
ന്യൂയോർക്ക്: ഐക്യരാഷ്ട്ര സംഘടന പൊതുസഭയിൽ കശ്മീർ വിഷയവും സിന്ധു നദീജല കരാറും ഉന്നയിച്ച് ഭീഷണി മുഴക്കിയ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് ശക്തമായ ഭാഷയിൽ മറുപടി നൽകി ഇന്ത്യ. പാക്കിസ്ഥാന്റേത് ഭീകരവാദവും വഞ്ചനയും ഇരട്ടത്താപ്പുമാണെന്ന് കുറ്റപ്പെടുത്തിയ ഇന്ത്യ, അതിർത്തി കടന്നുള്ള ഭീകരവാദത്തിന് അയൽരാജ്യം വലിയ വില നൽകേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി. യുഎന്നിലെ ഇന്ത്യൻ മിഷനിലെ ഫസ്റ്റ് സെക്രട്ടറി പെറ്റൽ ഗെലോട്ടാണ് ഇന്ത്യയുടെ ‘റൈറ്റ് ഓഫ് റിപ്ലൈ’ അവകാശം വിനിയോഗിച്ച് പാക്കിസ്ഥാനെതിരെ കടുത്ത ഭാഷയിൽ ആഞ്ഞടിച്ചത്.
പകൽ സമയത്ത് സുരക്ഷയെയും സമാധാനത്തെയും കുറിച്ച് സംസാരിക്കുകയും രാത്രിയിൽ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിലപാടാണ് പാക്കിസ്ഥാന്റേതെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. പാക്കിസ്ഥാനിൽ ഭരണാധികാരികളുടെ മുഖങ്ങൾ മാറിയേക്കാമെങ്കിലും, ഭീകരവാദത്തോടുള്ള അവരുടെ ഔദ്യോഗിക നയങ്ങളിൽ മാറ്റമില്ലെന്ന് ഇന്ത്യ ചൂണ്ടിക്കാണിച്ചു. ലോകത്തെ നടുക്കിയ 9/11 ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഒസാമ ബിൻ ലാദൻ പാക്കിസ്ഥാൻ മിലിട്ടറി അക്കാദമിയുടെ തൊട്ടടുത്താണ് ഒളിവിൽ കഴിഞ്ഞിരുന്നതെന്ന കാര്യം ആഗോള സമൂഹം മറക്കരുതെന്നും ഇന്ത്യ ഓർമ്മിപ്പിച്ചു.
സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ നടപടികൾക്കെതിരെ ഷെഹ്ബാസ് ഷെരീഫ് നടത്തിയ ‘യുദ്ധപ്രഖ്യാപന’ ഭീഷണിയെയും ഇന്ത്യ പൂർണ്ണമായി തള്ളി. നദീജല കരാറിന്റെ പേരിൽ ആഗോള വേദിയിൽ സഹതാപം പിടിച്ചുപറ്റാനുള്ള പാക്കിസ്ഥാന്റെ കപട നാടകമാണിത്. ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ആവർത്തിച്ച ഇന്ത്യൻ പ്രതിനിധി, പാക് അധീന കശ്മീരിൽ സാധാരണക്കാർക്ക് നേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ പാക്കിസ്ഥാൻ ഉടൻ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
India responded strongly to Pakistan Prime Minister Shehbaz Sharif, who issued threats while raising the Kashmir issue and the Indus Waters Treaty at the United Nations General Assembly.














