
വാഷിംഗ്ടൺ: ഇറാനുമേൽ സാമ്പത്തിക പൂട്ടുമുറുക്കുന്നതിന്റെ ഭാഗമായി, ഇറാൻ ഭരണകൂടവുമായി ബന്ധമുള്ള 130 മില്യൺ ഡോളറിലധികം (ഏകദേശം 1,100 കോടിയിലധികം രൂപ) മൂല്യം വരുന്ന ക്രിപ്‌റ്റോകറൻസി ശേഖരം യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റ് മരവിപ്പിച്ചു. യുഎസും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് ഒപ്പുവെച്ചിരുന്ന താൽക്കാലിക സമാധാന ഉടമ്പടികൾ പൂർണ്ണമായും തകർന്നതിന് തൊട്ടുപിന്നാലെയാണ് അമേരിക്കയുടെ ഈ നിർണായക നീക്കം.
ഇതിന് പുറമെ ചൊവ്വാഴ്ച ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ അമേരിക്ക വീണ്ടും ശക്തമായ വ്യോമാക്രമണങ്ങൾ നടത്തുകയും ചെയ്തു. ഇറാൻ സെൻട്രൽ ബാങ്കുമായി നേരിട്ട് ബന്ധമുള്ളതും കള്ളപ്പണ ഇടപാടുകൾക്ക് ഉപയോഗിക്കുന്നതുമായ നിരവധി ഡിജിറ്റൽ വാലറ്റുകൾക്ക് മേലാണ് യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റ് പുതിയ ഉപരോധം ഏർപ്പെടുത്തിയത്. ഇറാന്റെ ഉപരോധ ലംഘന ശൃംഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അമ്പതിലധികം വ്യക്തികളെയും സ്ഥാപനങ്ങളെയും കപ്പലുകളെയും പുതിയ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആഗോളതലത്തിൽ ക്രിപ്റ്റോ ഇടപാടുകൾ നിയന്ത്രിക്കുന്ന പ്രമുഖ ഡിജിറ്റൽ കറൻസി കമ്പനിയായ ‘ടെതർ’, ഈ അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിൽ യുഎസ് സുരക്ഷാ ഏജൻസികളുമായി സഹകരിച്ചതായാണ് റിപ്പോർട്ട്.
നേരത്തെ കഴിഞ്ഞ ഏപ്രിൽ മാസത്തിലും ഇറാനുമായി ബന്ധമുള്ള 344 മില്യൺ ഡോളറിന്റെ വൻ ക്രിപ്റ്റോ ശേഖരം ട്രംപ് ഭരണകൂടം സമാനമായ രീതിയിൽ മരവിപ്പിച്ചിരുന്നു. പരമ്പരാഗത ബാങ്കിംഗ് സംവിധാനങ്ങളെ അപേക്ഷിച്ച് കൃത്യമായ അന്താരാഷ്ട്ര നിയന്ത്രണങ്ങളില്ലാത്ത ക്രിപ്‌റ്റോകറൻസി മേഖലയെയാണ് ഇറാൻ, റഷ്യ, ഉത്തര കൊറിയ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ അന്താരാഷ്ട്ര വരുമാനത്തിനും ഉപരോധങ്ങളെ മറികടക്കാനുമായി നിലവിൽ പ്രധാനമായി ആശ്രയിക്കുന്നത്. എന്നാൽ ഈ ഡിജിറ്റൽ സാമ്പത്തിക സ്രോതസ്സുകൾ കൂടി തടഞ്ഞുകൊണ്ട് ഇറാന്റെ സാമ്പത്തിക അടിത്തറ പൂർണ്ണമായും തകർക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം.












