
ഒട്ടാവ: 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് കാനഡ സർക്കാർ പുതിയ ഡിജിറ്റൽ സുരക്ഷാ ബിൽ പാർലമെൻ്റിൽ അവതരിപ്പിച്ചു. ചില കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന പ്ലാറ്റ്‌ഫോമുകൾക്ക് മാത്രമായിരിക്കും ഇനിമുതൽ ഇളവുകൾ അനുവദിക്കുക. സോഷ്യൽ മീഡിയകൾക്ക് പുറമെ എഐ ചാറ്റ്ബോട്ടുകളെ നിയന്ത്രിക്കാനും കൂടുതൽ സുരക്ഷിതമാക്കാനും പ്രത്യേക ഡിജിറ്റൽ റെഗുലേറ്ററെ നിയമിക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്.
ഓൺലൈൻ ലോകം കുട്ടികളിൽ ഉണ്ടാക്കുന്ന ദോഷകരമായ പ്രത്യാഘാതങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് “ഡിജിറ്റൽ സേഫ്റ്റി ആക്ട്” കാനഡ കൊണ്ടുവരുന്നത്. നിയമം ലംഘിക്കുന്ന കമ്പനികൾക്ക് കനത്ത പിഴയായിരിക്കും ഒടുക്കേണ്ടി വരിക. ആഗോള വരുമാനത്തിൻ്റെ 3 ശതമാനമോ അല്ലെങ്കിൽ 10 മില്യൺ കനേഡിയൻ ഡോളറോ (ഏകദേശം 7.2 മില്യൺ യു.എസ് ഡോളർ), ഇതിൽ ഏതാണോ കൂടുതൽ, അത്രയും തുക പിഴ ചുമത്താൻ പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.
“സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും എഐ ചാറ്റ്ബോട്ടുകളും കുട്ടികളുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് കുട്ടികളിൽ ഉത്കണ്ഠ, ഒറ്റപ്പെടൽ, വിഷാദം തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. കുട്ടികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതിനാണ് ഈ നിയമം,” കാനഡയുടെ ഐഡന്റിറ്റി ആൻഡ് കൾച്ചർ മന്ത്രി മാർക്ക് മില്ലർ വ്യക്തമാക്കി.
കാനഡയിൽ ഉണ്ടായ ഒരു കൂട്ടക്കൊലയ്ക്ക് പിന്നിലെ പ്രതി ചാറ്റ്ജിപിറ്റിയിലൂടെ നടത്തിയ സംഭാഷണങ്ങൾ തിരിച്ചറിഞ്ഞിട്ടും പൊലീസിനെ അറിയിച്ചില്ലെന്ന് ആരോപിച്ച് ഇരകളുടെ കുടുംബങ്ങൾ ഓപ്പൺഎഐ കമ്പനിക്കെതിരെ കേസ് ഫയൽ ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ നീക്കം.
ആൽഗോരിതമിക് റെക്കമെൻഡേഷൻ, എൻഡ്‌ലെസ്സ് സ്ക്രോളിംഗ്, ഓട്ടോപ്ലേ തുടങ്ങിയ ഫീച്ചറുകൾ കുട്ടികളെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. പുതിയ ബിൽ പ്രകാരം, പ്ലാറ്റ്‌ഫോമുകളിലെ അപകടസാധ്യതകൾ കമ്പനികൾ തന്നെ കണ്ടെത്തണം. കൂടാതെ, സമ്മതമില്ലാതെ പങ്കിടുന്ന സ്വകാര്യ ചിത്രങ്ങൾ ഫ്ലാഗ് ചെയ്താൽ 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്നും ബില്ലിൽ നിർദ്ദേശമുണ്ട്.
കഴിഞ്ഞ ഡിസംബറിൽ 16 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിച്ചുകൊണ്ട് ഓസ്‌ട്രേലിയ ലോകത്തിൽ ആദ്യമായി ഇത്തരമൊരു നിയമം കൊണ്ടുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കാനഡയും ഈ പാത പിന്തുടരുന്നത്. ബിൽ പൂർണ്ണമായി പാസാകാൻ ഒരു വർഷവും റെഗുലേറ്ററി സംവിധാനം നിലവിൽ വരാൻ 18 മാസവും എടുത്തേക്കുമെന്നാണ് സൂചന. ഫ്രാൻസ്, ഡെന്മാർക്ക്, പോളണ്ട്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളും സമാനമായ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ആലോചിക്കുന്നുണ്ട്.
Canada to ban social media for under-16s















