ശിവഗിരി മഠം ട്രസ്റ്റ് തെരഞ്ഞെടുപ്പ്: സ്വാമി ഋതംബരാനന്ദ പ്രസിഡന്റായി ചുമതലയേറ്റു; അട്ടിമറിയെന്ന് സ്വാമി ശുഭാംഗാനന്ദ, ഭിന്നത രൂക്ഷം

വർക്കല: ശിവഗിരി മഠം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റായി സ്വാമി ഋതംബരാനന്ദ ചുമതലയേറ്റു. സ്വാമി വിശുദ്ധാനന്ദയെ ജനറൽ സെക്രട്ടറിയായും സ്വാമി ശാരദാനന്ദയെ ട്രഷററായും തെരഞ്ഞെടുത്തു. മഠത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകുന്ന രീതിയായിരിക്കും തന്റേതെന്ന് ചുമതലയേറ്റ ശേഷം സ്വാമി ഋതംബരാനന്ദ മാധ്യമങ്ങളോട് വ്യക്തമാക്കി. എല്ലാ രാഷ്ട്രീയ പാർട്ടികളോടും തുല്യനിലപാടായിരിക്കും മഠത്തിനുണ്ടാകുകയെന്നും വികസന പ്രവർത്തനങ്ങൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഭാരവാഹി തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത കൂറുമാറ്റവും തിരിച്ചടികളും ശിവഗിരി മഠത്തിലെ ആഭ്യന്തര ഭിന്നത മറനീക്കി പുറത്തുകൊണ്ടുവന്നു. ആദ്യഘട്ടത്തിൽ മുൻതൂക്കം ലഭിച്ച പാനലിന് നേതൃത്വം നൽകിയ സ്വാമി ശുഭാംഗാനന്ദ, ഋതംബരാനന്ദ സ്വാമികളുടെ മറുപക്ഷത്തേക്കുള്ള നീക്കത്തെ അതിരൂക്ഷമായി വിമർശിച്ചു. രാവിലെ എട്ടര വരെ തങ്ങളോടൊപ്പം ഉണ്ടായിരുന്ന സ്വാമി ഋതംബരാനന്ദ എതിർപക്ഷത്തേക്ക് പോയതാണ് പരാജയത്തിന് കാരണമായതെന്നും അപ്രതീക്ഷിതമായ ഈ അട്ടിമറിക്ക് പിന്നിൽ അധികാരമോഹമാണെന്നും സ്വാമി ശുഭാംഗാനന്ദ ആരോപിച്ചു.

പ്രസിഡന്റ് സ്ഥാനത്ത് താല്പര്യമുണ്ടെന്ന് സ്വാമി ഋതംബരാനന്ദ മുൻകൂട്ടി അറിയിച്ചിരുന്നെങ്കിൽ ആ സ്ഥാനം നൽകാൻ തങ്ങൾ തയ്യാറായിരുന്നുവെന്നും ശുഭാംഗാനന്ദ കൂട്ടിച്ചേർത്തു. എന്നാൽ ഈ ആരോപണങ്ങളോട് പ്രതികരിക്കാതിരുന്ന സ്വാമി ഋതംബരാനന്ദ, പരമാവധി യോജിച്ചുപോകുന്ന ശൈലിയാകും തന്റേതെന്നും ഒരു രാഷ്ട്രീയ പാർട്ടിയുടെയും മുഖം മഠത്തിന് ഉണ്ടാകില്ലെന്നും വ്യക്തമാക്കി.

Sivagiri Mutt Trust Election: Swami Rithambarananda Takes Charge as President Amid Allegations of Coup and Internal Rift

More Stories from this section

family-dental
witywide