
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പുതിയ ജനറൽ സെക്രട്ടറിയായി കൊയ്യോട് ഉമർ മുസ്‌ലിയാരെ തിരഞ്ഞെടുത്തു. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് കണ്ണൂർ സ്വദേശിയായ കൊയ്യോട് ഉമർ മുസ്‌ലിയാർ നിയമിതനാകുന്നത്. സംഘടനയിൽ വിഭാഗീയത രൂക്ഷമായ നിർണായക ഘട്ടത്തിലാണ് അദ്ദേഹം അമരത്തെത്തുന്നത്. താൽക്കാലിക ചുമതല വഹിച്ചിരുന്ന എം.ടി. അബ്ദുള്ള മുസ്‌ലിയാരെ സ്ഥിരപ്പെടുത്തണമെന്നും ഉമർ ഫൈസി മുക്കത്തെ പരിഗണിക്കണമെന്നും ആവശ്യങ്ങൾ ഉയർന്നതോടെ ഇരുവിഭാഗത്തിനും സ്വീകാര്യനായ കൊയ്യോടിനെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കുകയായിരുന്നു.
എം.ടി. അബ്ദുല്ല മുസ്‌ലിയാരാണ് സമസ്തയുടെ പുതിയ ട്രഷറർ. വൈസ് പ്രസിഡന്റുമാരായി എ.വി. അബ്ദുറഹ്‌മാൻ മുസ്‌ലിയാർ, വി. മൂസക്കോയ മുസ്‌ലിയാർ എന്നിവരേയും ജോയിന്റ് സെക്രട്ടറിയായി ഹൈദർ ഫൈസി പനങ്ങാങ്ങരയേയും മുശാവറ യോഗം തിരഞ്ഞെടുത്തു. ഭാരവാഹി തിരഞ്ഞെടുപ്പ് പൂർത്തിയായെങ്കിലും സംഘടനയ്ക്കുള്ളിലെ വിവാദ വിഷയങ്ങളിൽ അന്തിമ തീരുമാനമെടുക്കാൻ ഇന്നും സാധിച്ചിട്ടില്ല.
ഉമർ ഫൈസി മുക്കം അടക്കമുള്ള നേതാക്കൾക്കെതിരായ പരാതികളിൽ തീരുമാനമെടുക്കാൻ 8 അംഗ ഉന്നതാധികാര സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. വഖഫ് ബോർഡിൽ ആർ.എസ്.എസ്. അംഗങ്ങളെ ഉൾപ്പെടുത്താൻ യു.ഡി.എഫ്. സർക്കാർ ശ്രമിക്കുന്നുവെന്ന് സി.പി.എം. വേദിയിൽ പ്രസംഗിച്ചതിനാണ് ഉമർ ഫൈസിക്കതിരെ പ്രധാനമായും പരാതിയുള്ളത്. സമസ്ത നേതൃത്വത്തിനെതിരെ പ്രവർത്തിച്ചുവെന്നാരോപിച്ച് ലീഗ് അനുകൂലികൾക്കെതിരെയുമുള്ള പരാതികൾ ഇനി ഈ ഉന്നതാധികാര സമിതിയായിരിക്കും പരിശോധിക്കുക.
Koyyode Umar Musliyar Elected as New General Secretary of Samastha; 8-Member Committee Formed to Probe Controversies














