ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലിന് നേരെ ഡ്രോൺ ആക്രമണം; യുഎന്നിൻ്റെ രക്ഷാദൗത്യം താൽക്കാലികമായി നിർത്തിവെച്ചു

ലണ്ടൻ/മനാമ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലിന് നേരെ ഉണ്ടായ മിസൈൽ-ഡ്രോൺ ആക്രമണത്തെ തുടർന്ന് മേഖലയിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെയും നാവികരെയും പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യം ഐക്യരാഷ്ട്രസഭ താൽക്കാലികമായി നിർത്തിവെച്ചു. യുഎന്നിൻ്റെ കീഴിലുള്ള സമുദ്ര സുരക്ഷാ ഏജൻസിയായ ഇൻ്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ ആണ് കപ്പലുകളുടെ ഒഴിപ്പിക്കൽ പദ്ധതി അടിയന്തിരമായി നിർത്തിവെച്ചതായി പ്രഖ്യാപിച്ചത്.

സിംഗപ്പൂർ പതാകയേന്തിയ ‘എവർ ലൗലി’ എന്ന കണ്ടെയ്നർ കപ്പലിന് നേരെയാണ് ഒമാൻ തീരത്തിന് സമീപം വെച്ച് ആക്രമണമുണ്ടായത്. ആക്രമണത്തിൽ കപ്പലിൻ്റെ ബ്രിഡ്ജിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ജീവനക്കാർ ആരും പരിക്കേൽക്കാതെ സുരക്ഷിതരാണെന്ന് ബ്രിട്ടീഷ് മാരിടൈം ഏജൻസി അറിയിച്ചു. കപ്പലിന് നേരെ ആക്രമണം നടത്തിയത് ഇറാൻ്റെ ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് ആണെന്ന് അമേരിക്കൻ പ്രതിരോധ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ച യുദ്ധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിൽ അറുന്നൂറോളം കപ്പലുകളും പതിനൊന്നായിരത്തിലധികം നാവികരും മാസങ്ങളായി കുടുങ്ങിക്കിടക്കുകയാണ്. ഇവരെ സുരക്ഷിതമായി പുറത്തെത്തിക്കാനായി യുഎൻ ഈ ആഴ്ചയാണ് പ്രത്യേക ഒഴിപ്പിക്കൽ പാത രൂപീകരിച്ച് ദൗത്യം ആരംഭിച്ചത്.

ആക്രമണത്തിനിരയായ ‘എവർ ലൗലി’ യുഎന്നിൻ്റെ ഔദ്യോഗിക രക്ഷാദൗത്യത്തിൻ്റെ ഭാഗമായിരുന്നില്ലെങ്കിലും മേഖലയിലെ സുരക്ഷാ സാഹചര്യം മുൻനിർത്തി ദൗത്യം താൽക്കാലികമായി നിർത്തുകയാണെന്ന് ഐഎംഒ സെക്രട്ടറി ജനറൽ ആർസെനിയോ ഡൊമിംഗുവസ് വ്യക്തമാക്കി. നാവികരുടെ ജീവനാണ് തങ്ങൾക്ക് പരമപ്രധാനമെന്നും, സുരക്ഷാ ഉറപ്പുകൾ പുനഃപരിശോധിച്ച ശേഷം മാത്രമേ ദൗത്യം പുനരാരംഭിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎന്നും ഒമാനും ചേർന്ന് ഒമാൻ തീരത്തുകൂടി പ്രഖ്യാപിച്ച പുതിയ ഒഴിപ്പിക്കൽ പാത തങ്ങൾക്ക് സ്വീകാര്യമല്ലെന്ന് ഇറാൻ്റെ റെവല്യൂഷണറി ഗാർഡ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. തങ്ങൾ നിശ്ചയിച്ചിട്ടുള്ള ഔദ്യോഗിക പാതകളിലൂടെയല്ലാതെ കടന്നുപോകുന്ന കപ്പലുകളുടെ സുരക്ഷയ്ക്ക് തങ്ങൾ ഉത്തരവാദികളല്ലെന്നും, നിയമലംഘനം നടത്തുന്ന കപ്പലുകൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ഇറാൻ്റെ ‘പേർഷ്യൻ ഗൾഫ് സ്ട്രെയ്റ്റ് അതോറിറ്റി’ വ്യക്തമാക്കി. ഇതിന് തൊട്ടുപിന്നാലെയാണ് കപ്പലിന് നേരെ ആക്രമണമുണ്ടായത്.

അമേരിക്കയും ഇറാനും തമ്മിൽ ജൂൺ പകുതിയോടെ ഒപ്പുവെച്ച താൽക്കാലിക വെടിനിർത്തൽ ധാരണയ്ക്ക് തൊട്ടുപിന്നാലെ ഉണ്ടായ ഈ ആക്രമണം ആഗോള തലത്തിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ലോകത്തെ ആകെ എണ്ണ വിതരണത്തിൻ്റെ വലിയൊരു പങ്കും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിൽ വീണ്ടും സംഘർഷം ഉടലെടുത്തത് അന്താരാഷ്ട്ര ഇന്ധന വിപണിയെയും ആഗോള കപ്പൽ ഗതാഗതത്തെയും പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ.

Drone attack on cargo ship in Strait of Hormuz; UN rescue mission temporarily suspended

More Stories from this section

family-dental
witywide