
വാഷിംഗ്ടൺ: ‘എല്ലാ മനുഷ്യരും സമന്മാരായി സൃഷ്ടിക്കപ്പെട്ടു’ എന്ന അമേരിക്കയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിലെ അടിസ്ഥാന തത്വത്തെ തള്ളിക്കളയുന്ന ‘സമത്വവിരുദ്ധ’ ആശയങ്ങൾ യുഎസിൽ പടരുന്നതായി റിപ്പോർട്ട്. രാജ്യം കടുത്ത സാമ്പത്തിക അസമത്വത്തിലൂടെ കടന്നുപോകുന്നതിനിടെയാണ്, സമത്വം ഒരു മിഥ്യയാണെന്നും കടുത്ത സാമൂഹിക-സാമ്പത്തിക വേർതിരിവുകൾ രാജ്യത്തിന് നല്ലതാണെന്നും വാദിക്കുന്ന പ്രമുഖരുടെ എണ്ണം വർദ്ധിക്കുന്നത്.
ചരിത്രകാരിയും പുലിറ്റ്‌സർ പുരസ്‌കാര നാമനിർദ്ദേശം ലഭിച്ച എഴുത്തുകാരിയുമായ കിം ഫിലിപ്‌സ്-ഫീൻ എഴുതിയ ‘കൺട്രി ഓഫ് ലോർഡ്‌സ്: നിയോ-അരിസ്റ്റോക്രാറ്റ്‌സ്, സോഷ്യൽ ഡാർവിനിസ്റ്റ്സ്, ടെക് യുട്ടോപ്യൻസ്, ആൻഡ് ദി ലോംഗ് ഫൈറ്റ് എഗെയിൻസ്റ്റ് ഇക്വാലിറ്റി ഇൻ അമേരിക്ക’ എന്ന പുതിയ പുസ്തകത്തിലാണ് ഈ പ്രതിലോമകരമായ ആശയങ്ങളുടെ വേരുകൾ വ്യക്തമാക്കുന്നത്. എലോൺ മസ്‌ക്, പീറ്റർ തീൽ തുടങ്ങിയ സിലിക്കൺ വാലിയിലെ വ്യവസായ പ്രമുഖർ മുതൽ ജോൺ ആഡംസ്, ഹെൻറി ഫോർഡ് തുടങ്ങിയ മുൻകാല പ്രമുഖർ വരെ ഈ ചിന്താഗതിയെ പിന്തുണച്ചിരുന്നതായി പുസ്തകം ചൂണ്ടിക്കാണിക്കുന്നു.
പണം ഉള്ളവരും കഠിനാധ്വാനം ചെയ്യുന്നവരും കൂടുതൽ ബുദ്ധിയുള്ളവരാണെന്നും പാവപ്പെട്ടവർ അവരുടെ തെറ്റായ തീരുമാനങ്ങൾ കൊണ്ടാണ് ദരിദ്രരായി തുടരുന്നതെന്നുമുള്ള വാദങ്ങളാണ് ഈ വിഭാഗം ഉയർത്തുന്നത്. ജനാധിപത്യ ഭരണകൂടങ്ങളേക്കാൾ കൂടുതൽ അധികാരം കേന്ദ്രീകരിച്ച സ്വേച്ഛാധിപത്യ മോഡലുകളാണ് നല്ലതെന്നും, സഹതാപവും കരുണയും ദൗർബല്യമാണെന്നും ഇവർ പ്രചരിപ്പിക്കുന്നു. സമ്പത്തും അധികാരവും ഒരു ചെറിയ വിഭാഗം ആളുകളിൽ മാത്രം കേന്ദ്രീകരിക്കുന്ന യുഎസിലെ നിലവിലെ സാമ്പത്തിക അന്തരീക്ഷമാണ് ഇത്തരം ആശയങ്ങൾക്ക് ആഗോളതലത്തിൽ വൻ പ്രചാരം നൽകുന്നത്.














