തമിഴ്നാട് തീരുമാനം എതിർക്കും; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142ല്‍ നിന്ന് ഉയര്‍ത്താന്‍ കേരളം അനുവദിക്കില്ലെന്ന് മോൻസ് ജോസഫ്, ആവശ്യം പുതിയ ഡാം നിര്‍മ്മിക്കുക

തമിഴ്നാട് സർക്കാരിൻ്റെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്തുമെന്ന നിലപാടില്‍ എതിർപ്പ് അറിയിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തമിഴ്‌നാട് സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്നും ജലനിരപ്പ് ഉയര്‍ത്തുമെന്ന തമിഴ്‌നാടിന്റെ നിലപാട് ദൗര്‍ഭാഗ്യകരമെന്നും മുല്ലപ്പെരിയാറിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് വലിയ ആശങ്കകള്‍ ഉയര്‍ന്നു നില്‍ക്കുന്ന കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുല്ലപെരിയാർ വിഷയത്തിൽ സുപ്രീംകോടതി മുന്നോട്ട് വെക്കുന്ന മാനദണ്ഡങ്ങള്‍ ഉള്‍പ്പടെ തമിഴ്നാടിനോട് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അക്കാര്യങ്ങളൊന്നും ഇതുവരെ നിര്‍വഹിക്കപ്പെട്ടിട്ടില്ല. ഡാം സേഫ്റ്റി ആ അതോറിറ്റി തന്നെ നേതൃത്വം കൊടുത്തുകൊണ്ട് ഡാമുകളുടെ സുരക്ഷ പരിശോധിക്കണമെന്ന ആവശ്യം സുപ്രീംകോടതി മുന്നോട്ട് വച്ചിട്ടുണ്ട്. ഇത് ഡിസംബര്‍ മുപ്പത്തി ഒന്നിന് മുമ്പ് നടക്കേണ്ട കാര്യമാണ്. ഇതുവരെ ആ സുരക്ഷാ പരിശോധന പോലും നടത്താന്‍ കഴിഞ്ഞിട്ടില്ല. അതുപോലെതന്നെ ബേബി ഡാമിന്റെ ബലപ്പെടുത്തലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ആ കാര്യങ്ങളും ഇതുവരെ നടന്നിട്ടില്ല. ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, സുപ്രീംകോടതി പറഞ്ഞത് പോലും നടക്കാത്ത ഈ കാലഘട്ടത്തില്‍ ഇങ്ങനെ ഒരു പ്രഖ്യാപനം തമിഴ്‌നാട് നടത്തിയത് തീര്‍ച്ചയായും നിര്‍ഭാഗ്യകരമാണെന്നും മന്ത്രി വ്യക്തമാക്കി.അതേസമയം, 142 അടിയായി മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് നിജപ്പെടുത്തിയിരിക്കുന്നത് കേരളത്തിന്റെ കൂടി താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതിന് മാറ്റം വരുത്താന്‍ കേരളത്തിനോ തമിഴ്‌നാടിനോ അവകാശമില്ല. രണ്ട് സംസ്ഥാനങ്ങള്‍ക്കും സ്വീകാര്യമായ നിലപാടുകള്‍ സുപ്രീംകോടതി പരിശോധിച്ച് ഇക്കാര്യത്തില്‍ തീര്‍പ്പുണ്ടാകണം എന്ന് തന്നെയാണ് കേരളത്തിന്റെ ആവശ്യം. സംസ്ഥാനത്തിന്റെ താല്പര്യം സുപ്രീംകോടതിയെയും കേന്ദ്രസര്‍ക്കാരിനെയും ബോധ്യപ്പെടുത്തിക്കൊണ്ടും ഇക്കാര്യങ്ങളില്‍ കേരളത്തിന്റെ താത്പര്യ സംരക്ഷണത്തിന് വേണ്ടിയുള്ള ഉറച്ച നിലപാട് സംസ്ഥാന ഗവണ്മെന്റ് സ്വീകരിക്കും. ഇന്നലെ തമിഴ്‌നാടിന്റെ ബഡ്ജറ്റ് പ്രഖ്യാപനം വന്ന ശേഷം മുഖ്യമന്ത്രി വി ഡി സതീശനുമായി ഞാന്‍ കൂടിക്കാഴ്ച നടത്തി. ഈ പ്രശ്‌നം സംബന്ധിച്ച് ഡിപ്പാര്‍ട്ട്‌മെന്റ് തലത്തില്‍ അടിയന്തര യോഗം ചേര്‍ന്നു.

സ്ഥിതിഗതികള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ സംസ്ഥാനത്തിന്റെ നിലപാട് വ്യക്തമാണ്. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുക എന്ന് തന്നെയാണ് കേരളത്തിന്റെ ആവശ്യം. തമിഴ്‌നാടിന് ആവശ്യമായ വെള്ളവും കേരള ജനതയ്ക്ക് സുരക്ഷയും ഏര്‍പ്പെടുത്താന്‍ കഴിയുന്ന വിധത്തില്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നം അഭിപ്രായസമന്വയത്തോടെ പരിഹരിക്കണം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തമിഴ്‌നാട് സര്‍ക്കാരുമായി ഒരു അഭിപ്രായ സമന്വയത്തിന് വേണ്ടിയുള്ള കൂടിയാലോചനകള്‍ക്ക് കേരള സര്‍ക്കാര്‍ ശ്രമം നടത്തും. തമിഴ്‌നാട് എന്ത് നിലപാടെടുക്കും എന്നറിയില്ല. നമ്മുടെ സംസ്ഥാനത്തിന്റെ ഭാഗത്തുനിന്നും ഒരു അഭിപ്രായ സമന്വയത്തിന് വേണ്ടി തമിഴ്‌നാട് സര്‍ക്കാരുമായും തമിഴ്‌നാട് മുഖ്യമന്ത്രിയുമായും ഒക്കെ ബന്ധപ്പെട്ടുകൊണ്ട് ഒരു ചര്‍ച്ചയ്ക്ക് സാധ്യതയുണ്ടോ എന്ന് കേരളം പരിശോധിക്കുന്നുണ്ടെന്നും മന്ത്രി മോൻസ് ജോസഫ് കൂട്ടിച്ചേർത്തു.

Tamil Nadu’s decision will be opposed; Mons Joseph states that Kerala will not allow the water level at Mullaperiyar to be raised beyond 142 feet, and demands the construction of a new dam.

More Stories from this section

family-dental
witywide