ട്രംപ് ഭരണകൂടത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം, പ്രതിയുടെ പക്കൽ രണ്ട് തോക്കുകളും കഠാരകളും; വെളിപ്പെടുത്തലുമായി ആക്ടിങ് അറ്റോർണി ജനറൽ

വാഷിംഗ്ടൺ: വൈറ്റ് ഹൗസ് കറസ്‌പോണ്ടന്‍റ്സ് ഡിന്നറിനിടെയുണ്ടായ വെടിവെപ്പിൽ അക്രമി ലക്ഷ്യമിട്ടത് ട്രംപ് ഭരണകൂടത്തിലെ അംഗങ്ങളെയാണെന്ന് ആക്ടിങ് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ച് വെളിപ്പെടുത്തി. പ്രാഥമിക അന്വേഷണത്തിൽ നിന്നാണ് ഇക്കാര്യം വ്യക്തമായതെന്നും കൃത്യമായ ലക്ഷ്യങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും അദ്ദേഹം സി.എൻ.എന്നിനോട് പറഞ്ഞു. അക്രമിയുടെ ലക്ഷ്യമെന്തായിരുന്നുവെന്ന് മനസ്സിലാക്കാൻ അന്വേഷണ സംഘം ഊർജിതമായ ശ്രമത്തിലാണ്.

ശനിയാഴ്ച രാത്രി തന്നെ പ്രതിയുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പെടെയുള്ളവ പരിശോധിച്ചതായും ഇയാളുമായി ബന്ധമുള്ളവരെ ചോദ്യം ചെയ്തതായും ബ്ലാഞ്ച് അറിയിച്ചു. ലോസ് ഏഞ്ചൽസിൽ നിന്ന് ചിക്കാഗോ വഴി ട്രെയിൻ മാർഗമാണ് പ്രതി വാഷിംഗ്ടൺ ഡി.സിയിൽ എത്തിയത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെയാണ് ഇയാൾ തന്റെ പക്കലുണ്ടായിരുന്ന രണ്ട് തോക്കുകൾ വാങ്ങിയത്. തോക്കുകൾക്ക് പുറമെ ഇയാളുടെ പക്കൽ നിന്ന് കഠാരകളും കണ്ടെടുത്തു. പ്രതിയെക്കുറിച്ചുള്ള മുൻകാല വിവരങ്ങളും സുരക്ഷാ ഏജൻസികൾ പരിശോധിച്ച് വരികയാണ്.

പ്രതിയെ നാളെ രാവിലെ ഫെഡറൽ കോടതിയിൽ ഹാജരാക്കും. നിലവിൽ ഇയാൾ അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുന്നില്ലെന്നും കൂടുതൽ വകുപ്പുകൾ ചേർത്ത് കേസെടുക്കുമെന്നും ബ്ലാഞ്ച് കൂട്ടിച്ചേർത്തു. അക്രമത്തിന്റെ പിന്നിലെ ഗൂഢാലോചനയെക്കുറിച്ചും മറ്റാരുടെയെങ്കിലും സഹായം പ്രതിക്ക് ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും വ്യക്തത വരുത്താൻ അന്വേഷണ ഏജൻസികൾ രാത്രിയോടെ നിരവധി ഇടങ്ങളിൽ സെർച്ച് വാറണ്ട് നടപ്പിലാക്കി കഴിഞ്ഞു.

More Stories from this section

family-dental
witywide