പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച കാറിടിച്ച് തട്ടുകട ഉടമ മരിച്ച കേസ്: ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു, പൊതുബോധത്തിന് കീഴ്‌പ്പെടാനാകില്ലെന്ന് കോടതി

കൊച്ചി: ചേരാനല്ലൂരിൽ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച ആഡംബര കാറിടിച്ച് തട്ടുകട ഉടമ മരിച്ച സംഭവത്തിൽ പ്രതിയായ അഡീഷണൽ സെഷൻസ് ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കേസിൽ പ്രതിചേർക്കപ്പെട്ട അഡീഷണൽ ജഡ്ജി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് ഉത്തരവിട്ടത്.

സർവീസിലിരിക്കുന്ന ജുഡീഷ്യൽ ഓഫീസർ അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്നും ഈ സാഹചര്യത്തിൽ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട അടിയന്തര സാഹചര്യം എന്താണെന്നും കോടതി ആരാഞ്ഞു. മാധ്യമങ്ങളുടെയോ പൊതുജനങ്ങളുടെയോ വികാരത്തിനനുസരിച്ച് നിയമനടപടികൾ സ്വീകരിക്കരുതെന്ന് കോടതി അന്വേഷണ സംഘത്തിന് മുന്നറിയിപ്പ് നൽകി.

അറസ്റ്റ് തടഞ്ഞ കോടതി, വ്യവസ്ഥകൾക്ക് വിധേയമായി വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ ജഡ്ജിയോട് നിർദ്ദേശിച്ചു. സുപ്രീം കോടതി നിർദ്ദേശിച്ച കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം ചോദ്യം ചെയ്യലെന്നും കോടതി വ്യക്തമാക്കി.

കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ ചേരാനല്ലൂർ കണ്ടെയ്നർ റോഡിലാണ് അപകടമുണ്ടായത്. പതിനേഴുകാരനായ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് തട്ടുകട ഉടമയായ ജയബാലകൃഷ്ണൻ (55) മരണപ്പെട്ടിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടിക്ക് വാഹനം നൽകിയതിനാണ് മോട്ടോർ വാഹന നിയമപ്രകാരം കാറിന്റെ ഉടമയായ ജഡ്ജിയെ കേസിൽ പ്രതിചേർത്തത്. എന്നാൽ തന്റെ അറിവോ സമ്മതമോ കൂടാതെയാണ് മകൻ കാറെടുത്തതെന്നാണ് ജഡ്ജിയുടെ വാദം. കേസ് കൂടുതൽ വാദത്തിനായി അടുത്ത ദിവസങ്ങളിലേക്ക് മാറ്റി.

Case involving the death of a roadside food stall owner after being hit by a car driven by a minor: High Court stays the arrest of the judge.

More Stories from this section

family-dental
witywide