കര്‍ണാടകയിൽ നേതൃമാറ്റം. മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെച്ചു. ലോക്ഭവനിലെത്തി അദ്ദേഹം ഗവർണറുടെ പ്രൈവറ്റ് സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറി. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ അദ്ദേഹം മുഖ്യമന്ത്രിസ്ഥാനത്തേക്ക് നിർദേശിക്കുകയും ചെയ്‌തിട്ടുണ്ട്. ഗവർണർ താവർ ചന്ദ് ഗഫ്ലോത് നിലവിൽ കുടുംബപരമായ ആവശ്യങ്ങൾക്കായി മധ്യപ്രദേശിലായതിനാൽ അദ്ദേഹം മടങ്ങിയെത്തിയ ശേഷം രാജി ഔദ്യോഗികമായി സ്വീകരിക്കും.
പ്രഭാതഭക്ഷണ മന്ത്രിസഭാ യോഗത്തിലാണ് രാജി പ്രഖ്യാപനം. ഡി.കെ ശിവകുമാറിന് പരിപൂര്‍ണ്ണ പിന്തുണ നല്‍കണമെന്നും മന്ത്രിമാരോട് സിദ്ധരാമയ്യ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെയും രാഹുല്‍ ഗാന്ധിയെയും സിദ്ധരാമയ്യ കാണും. ഹൈക്കമാന്റിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് മുഖ്യമന്ത്രി സ്ഥാനം ഡികെ ശിവകുമാറിന് സിദ്ധരാമയ്യ വിട്ടുനല്‍കുന്നത്. മകന് സുരക്ഷിതസ്ഥാനം നല്‍കണമെന്ന ഉറപ്പിന്മേലാണ് സിദ്ധരാമയ്യയുടെ പിന്‍വാങ്ങല്‍.
അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷം ആധികാരിക വിജയത്തോടെയാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക് തിരിച്ചുവന്നത്. എന്നാല്‍ മുഖ്യമന്ത്രി ആരെന്നതില്‍ ഉണ്ടായത് വലിയ ആശയക്കുഴപ്പമായിരുന്നു. 136 സീറ്റുകള്‍ നേടാന്‍ സംഘടനയെ പ്രാപ്തമാക്കിയത് ഡികെ ശിവകുമാര്‍ ആണെന്നും മുഖ്യമന്ത്രി ആക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടു. ദളിത് മുസ്ലിം വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കിയ സിദ്ധരാമയ്യ കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണയും ഉറപ്പിച്ചു. തുടർന്ന് ഒബിസി വിഭാഗത്തില്‍ നിന്നുള്ള നേതാവായതിനാല്‍ രണ്ടരവര്‍ഷം എന്ന ഹൈക്കമാന്റിന്റെ ധാരണയില്‍ മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്തു.
രണ്ടാം വര്‍ഷം ആരംഭിച്ചത് മുതല്‍ക്കുതന്നെ നേതൃമാറ്റ ചര്‍ച്ചകള്‍ ഡികെ പക്ഷം സജീവമാക്കി. കഴിഞ്ഞ നവംബറില്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയെങ്കിലും സ്ഥാനമൊഴിയാന്‍ സിദ്ധരാമയ്യ തയ്യാറായില്ല. ഒടുവില്‍ തിരഞ്ഞെടുപ്പിന് രണ്ടുവര്‍ഷം ബാക്കിനില്‍ക്കെ രാജ്യസഭാ സീറ്റ് ഏറ്റെടുത്ത് രാജിവെക്കണം എന്നായിരുന്നു ഹൈക്കമാന്റ് സിദ്ധരാമയ്യയ്ക്ക് നല്‍കിയ അന്തിമ നിര്‍ദ്ദേശം. തുടർന്നാണ് നേതൃമാറ്റം.
Change of government in Karnataka; Siddaramaiah resigns, DK Shivakumar takes over as CM















