
ചീഫ് ജസ്റ്റിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റ് പങ്കുവെച്ച സംഭവത്തിൽ കെപിസിസി ഭാരവാഹികൾക്കെതിരെ സുപ്രീം കോടതി സ്വമേധയാ കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. നീതിന്യായ വ്യവസ്ഥയുടെയും കോടതിയുടെയും അധികാരത്തെയും അന്തസ്സിനെയും ചോദ്യം ചെയ്യുന്ന ഇത്തരം നടപടികളെ ശക്തമായി നേരിടുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസിൽ കോടതിയുടെ വിശദമായ പരിശോധനകൾക്കായി സുപ്രീം കോടതി ഒരു അമിക്കസ് ക്യൂറിയെയും നിയമിച്ചിട്ടുണ്ട്.
ഒക്ടോബർ 12-നാണ് കെപിസിസിയുടെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ വിവാദപരമായ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. “പ്രിയ സൂര്യകാന്ത്, നിയമവും വ്യവസ്ഥയും നിങ്ങളുടെ പരിധിയിലല്ലെങ്കിൽ ഇപ്പോൾ തന്നെ രാജി വെക്കൂ. അത് കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരാളെ ഞങ്ങൾ കണ്ടെത്തിക്കൊള്ളാം” എന്നായിരുന്നു പോസ്റ്റിലെ ഉള്ളടക്കം. ഈ പോസ്റ്റ് പിന്നീട് നീക്കം ചെയ്തെങ്കിലും മിനിറ്റുകൾക്കുള്ളിൽ തന്നെ സംഭവം വലിയ രീതിയിൽ പ്രചരിക്കപ്പെട്ടിരുന്നു.
കേസ് പരിഗണിച്ച വേളയിൽ കെപിസിസിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ നിരുപാധികം മാപ്പ് അപേക്ഷിച്ചെങ്കിലും സുപ്രീം കോടതി അത് സ്വീകരിക്കാൻ തയാറായില്ല. ആദ്യം പരസ്യമായി താറടിച്ചു കാണിച്ച ശേഷം വന്ന് മാപ്പ് പറയുന്നതിൽ കാര്യമില്ലെന്ന് കോടതി രൂക്ഷമായി വിമർശിച്ചു. ചീഫ് ജസ്റ്റിനെയും നീതിന്യായ വ്യവസ്ഥയെയും തരംതാഴ്ത്താൻ ബോധപൂർവമായ ശ്രമം നടന്നതായി വിലയിരുത്തിയ കോടതിയുടെ നോട്ടീസിന് വരും ദിവസങ്ങളിൽ കെപിസിസി ഭാരവാഹികൾ മറുപടി നൽകേണ്ടി വരും.
Derogatory Post Against Chief Justice: Supreme Court Issues Contempt Notice to All KPCC Office Bearers













