ട്രംപിനെ പ്രസിഡന്‍റാക്കിയത് വലിയ തെറ്റായിപ്പോയി; അമേരിക്കൻ ജനതയോട് പരസ്യമായി ക്ഷമ ചോദിച്ച് ടക്കർ കാൾസൺ

ഡോണാൾഡ് ട്രംപിനെ അമേരിക്കൻ പ്രസിഡന്‍റായി വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തിക്കാൻ സഹായിച്ചതിൽ താൻ ഖേദിക്കുന്നുവെന്ന് അമേരിക്കൻ മാധ്യമപ്രവർത്തകനും ട്രംപിന്റെ ഉറ്റ അനുയായിയുമായ ടക്കർ കാൾസൺ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ട്രംപിനായി സജീവമായി രംഗത്തുണ്ടായിരുന്ന കാൾസൺ, ജനങ്ങളെ തെറ്റായ തീരുമാനത്തിലേക്ക് നയിച്ചതിൽ പരസ്യമായി ക്ഷമ ചോദിച്ചു. തിങ്കളാഴ്ച പുറത്തിറങ്ങിയ തന്റെ പോഡ്കാസ്റ്റ് എപ്പിസോഡിലൂടെയാണ് ട്രംപിന്റെ ‘മാഗ’ (MAGA) കൂട്ടായ്മയുടെ മുൻനിരക്കാരനായിരുന്ന കാൾസൺ നിലപാട് വ്യക്തമാക്കിയത്.

ഇറാനുമായുള്ള യുദ്ധസാഹചര്യത്തെ ചൊല്ലി ട്രംപുമായി ഉടലെടുത്ത കടുത്ത ഭിന്നതയാണ് കാൾസണെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്. അമേരിക്കയുടെ വിദേശ സൈനിക ഇടപെടലുകളെ ശക്തമായി എതിർക്കുന്ന കാൾസൺ, ഇറാനെതിരെ ട്രംപ് നടത്തിയ യുദ്ധഭീഷണികളിൽ പ്രകോപിതനാണ്. ഇറാനെ ‘നരകമാക്കി മാറ്റും’ എന്ന ട്രംപിന്റെ പ്രസ്താവന തന്നെ ഞെട്ടിച്ചുവെന്നും പ്രസിഡന്റിന്റെ നിലപാടുകൾ തിന്മ നിറഞ്ഞതാണെന്നും കാൾസൺ തുറന്നടിച്ചു.

നേരത്തെ ട്രംപിനായി പ്രസംഗങ്ങൾ എഴുതിയിരുന്ന സഹോദരൻ ബക്ലിയോട് സംസാരിക്കവേ, ഈ തീരുമാനം തന്നെ ദീർഘകാലം വേട്ടയാടുമെന്ന് കാൾസൺ പറഞ്ഞു. താൻ ജനങ്ങളെ തെറ്റായ വഴിയിലൂടെ നയിച്ചുവെന്നും ഇത് തന്റെ മനസാക്ഷിയുമായി മല്ലിടുന്ന നിമിഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫോക്സ് ന്യൂസിലെ പ്രമുഖ അവതാരകനായിരുന്ന കാലം മുതൽ ട്രംപിന്റെ വിശ്വസ്തനായിരുന്ന കാൾസൺ, ജെ.ഡി. വാൻസിനെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയാക്കുന്നതിലും നിർണ്ണായക പങ്ക് വഹിച്ചിരുന്നു.

അതേസമയം, കാൾസന്റെ വിമർശനങ്ങളോട് പരിഹാസത്തോടെയാണ് ട്രംപ് പ്രതികരിച്ചത്. കാൾസൺ ഒരു നല്ല സൈക്യാട്രിസ്റ്റിനെ കാണണമെന്നും ബുദ്ധിശക്തി കുറഞ്ഞ വ്യക്തിയാണ് അദ്ദേഹമെന്നും ട്രംപ് സോഷ്യൽ മീഡിയയിലൂടെ തിരിച്ചടിച്ചു. ഇറാൻ വിഷയത്തിൽ ട്രംപിനെ എതിർക്കുന്ന കൺസർവേറ്റീവ് വിമർശകരെല്ലാം ‘മണ്ടന്മാരാണെന്നും’ ട്രംപ് പരിഹസിച്ചു. ഒരു കാലത്ത് ട്രംപിന്റെ നിഴലായി നിന്നിരുന്ന കാൾസന്റെ ഈ പിന്മാറ്റം അമേരിക്കൻ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

“Supporting Trump was a mistake,” says Tucker Carlson as he apologizes for misleading voters

Also Read

More Stories from this section

family-dental
witywide