വാഷിങ്ടൺ: വൈറ്റ് ഹൗസിന് സമീപം സീക്രട്ട് സർവീസ് സുരക്ഷാ ഉദ്യോഗസ്ഥർക്കുനേരെ വെടിയുതിർത്ത യുവാവ് സീക്രട്ട് സർവീസ് ഏജന്റുമാരുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചു. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പ്രതി 21 കാരനായ നസൈർ ബെസ്റ്റാണെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മാനസികാരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട മുൻ രേഖകൾ ഇയാൾക്കുണ്ടായിരുന്നുവെന്നും അധികൃതർ അറിയിച്ചു.
പ്രാദേശിക സമയം വൈകിട്ട് ആറുമണിയോടെയാണ് വെടിവെപ്പ് നടന്നത്. വൈറ്റ് ഹൗസിന് സമീപമുള്ള 17-ാം സ്ട്രീറ്റിലും പെൻസിൽവാനിയ അവന്യൂവിലും എത്തിയ പ്രതി ബാഗിൽ നിന്ന് റിവോൾവർ പുറത്തെടുത്ത് വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ തിരിച്ചും വെടിവെച്ചു. ഗുരുതരമായി പരിക്കേറ്റ പ്രതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംഭവത്തിൽ ഒരു വഴിയാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥർക്കാർക്കും പരിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
സംഭവസമയത്ത് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിലുണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിന് അപകടമൊന്നുമുണ്ടായില്ല. “വേഗത്തിലും പ്രൊഫഷണൽ രീതിയിലും പ്രവർത്തിച്ച സീക്രട്ട് സർവീസിനും നിയമസംരക്ഷണ ഏജൻസികൾക്കും നന്ദി,” എന്ന് ട്രംപ് പിന്നീട് പ്രതികരിച്ചു. 2025 ജൂലൈയിൽ വൈറ്റ് ഹൗസിലേക്ക് കടക്കാൻ ശ്രമിച്ചതിനെ തുടർന്ന് നസൈർ ബെസ്റ്റിനെ മുമ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നുവെന്നും പിന്നീട് മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. സംഭവത്തെ തുടർന്ന് വൈറ്റ് ഹൗസിനും പരിസര പ്രദേശങ്ങൾക്കും കർശന സുരക്ഷ ഏർപ്പെടുത്തി.
A gunman who shot at a White House security checkpoint was killed in an exchange of fire with Secret Service agents on Saturday evening, officials have confirmed










