ആയിരങ്ങൾ സാക്ഷി, അലി ഖമേനിയുടെ ഭൗതികശരീരം ഇമാം ഖൊമേനി ഗ്രാൻഡ് മൊസല്ല പള്ളിയിൽ; വിലാപ ചടങ്ങുകൾക്ക് തുടങ്ങി

ടെഹ്റാൻ: മുൻ ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ ഔദ്യോഗിക സംസ്കാരച്ചടങ്ങുകൾക്ക് മുന്നോടിയായി അദ്ദേഹത്തിന്റെ ഭൗതികശരീരം ടെഹ്റാനിലെ ഇമാം ഖൊമേനി ഗ്രാൻഡ് മൊസല്ല പള്ളിയിലെത്തിച്ചു. ഇറാന്റെ ദേശീയ പതാക പുതപ്പിച്ച മൃതദേഹപെട്ടി വൻ ജനാവലിക്കിടയിലൂടെ പള്ളിയിലേക്ക് എത്തിച്ച ദൃശ്യങ്ങൾ ഔദ്യോഗിക മാധ്യമങ്ങൾ പുറത്തുവിട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആയിരക്കണക്കിന് ആളുകൾ ഖമേനിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ഒത്തുകൂടിയിട്ടുണ്ട്.

86-ാം വയസ്സിൽ അന്തരിച്ച ഖമേനി 36 വർഷത്തിലേറെ ഇറാന്റെ പരമോന്നത നേതാവായിരുന്നു. അദ്ദേഹത്തിന്റെ സംസ്കാരച്ചടങ്ങുകൾ ജൂലൈ 4 മുതൽ വിവിധ ഘട്ടങ്ങളിലായി നടക്കും. ടെഹ്റാനിലെ പൊതുദർശനത്തിനും അനുസ്മരണച്ചടങ്ങുകൾക്കും ശേഷം ഭൗതികശരീരം വിവിധ നഗരങ്ങളിലേക്ക് കൊണ്ടുപോകും. ജൂലൈ 7-ന് പുണ്യനഗരമായ കോമിൽ ചടങ്ങുകൾ സംഘടിപ്പിക്കും.

തുടർന്ന് ഇറാഖിലെ നജാഫ്, കർബല എന്നിവിടങ്ങളിലെ അനുസ്മരണ പരിപാടികൾക്കും ഭൗതികശരീരം എത്തിക്കും. അവസാനമായി ജൂലൈ 9-ന് ഖമേനിയുടെ ജന്മനാടായ വടക്കുകിഴക്കൻ ഇറാനിലെ മഷാദിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ നേതാക്കളും പ്രതിനിധികളും ചടങ്ങുകളിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. സുരക്ഷ ശക്തമാക്കിയ സാഹചര്യത്തിൽ ചടങ്ങുകൾക്ക് വിപുലമായ ഒരുക്കങ്ങളാണ് ഇറാൻ അധികൃതർ നടത്തിയിരിക്കുന്നത്.

More Stories from this section

family-dental
witywide