ജീവൻ്റെ ഉത്ഭവം തേടിയുള്ള യാത്രയിൽ നിർണായക കണ്ടെത്തൽ, വോയേജർ പേടകങ്ങൾ കടന്നുപോയ വഴിയിൽ പഞ്ചസാര സാന്നിധ്യം!

ന്യൂയോർക്ക്: പ്രപഞ്ചത്തിൻ്റെ ഉത്പത്തിയെക്കുറിച്ചും ഭൂമിയിലെ ജീവൻ്റെ തുടക്കത്തെക്കുറിച്ചുമുള്ള പഠനങ്ങളിൽ നിർണായക വഴിത്തിരിവ്. നക്ഷത്രങ്ങൾക്കിടയിലുള്ള ബഹിരാകാശ മേഖലയിൽ മധുരത്തിൻ്റെ സാന്നിധ്യം ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തി. റാസ്ബെറി പഴങ്ങളിലും സെൽഫ് ടാനറുകളിലും കാണപ്പെടുന്ന ‘എറിത്രൂലോസ്’ എന്ന തരം പഞ്ചസാര തന്മാത്രകളാണ് ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞത്.

നക്ഷത്രങ്ങൾക്കിടയിലുള്ള നേർത്ത വാതക-ധൂളീപടലങ്ങളിലാണ് ഇവ നിലനിൽക്കുന്നത്. ഭൂമിയിൽ നിന്നും ഏറ്റവും ദൂരേക്ക് സഞ്ചരിച്ച നാസയുടെ വോയേജർ പേടകങ്ങൾ കടന്നുപോയ മേഖലയിലാണിത്. സ്പെയിനിലെ രണ്ട് റേഡിയോ ദൂരദർശിനികൾ ഉപയോഗിച്ച് ക്ഷീരപഥത്തിൻ്റെ കേന്ദ്രത്തിനടുത്തുള്ള ഒരു വലിയ വാതക മേഘത്തിൽ നിന്നാണ് ഗവേഷകർ ഇതിനാവശ്യമായ വിവരങ്ങൾ ശേഖരിച്ചത്. ദൂരദർശിനിയിൽ നിന്നുള്ള സിഗ്നലുകളെ ലബോറട്ടറി സാമ്പിളുകളുമായി താരതമ്യം ചെയ്താണ് വാതക രൂപത്തിലുള്ള ഈ പഞ്ചസാരയെ തിരിച്ചറിഞ്ഞത്. ഇത് സംബന്ധിച്ച പഠനം പ്രമുഖ ശാസ്ത്ര മാസികയായ ‘നേച്ചർ അസ്ട്രോണമി’യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഡിഎൻഎയുടെ നിർമ്മാണത്തിനും കോശങ്ങളുടെ പ്രവർത്തനത്തിനും വിവിധ തരം പഞ്ചസാരകൾ അത്യാവശ്യമാണ്. അതിനാൽ ജീവൻ്റെ അടിസ്ഥാന ഘടകങ്ങൾ എങ്ങനെ രൂപപ്പെടുന്നു എന്ന് മനസ്സിലാക്കാൻ ശാസ്ത്രജ്ഞർ ഏറെ നാളായി ശ്രമിച്ചുവരികയാണ്. ഇപ്പോൾ കണ്ടെത്തിയ പഞ്ചസാര ജീവൻ്റെ നിലനിൽപ്പിന് നേരിട്ട് അത്യാവശ്യമുള്ളതല്ലെങ്കിലും, ഭൂമിയിൽ ജീവൻ്റെ തുടക്കത്തിന് കാരണമായേക്കാവുന്ന മറ്റ് പ്രധാന ഘടകങ്ങളിലേക്ക് എളുപ്പത്തിൽ രൂപാന്തരം പ്രാപിക്കാൻ ഇതിന് സാധിക്കും. ബഹിരാകാശത്ത് ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും സങ്കീർണ്ണമായ പഞ്ചസാര തന്മാത്രകളിൽ ഒന്നാണിത്.

ഭൂമിയിൽ ജീവൻ്റെ തുടക്കത്തിന് കാരണമായ ഘടകങ്ങൾ ഏതെങ്കിലും ഉൽക്കാപതനത്തിലൂടെ പുറത്തുനിന്ന് എത്തിയതാണോ, അതോ സൗരയൂഥം രൂപപ്പെടുന്നതിന് മുൻപ് തന്നെ ഇവിടെ ഉണ്ടായിരുന്നതാണോ എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ഈ കണ്ടെത്തൽ സഹായിക്കും. സൗരയൂഥം രൂപപ്പെടുന്നതിന് മുൻപ് തന്നെ ഈ ഘടകങ്ങൾ ഇവിടെ ഉണ്ടായിരുന്നു എന്ന വാദത്തിന് ബലം നൽകുന്നതാണ് പുതിയ കണ്ടെത്തൽ.

പ്രപഞ്ചത്തിൻ്റെ മറ്റ് ഭാഗങ്ങളിലും ജീവൻ രൂപപ്പെടാനുള്ള സാധ്യതകളിലേക്ക് ഈ കണ്ടെത്തൽ വിരൽ ചൂണ്ടുന്നതായി സ്പെയിനിലെ സെൻ്റർ ഫോർ അസ്ട്രോബയോളജിയിലെ അസ്ട്രോഫിസിസ്റ്റും പഠനത്തിൻ്റെ സഹരചയിതാവുമായ ഇസാസ്കുൻ ജിമെനെസ്-സെറ പറഞ്ഞു. വരും ദിവസങ്ങളിൽ ബഹിരാകാശത്ത് കൂടുതൽ പഞ്ചസാര തന്മാത്രകളെ കണ്ടെത്താനും അവയുടെ രൂപാന്തരങ്ങളെക്കുറിച്ച് പഠിക്കാനുമുള്ള തയ്യാറെടുപ്പിലാണ് ശാസ്ത്രലോകം.

Crucial discovery in the journey to find the origin of life: presence of sugar along the path of the Voyager probes

More Stories from this section

family-dental
witywide