
കാൻബെറ: കുട്ടികളുടെ സോഷ്യൽ മീഡിയ വിലക്കുമായി ബന്ധപ്പെട്ട നിയമഭേദഗതികൾ സെനറ്റ് വൈകിപ്പിക്കുന്നതിനെതിരെ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി ആൽബനീസ് രംഗത്ത്. ഈ കാലതാമസം വൻകിട ടെക് കമ്പനികൾക്ക് അനുകൂലമാകുമെന്നും, അവർക്കെതിരെ തെളിവായി ഉപയോഗിക്കാവുന്ന രേഖകൾ നശിപ്പിക്കാൻ ഇത് കമ്പനികൾക്ക് അവസരമൊരുക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
16 വയസ്സിൽ താഴെയുള്ള കുട്ടികൾ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ അക്കൗണ്ട് എടുക്കുന്നത് തടയുന്ന ലോകത്തിലെ ആദ്യത്തെ സമഗ്ര നിയമം കഴിഞ്ഞ ഡിസംബറിലാണ് ഓസ്‌ട്രേലിയ നടപ്പിലാക്കിയത്. ഇതിൻ്റ ഭാഗമായി ഓൺലൈൻ സുരക്ഷാ വാച്ച്‌ഡോഗ് ആയ ‘ഇ-സേഫ്റ്റി കമ്മീഷണർ’ ജൂലി ഇൻമാൻ ഗ്രാൻ്റിന് കൂടുതൽ ശക്തമായ അധികാരങ്ങൾ നൽകുന്ന ഭേദഗതികളാണ് സർക്കാർ ഈ ആഴ്ച പാർലമെൻ്റിൽ അവതരിപ്പിച്ചത്.
എന്നാൽ ഭരണകക്ഷിക്ക് ഭൂരിപക്ഷമില്ലാത്ത സെനറ്റിൽ, പ്രതിപക്ഷമായ ലിബറൽ പാർട്ടിയും ഓസ്‌ട്രേലിയൻ ഗ്രീൻസും ചേർന്ന് ഈ കരട് നിയമം എട്ടാഴ്ചത്തെ സെനറ്റ് അന്വേഷണ സമിതിക്ക് വിട്ടു. ഇതാണ് പ്രധാനമന്ത്രിയെ പ്രകോപിപ്പിച്ചത്.
കുട്ടികളെ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് അകറ്റി നിർത്താൻ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുന്ന ഔദ്യോഗിക രേഖകൾ കമ്പനികളിൽ നിന്ന് ആവശ്യപ്പെടാൻ കമ്മീഷണർക്ക് അധികാരം ലഭിക്കും. നിലവിൽ വിവരങ്ങൾ ചോദിച്ചറിയാൻ മാത്രമേ സാധിക്കൂ. നിയമം ലംഘിക്കുന്ന സോഷ്യൽ മീഡിയ കമ്പനികൾക്കുള്ള പരമാവധി പിഴ തുക 99 മില്യൺ ഓസ്‌ട്രേലിയൻ ഡോളറായി (ഏകദേശം 68 മില്യൺ യു.എസ് ഡോളർ) ഇരട്ടിയാക്കും.
കുട്ടികൾ പ്രായപരിധി മറികടന്ന് അക്കൗണ്ട് എടുക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഏജ് അഷ്വറൻസ് സാങ്കേതികവിദ്യാ ദാതാക്കളിൽ നിന്നും വിവരങ്ങൾ ശേഖരിക്കാം.
അതേസമയം, നിയമം വന്നിട്ടും മെറ്റാ (ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം), ടിക്ടോക്, സ്നാപ്ചാറ്റ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ കൃത്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് ഔദ്യോഗിക വിലയിരുത്തൽ. വിലക്ക് നിലവിൽ വന്ന ശേഷവും പത്തിൽ ഏഴു കുട്ടികളും ഇപ്പോഴും ഈ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നുണ്ടെന്ന് ഇ-സേഫ്റ്റി വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ്, ടിക്ടോക്, യൂട്യൂബ് എന്നിവയ്‌ക്കെതിരെ കോടതിയെ സമീപിക്കുന്ന കാര്യം ആലോചനയിലാണെന്ന് കമ്മീഷണർ വ്യക്തമാക്കി.
അതേസമയം, ഇതുവരെ ഒരു പിഴ പോലും ചുമത്താത്ത സാഹചര്യത്തിൽ പിഴത്തുക ഇരട്ടിയാക്കുന്നത് കൊണ്ട് എന്ത് പ്രയോജനമെന്ന് ഗ്രീൻസ് സെനറ്റർ ഡേവിഡ് ഷൂബ്രിഡ്ജ് ചോദിച്ചു. എന്നാൽ നിലവിലെ നിയമം പൂർണ്ണ പരാജയമാണെന്നും ഭേദഗതികൾ ഇതിലും കർശനമാക്കണമെന്നുമാണ് പ്രതിപക്ഷ വക്താവ് സെനറ്റർ സാറാ ഹെൻഡേഴ്സന്റെ നിലപാട്. നിയമം കൂടുതൽ ശക്തമാക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾ ഇതോടെ സെനറ്റ് സമിതിയുടെ വിശദമായ പരിശോധനയ്ക്ക് വിധേയമാകും.
Tech companies will destroy evidence; Australian PM opposes Senate delaying social media ban














