
ഇ.ഡി. കേസിൽ ഉൾപ്പെട്ട പ്രതികൾ പോലീസ് സ്റ്റേഷന് മുന്നിൽ ഊഞ്ഞാലാടിയും അത്തപ്പൂക്കളമൊരുക്കിയും ഓണാഘോഷം സംഘടിപ്പിച്ച സംഭവത്തിൽ അന്വേഷണത്തിന് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. നിർദ്ദേശം നൽകി. തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ സി.പി.എം. മുൻ കൗൺസിലറും പ്രതിയുമായ ഐ.പി. ബിനുവിന്റെ നേതൃത്വത്തിലായിരുന്നു ആഘോഷം നടന്നതും റീൽസ് ചിത്രീകരിച്ചതും. സ്റ്റേഷനിലെ പോലീസുകാരുടെ അതേ നിറത്തിലുള്ള ഷർട്ട് ധരിച്ചാണ് ബിനുവും ആഘോഷത്തിൽ പങ്കെടുത്തത്. സംഭവത്തിൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പോലീസ് സ്റ്റേഷനിൽ തനിക്ക് വലിയ സ്വാധീനമുണ്ടെന്ന് വരുത്തിത്തീർത്ത് കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ പ്രതി ശ്രമിക്കുകയാണെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ഐ.പി. ബിനുവിന്റെ ജാമ്യം റദ്ദാക്കാനുള്ള നടപടികൾ പോലീസ് ആരംഭിച്ചു. ഇതിനായി കോടതിയിൽ ഉടൻ അപേക്ഷ നൽകും. അതേസമയം, ബിനുവിനെ ആഘോഷത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും കേസിൽ ഒപ്പിടാൻ എത്തിയതായിരുന്നു എന്നുമാണ് മ്യൂസിയം പോലീസിന്റെ വിശദീകരണം.
ഷർട്ടിന്റെ നിറം ഒരേപോലെയായത് യാദൃശ്ചികമാണെന്ന് ഐ.പി. ബിനു പ്രതികരിച്ചു. സംഭവം വിവാദമായതോടെ പോലീസുകാർ സ്റ്റേഷൻ മുറ്റത്തെ ഊഞ്ഞാൽ അഴിച്ചുമാറ്റിയിട്ടുണ്ട്. പോലീസുകാരുടെ വീഴ്ചയിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് പരാതി നൽകുമെന്ന് യൂത്ത് കോൺഗ്രസ് നേതൃത്വം അറിയിച്ചു.
ED Case Accused Celebrates Onam Outside Police Station: ADGP Orders Probe; Police Move to Cancel Bail













