
ടെഹ്റാൻ: ഇറാനെ ‘ഉന്മൂലനം ചെയ്യുമെന്ന’ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിയെ തള്ളി ഇറാൻ സൈന്യം. മുൻപുണ്ടായതിനേക്കാൾ ശക്തവും മാരകവുമായ ആക്രമണങ്ങളിലൂടെ ഏത് സാഹചര്യത്തെയും നേരിടാൻ രാജ്യം സന്നദ്ധമാണെന്ന് ഇറാൻ സൈനിക വക്താക്കൾ മുന്നറിയിപ്പ് നൽകി.
യു.എൻ പൊതുസഭയിലെ വേദി സ്വന്തം അധിനിവേശത്തെ ന്യായീകരിക്കാനാണ് ട്രംപ് ഉപയോഗിക്കുന്നതെന്ന് ഇറാന്റെ ജനറൽ സ്റ്റാഫ് ആരോപിച്ചതായി മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാൻ ജനതയ്‌ക്കെതിരായ നീക്കങ്ങളിൽ അമേരിക്ക നേരിടുന്ന തന്ത്രപരമായ പ്രതിസന്ധിയാണ് ട്രംപിന്റെ വാക്കുകളിൽ പ്രകടമാകുന്നത്. ഈ ആവർത്തിച്ചുള്ള ഭീഷണികൾ അമേരിക്കയുടെ ശക്തിയെയല്ല, മറിച്ച് അവരുടെ തന്ത്രപരമായ നിരാശയെയാണ് കാണിക്കുന്നതെന്നും ഇറാൻ വ്യക്തമാക്കി.
യുദ്ധത്തിൽ ഇതുവരെ ഉണ്ടായതിനേക്കാൾ പ്രവചനാതീതവും മാരകവുമായ തിരിച്ചടികൾ യു.എസിനും ഇസ്രായേലിനുമെതിരെ നൽകാൻ ഇറാന്റെ സായുധ സേന പൂർണ്ണ സജ്ജമാണെന്നും പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ (UNGA) ലോകനേതാക്കളെ സാക്ഷിനിർത്തിയാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന് നേരെ “ഉന്മൂലനം” ചെയ്യുമെന്ന കടുത്ത ഭീഷണി മുഴക്കിയത്. “എനിക്ക് മുന്നിൽ ഇപ്പോൾ വലിയൊരു തീരുമാനമുണ്ട്. ഒന്നെങ്കിൽ നവംബറിലെ യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം ഇറാനുമായി ഒരു സമാധാനക്കരാറിലെത്തുക. അല്ലെങ്കിൽ ആ ഇസ്ലാമിക് റിപ്പബ്ലിക്കിനെ ഞാൻ പൂർണ്ണമായും ഉന്മൂലനം ചെയ്യും, അതും വളരെ വേഗത്തിൽ. മറ്റുള്ള രാജ്യങ്ങളെയും ജനങ്ങളെയും ഇല്ലാതാക്കാൻ അവർക്ക് ഇനി ഒരിക്കലും അവസരം നൽകാത്ത വിധം, അതിജീവനത്തിന് ഒരവസരവും നൽകാതെ അവരെ ഞാൻ നരകത്തിലേക്ക് തള്ളിയിടും”- എന്നായിരുന്നു ട്രംപിൻ്റെ വാക്കുകൾ.
Iran’s response to Trump’s threat of destruction.














