷോട്ട് ഗ്ലാസുകൾ, ട്രക്ക് ഹിച്ചുകളിൽ തൂക്കിയിടുന്ന പ്രത്യേക ‘ട്രംപ് ബോൾസ്’ തുടങ്ങിയ വിവിധതരം ട്രംപ് സ്മരണികകൾ വിറ്റിരുന്ന ഈ കടയിൽ ഇപ്പോൾ സന്ദർശകരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.
ചൈനയിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ വരവ് കുറഞ്ഞതും, ട്രംപിന്റെ പുതിയ വിശേഷങ്ങളെ അടിസ്ഥാനമാക്കിയുള്ള പുതിയ സാധനങ്ങൾ വിദേശ നിർമ്മാതാക്കൾ തയ്യാറാക്കാത്തതുമാണ് വിൽപ്പന കുറയാൻ കാരണമെന്ന് സ്റ്റോർ ഉടമ ടെയ്‌ലർ പറയുന്നു. ഒരു കാലത്ത് പ്രതിദിനം 12,000 മുതൽ 15,000 ഡോളർ വരെ വിറ്റുവരവ് ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ അത് 1,500 നും 3,000 ഡോളറിനും ഇടയിലായി ചുരുങ്ങി. കൂടാതെ, ഇവിടെ സന്ദർശിക്കുന്ന മിക്ക ആളുകളുടെയും കൈവശം ഇതിനകം തന്നെ ട്രംപ് തൊപ്പികളും പതാകകളും ഉള്ളതും വിൽപ്പനയെ ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കടയിലെ കച്ചവടം കുറഞ്ഞെങ്കിലും ഡോളി പാർടൺ, ചാർലി കിർക്ക് തുടങ്ങിയവരുടെ ചിത്രങ്ങളുള്ള സ്റ്റിക്കറുകളും ബട്ടണുകളും ഉൾപ്പെടുത്തി ടെയ്‌ലർ കച്ചവടത്തിൽ വൈവിധ്യവൽക്കരണം വരുത്തിയിട്ടുണ്ട്.
അതേസമയം, പ്രസിഡന്റിന്റെ ജനപ്രീതി കുറഞ്ഞുവരുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ കടുത്ത ആരാധകർക്കിടയിൽ പോലും നിലവിലെ നയങ്ങളോടുള്ള അതൃപ്തി പ്രകടമാകുന്നുണ്ട്. ഇന്ധനവില വർദ്ധനവിലും ഇറാൻ യുദ്ധത്തിലും തനിക്ക് വലിയ നിരാശയുണ്ടെന്ന് ടെയ്‌ലറുടെ സുഹൃത്തും ട്രംപ് ആരാധകനുമായ സ്റ്റീവി ലൊവെൽ പ്രതികരിച്ചു. ഗാസയിൽ നടക്കുന്ന സംഭവങ്ങൾ ഭീകരമാണെന്നും അദ്ദേഹം പറഞ്ഞു. ഓഫീസിലിരിക്കെ ട്രംപ് മുൻ പ്രസിഡന്റുമാരേക്കാൾ കൂടുതൽ പണം സമ്പാദിച്ചെന്ന വാർത്തകളും തന്നെ അസ്വസ്ഥനാക്കിയെന്ന് ലൊവെൽ വ്യക്തമാക്കി. എങ്കിലും താൻ ഇപ്പോഴും ട്രംപിന്റെ ഒരു ആരാധകൻ തന്നെയാണെന്നും, എല്ലാ കാര്യങ്ങളിലും താൻ പാതിറിയോട് പോലും യോജിക്കാറില്ലല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















