
വാഷിംഗ്ടൺ: അമേരിക്കയിലെ ലൂസിയാനയിൽ വച്ച് ഒളിവിലായിരുന്ന കടുത്ത കുറ്റവാളിയെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ യുഎസ് ഡെപ്യൂട്ടി മാർഷൽ വെടിയേറ്റ് മരിച്ചു. ലൂസിയാനയിലെ അലക്സാൻഡ്രിയയിലാണ് ഈ ദാരുണ സംഭവം നടന്നത്.
അലക്സാൻഡ്രിയയിലെ റട്ട്ലാൻഡ് റോഡ് പ്രദേശത്ത് ഒളിവുകഴിഞ്ഞിരുന്ന പ്രതിയെ പിടികൂടാൻ ‘യുഎസ് മാർഷൽസ് വയലൻ്റ് ഒഫൻഡർ ടാസ്ക് ഫോഴ്സും’ പ്രാദേശിക ഷെരീഫ് ഡിറ്റക്ടീവുകളും സംയുക്തമായി ഓപ്പറേഷൻ നടത്തുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായത്. പൊലീസിന് നേരെ വെടിയുതിർത്ത പ്രതി പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പിടികൊടുക്കാതെ ഏറെ നേരം ഒളിച്ചുനിന്നു. ഒടുവിൽ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ പരിക്കുകളോടെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിലവിൽ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
ഒരു ഫെഡറൽ ഉദ്യോഗസ്ഥൻ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട സാഹചര്യത്തിൽ, അമേരിക്കൻ കേന്ദ്ര അന്വേഷണ ഏജൻസിയായ എഫ്ബിഐ ആണ് കേസിൻ്റെ പ്രധാന അന്വേഷണ ചുമതല ഏറ്റെടുത്തിരിക്കുന്നത്. ലൂസിയാന സ്റ്റേറ്റ് പൊലീസും പ്രാദേശിക വകുപ്പുകളും അന്വേഷണത്തിൽ എഫ്ബിഐയെ സഹായിക്കുന്നുണ്ട്. കൊല്ലപ്പെട്ട ഡെപ്യൂട്ടി മാർഷലിൻ്റെയോ പിടിയിലായ പ്രതിയുടെയോ പേരുവിവരങ്ങൾ ഔദ്യോഗികമായി ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ യുഎസ് മാർഷൽസ് സർവീസ് ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തി.
US Deputy Marshal Shot Dead While Arresting Fugitive in Louisiana














