സംസ്ഥാനത്തെ ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.07 ആണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തിലും ഫുൾ എ പ്ലസ് നേടിയവരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. ആകെ പരീക്ഷ എഴുതിയ 4,14,290 വിദ്യാർത്ഥികളിൽ 4,10,412 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 30,514 വിദ്യാർത്ഥികൾക്കാണ് ഇത്തവണ എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചത്. കഴിഞ്ഞ വർഷം ഇത് 61,449 ആയിരുന്നു. പുതിയ സിലബസും ചോദ്യപേപ്പർ രീതിയിലുണ്ടായ മാറ്റവുമാകാം എ പ്ലസുകളുടെ എണ്ണം കുറയാൻ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. 1986 ലെ എസ്എസ്എൽസി മൂന്നാം റാങ്കുകാരിയായ പൊതുവിദ്യാഭ്യാസ പ്രിസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫാണ് ഫല പ്രഖ്യാപനം നടത്തിയത്.
വിജയശതമാനത്തിൽ ഇത്തവണയും പെൺകുട്ടികളാണ് മുന്നിൽ നിൽക്കുന്നത്. 99.22 ശതമാനം പെൺകുട്ടികൾ ഉന്നത പഠനത്തിന് യോഗ്യത നേടി. ഫുൾ എ പ്ലസ് നേടിയവരിലും പെൺകുട്ടികൾ തന്നെയാണ് മികച്ചുനിൽക്കുന്നത് (20,771 പേർ). ആൺകുട്ടികളിൽ 9,743 പേർക്ക് മാത്രമാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്. റവന്യൂ ജില്ലകളിൽ പത്തനംതിട്ടയാണ് വിജയശതമാനത്തിൽ മുന്നിൽ. വിദ്യാഭ്യാസ ജില്ലകളിൽ 100 ശതമാനം വിജയവുമായി കുട്ടനാട് ഒന്നാമതെത്തി. ഗൾഫ് മേഖലയിൽ പരീക്ഷ എഴുതിയ 631 വിദ്യാർത്ഥികളും വിജയിച്ചപ്പോൾ ലക്ഷദ്വീപിൽ 97.67 ശതമാനം വിജയമാണ് രേഖപ്പെടുത്തിയത്.
പരീക്ഷാ ഫലം ഔദ്യോഗിക വെബ്‌സൈറ്റുകൾക്ക് പുറമെ ഡിജി ലോക്കറിലും വാട്സാപ്പ് സന്ദശമായും ലഭ്യമാകും. സേ (SAY) പരീക്ഷ ജൂൺ ആദ്യവാരം നടത്താനാണ് തീരുമാനം. ഇതിന്റെ ഫലം ജൂൺ അവസാനത്തോടെ പ്രഖ്യാപിക്കും. പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് മെയ് 16 മുതൽ 21 വരെ അപേക്ഷിക്കാവുന്നതാണ്. 72 ക്യാമ്പുകളിലായി നടന്ന മൂല്യനിർണ്ണയത്തിന് ശേഷമാണ് റെക്കോർഡ് വേഗത്തിൽ ഫലപ്രഖ്യാപനം നടത്തിയത്.
ഫുൾ എ പ്ലസ് നേടിയവരുടെ എണ്ണത്തിൽ പകുതിയോളം കുറവുണ്ടായ സാഹചര്യം വിദ്യാഭ്യാസ വകുപ്പ് ഗൗരവമായി പരിശോധിക്കും. കൊല്ലം ജില്ലയിലാണ് കൂടുതൽ വിദ്യാർത്ഥികൾക്ക് എ പ്ലസ് ലഭിച്ചത് (11.6 ശതമാനം). പ്രൈവറ്റ് വിഭാഗത്തിൽ പരീക്ഷ എഴുതിയ 251 പേരിൽ 189 പേർ വിജയിച്ചു (75.3%). പുതിയ ഭരണകൂടം ചുമതലയേൽക്കുന്നതിന് മുൻപായി തന്നെ വിദ്യാഭ്യാസ വകുപ്പ് കൃത്യസമയത്ത് ഫലപ്രഖ്യാപനം പൂർത്തിയാക്കി.
SSLC Results Declared: 99.07% Pass Percentage; Significant Drop in Full A+ Holders












