മൊഗാദിഷു: തുർക്കിഷ് ആയുധങ്ങളുമായി പോയ കാമറൂൺ പതാകയുള്ള ചരക്കുകപ്പൽ സൊമാലിയൻ തീരത്ത് കടൽക്കൊള്ളക്കാർ തട്ടിയെടുത്തു. കപ്പലിലുണ്ടായിരുന്ന 10 അംഗ ജീവനക്കാരിൽ ആറു പേർ ഇന്ത്യക്കാരാണെന്ന് സൊമാലിയൻ ഉദ്യോഗസ്ഥൻ അറിയിച്ചു.
M/V LUTUF എന്ന ചരക്കുകപ്പലാണ് തിങ്കളാഴ്ച കടൽക്കൊള്ളക്കാർ പിടിച്ചെടുത്തത്. പുന്റ്‌ലാൻഡിലെ ഈൽ ജില്ലയിൽ മാരായ തീരത്ത് നിന്ന് ഏകദേശം മൂന്നര നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ പിടിച്ചെടുത്തത്. തുടർന്ന് കപ്പൽ നൂഗാൽ തീരത്തേക്ക് കൊണ്ടുപോയി.
പോളാർ മൂവ്‌മെന്റ് ഷിപ്പിംഗ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലിൽ മൊഗാദിഷുവിലെ തുർക്കിഷ് സൈനിക പരിശീലന കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്ന ആയുധങ്ങളായിരുന്നു ഉണ്ടായിരുന്നത്. ആശയവിനിമയ ഉപകരണങ്ങളും ഉപഗ്രഹ ഉപകരണങ്ങളും കപ്പലിലുണ്ടായിരുന്നു.
കപ്പലിലെ ജീവനക്കാരിൽ ആറു ഇന്ത്യക്കാർക്ക് പുറമെ ഒരു തുർക്കി പൗരനും ഒരു ജോർജിയൻ പൗരനും രണ്ട് സെർബിയൻ സുരക്ഷാ ജീവനക്കാരുമുണ്ടായിരുന്നു. സംഭവത്തിൽ തുർക്കി അധികൃതർ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
ഏപ്രിൽ 26ന് M/V Sward എന്ന കപ്പൽ തട്ടിയെടുത്ത സംഘവുമായി ബന്ധമുള്ളവരെന്ന് കരുതുന്ന എട്ട് കടൽക്കൊള്ളക്കാരാണ് LUTUF പിടിച്ചെടുത്തതെന്നാണ് വിവരം. തട്ടിയെടുത്ത കപ്പലിന് സമീപത്തേക്ക് പിന്നീട് തുർക്കിയുടെ ഉടമസ്ഥതയിലുള്ള രണ്ട് കപ്പലുകൾ എത്തിയതായി സൊമാലിയൻ ഉദ്യോഗസ്ഥൻ പറഞ്ഞു. തുർക്കിഷ് ഹെലികോപ്റ്ററുകളും ഡ്രോണുകളും പ്രദേശത്ത് നിരീക്ഷണം നടത്തി.
കപ്പലിലുണ്ടായിരുന്ന ആറു ഇന്ത്യക്കാരുടെയും മറ്റ് ജീവനക്കാരുടെയും നിലവിലെ സ്ഥിതിയും കപ്പലിലെ ആയുധങ്ങളും മറ്റ് ചരക്കുകളും സംബന്ധിച്ച വിവരങ്ങളും ഇതുവരെ വ്യക്തമായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ സ്വതന്ത്രമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് അസോസിയേറ്റഡ് പ്രസ് (AP) റിപ്പോർട്ട് ചെയ്തു.
Six Indians among crew of cargo ship carrying Turkish weapons hijacked off Somalia









