അരാഗ്ചിയും ഗാലിബാഫുമടക്കമുള്ള ഇറാൻ നേതാക്കളെ വധിക്കാനുള്ള ഇസ്രയേൽ പദ്ധതി യുഎസ് ചോർത്തി നൽകി; വൻ യുദ്ധം ഒഴിവായത് ഇങ്ങനെ

പശ്ചിമേഷ്യയെ വീണ്ടുമൊരു കടുത്ത യുദ്ധത്തിലേക്ക് തള്ളിവിടുമായിരുന്ന ഇസ്രയേലിന്റെ അതീവ രഹസ്യമായ കൊലപാതക പദ്ധതി അമേരിക്കൻ ഇടപെടലിലൂടെ പരാജയപ്പെട്ടതായി റിപ്പോർട്ട്. ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് എന്നിവരെ വധിക്കാൻ ഇസ്രയേൽ തയാറാക്കിയ ഹിറ്റ് ലിസ്റ്റിനെക്കുറിച്ച് കഴിഞ്ഞ ഏപ്രിലിൽ അമേരിക്ക ഇറാന് രഹസ്യ മുന്നറിയിപ്പ് നൽകിയതായി ന്യൂയോർക്ക് ടൈംസ് വെളിപ്പെടുത്തി. യുഎസ് നൽകിയ ഈ സുപ്രധാന വിവരമാണ് മേഖലയിൽ വലിയൊരു യുദ്ധം ഒഴിവാക്കാൻ കാരണമായത്. ഇസ്രയേലുമായി കടുത്ത ഭിന്നത നിലനിൽക്കെത്തന്നെയാണ് മറ്റ് നയതന്ത്ര ചാനലുകൾ വഴി വാഷിംഗ്ടൺ ഈ വിവരം ടെഹ്‌റാനെ അറിയിച്ചത്.

ഈ വർഷം ആദ്യം നടന്ന യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധം അവസാനിപ്പിച്ച ഏപ്രിൽ 8-ലെ വെടിനിർത്തലിന് പിന്നാലെയാണ് ഈ വധശ്രമ നീക്കങ്ങൾ സജീവമായത്. സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകിയിരുന്ന അരാഗ്ചിയും ഘാലിബാഫും ഇസ്രായേലിന്റെ ലക്ഷ്യമായി മാറിയതോടെ, ഇവരുടെ മരണം സമാധാന ശ്രമങ്ങളെ പൂർണ്ണമായി തകർക്കുമെന്ന് യുഎസ് ഭയപ്പെട്ടു. ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചത് മുതൽ ഇറാന്റെ മുതിർന്ന നേതൃത്വത്തെ ഇല്ലാതാക്കാൻ ഇസ്രായേൽ ശ്രമിച്ചിരുന്നു. ഇതിനിടെ പാകിസ്ഥാന്റെ മധ്യസ്ഥതയിലുള്ള ഇടപെടലുകളെത്തുടർന്ന് ഇസ്രായേൽ ഇവരെ ഹിറ്റ് ലിസ്റ്റിൽ നിന്ന് താൽക്കാലികമായി ഒഴിവാക്കിയതായും റിപ്പോർട്ടുകളുണ്ട്.

എന്നാൽ ഏപ്രിൽ 12-ന് ഘാലിബാഫ് ഇസ്ലാമാബാദിൽ നിന്ന് മടങ്ങുമ്പോൾ വീണ്ടും നാടകീയ രംഗങ്ങൾ അരങ്ങേറി. ഇറാഖ് വഴി രണ്ട് ഇസ്രായേലി യുദ്ധവിമാനങ്ങൾ ഇറാന്റെ വ്യോമാതിർത്തിയിൽ പ്രവേശിച്ചതായും ഘാലിബാഫിന്റെ വിമാനം ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്നുമുള്ള രഹസ്യാന്വേഷണ വിവരം ലഭിച്ചതിനെ തുടർന്ന് വിമാനം വടക്കുകിഴക്കൻ ഇറാനിലെ മഷാദിൽ അടിയന്തരമായി ഇറക്കുകയായിരുന്നു. അവിടെ നിന്നും നീണ്ട എട്ട് മണിക്കൂർ റോഡ് മാർഗം യാത്ര ചെയ്താണ് സ്പീക്കറും സംഘവും സുരക്ഷിതമായി ടെഹ്‌റാനിൽ എത്തിയത്. മുൻപ് നടന്ന യുദ്ധങ്ങളിലും തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഘാലിബാഫ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടിട്ടുള്ളത്.

ഇറാൻ വിഷയത്തിൽ ഇസ്രായേലും അമേരിക്കയും പുലർത്തിപ്പോന്ന സമാന താൽപര്യങ്ങളിൽ ഈ സംഭവങ്ങളോടെ വലിയ വിള്ളലുണ്ടായതായാണ് സൂചന. ലെബനനിലെ സൈനിക നീക്കങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ പരസ്യമായ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്. നിരപരാധികൾ കൊല്ലപ്പെടുന്നതിൽ ഇസ്രായേൽ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്ന് ട്രംപ് കർശന മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് അവഗണിച്ച് ഇസ്രായേൽ മുന്നോട്ട് പോയതോടെ സ്വകാര്യ ഫോൺ സംഭാഷണങ്ങളിൽ നെതന്യാഹുവിനെതിരെ ട്രംപ് അതീവ രൂക്ഷമായ ഭാഷ ഉപയോഗിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

US Leaked Israel’s Hit List to Iran, Averting a Major West Asia War: Report

More Stories from this section

family-dental
witywide