
ക്ലീവ്‌ലാൻഡ് (ഓഹിയോ): അത്താഴത്തിന് ശേഷം ഇടതുകാലിൽ അനുഭവപ്പെട്ട കഠിനമായ വേദനയെ തുടർന്ന് ചികിത്സയിലായിരുന്ന 34-കാരനായ ഇന്ത്യൻ സോഫ്റ്റ്‌വെയർ എൻജിനീയർ അമേരിക്കയിൽ മരിച്ചു. ‘ടൈപ്പ് എ അയോർട്ടിക് ഡിസെക്ഷൻ’ എന്ന അപൂർവവും അതിതീവ്രവുമായ രോഗാവസ്ഥയെ തുടർന്നാണ് വെങ്കട രവിതേജ (രവി) രവിപാട്ടി മരണപ്പെട്ടത്. ജൂലൈ 17നാണ് ഈ ദാരുണമായ സംഭവം നടന്നത്.
അത്താഴത്തിന് ശേഷം കാലിൽ തുടങ്ങിയ കടുത്ത വേദന പെട്ടെന്ന് നെഞ്ചിലേക്ക് പടരുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാർ ഉടൻ തന്നെ 911-ൽ വിളിച്ച് അടിയന്തിര വൈദ്യസഹായം തേടുകയും തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിക്കുകയും ചെയ്തു. പരിശോധനയിൽ ഹൃദയത്തിലേക്കുള്ള പ്രധാന രക്തധമനിയെ ബാധിക്കുന്ന ടൈപ്പ് എ അയോർട്ടിക് ഡിസെക്ഷൻ ആണെന്ന് കണ്ടെത്തുകയും തുടർന്ന് ക്ലീവ്‌ലാൻഡിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റുകയുമായിരുന്നു. അടിയന്തിരമായി സങ്കീർണ്ണമായ ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും രവിതേജയുടെ ജീവൻ രക്ഷിക്കാനായില്ല.
വർഷങ്ങളായി ക്ലീവ്‌ലാൻഡിൽ സോഫ്റ്റ്‌വെയർ പ്രൊഫഷണലായി ജോലി ചെയ്തുവരികയായിരുന്ന രവി, അടുത്തിടെയാണ് ഇവിടെ സ്വന്തമായി പുതിയ വീട് വാങ്ങിയത്. ഈ സന്തോഷം പങ്കുവെക്കുന്നതിനായി ഏതാനും ദിവസങ്ങൾക്ക് മുൻപാണ് അദ്ദേഹത്തിന്റെ മാതാപിതാക്കൾ ഇന്ത്യയിൽ നിന്നും അമേരിക്കയിലെത്തിയത്. എന്നാൽ സന്തോഷ നിമിഷങ്ങൾക്കിടയിലേക്കാണ് ഈ വലിയ ദുരന്തം എത്തിയത്.
എച്ച്-1ബി വിസയിലായിരുന്നു രവി അമേരിക്കയിൽ കഴിഞ്ഞിരുന്നത്. 26-കാരിയായ ഭാര്യയും രണ്ട് വയസ്സുള്ള മകനുമാണ് അദ്ദേഹത്തിനുള്ളത്. പെട്ടെന്നുണ്ടായ ഈ വേർപാടിൽ പകച്ചുനിൽക്കുന്ന കുടുംബത്തെ സഹായിക്കുന്നതിനായി സഹപ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന് ഫണ്ട് സമാഹരണം ആരംഭിച്ചിട്ടുണ്ട്.
Severe pain in left leg after dinner; 34-year-old Indian techie dies in US due to rare disease













