
ലോസ് ഏഞ്ചൽസ്: ഒരു വർഷം മുൻപ് കാണാതായ പതിനാലുകാരിയെ കൊലപ്പെടുത്തിയെന്ന കേസിൽ പ്രശസ്ത അമേരിക്കൻ ഗായകനും ടിക് ടോക് താരവുമായ ഡേവിഡ് ആന്റണി ബർക്ക് (D4vd) അറസ്റ്റിലായി. 14 വയസ്സുകാരി സെലെസ്റ്റ് റിവാസ് ഹെർണാണ്ടസിൻ്റെ മൃതദേഹ അവശിഷ്ടങ്ങൾ ഗായകൻ്റെ ഉടമസ്ഥതയിലുള്ള ടെസ്‌ല കാറിനുള്ളിൽ നിന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
കഴിഞ്ഞ സെപ്റ്റംബർ എട്ടിനാണ് കേസിനാസ്പദമായ സംഭവം പുറംലോകം അറിയുന്നത്. ഹോളിവുഡിലെ ഒരു ടോ യാർഡിൽ പാർക്ക് ചെയ്തിരുന്ന ടെസ്‌ല കാറിൽ നിന്ന് അസഹനീയമായ ദുർഗന്ധം വരുന്നുവെന്ന പരാതിയെത്തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ കാറിൻ്റെ മുൻഭാഗത്തെ സ്റ്റോറേജ് ബോക്സിൽ നിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അഴുകിയ നിലയിലുള്ള മൃതദേഹം കറുത്ത പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ നിലയിലായിരുന്നു.
കൊല്ലപ്പെട്ട സെലെസ്റ്റ് റിവാസിനെ 2024 സെപ്റ്റംബറിലാണ് കാണാതായത്. മൃതദേഹം കണ്ടെത്തിയ കാർ ഗായകൻ്റെ ടെക്സസിലെ വിലാസത്തിലാണ് രജിസ്റ്റർ ചെയ്തിരുന്നത്. മാസങ്ങൾ നീണ്ട ഗ്രാൻഡ് ജൂറി അന്വേഷണത്തിനൊടുവിലാണ് 21-കാരനായ ഡേവിഡ് ബർക്കിനെ ലോസ് ഏഞ്ചൽസ് പൊലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ ഇയാൾക്ക് ജാമ്യം അനുവദിച്ചിട്ടില്ല.
മൃതദേഹം അമിതമായി അഴുകിയതിനാൽ മരണകാരണം കണ്ടെത്താൻ മെഡിക്കൽ എക്സാമിനർക്ക് സാധിച്ചിട്ടില്ല. കൂടുതൽ ശാസ്ത്രീയ പരിശോധനകൾ നടന്നു വരികയാണ്. മൃതദേഹം കണ്ടെത്തുന്നതിന് ആഴ്ചകൾക്ക് മുൻപ് തന്നെ പെൺകുട്ടി കൊല്ലപ്പെട്ടിട്ടുണ്ടാകാം എന്നാണ് പ്രാഥമിക നിഗമനം.
‘റൊമാൻ്റിക് ഹോമിസൈഡ്’, ‘ഹിയർ വിത്ത് മീ’ തുടങ്ങിയ ഹിറ്റ് ഗാനങ്ങളിലൂടെ ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആരാധകരുള്ള ഗായകനാണ് D4vd എന്നറിയപ്പെടുന്ന ഡേവിഡ് ബർക്ക്. തൻ്റെ പാട്ടുകളിലൂടെയും ടിക് ടോക് വീഡിയോകളിലൂടെയും ശ്രദ്ധേയനായ താരം ഇത്തരമൊരു കേസിൽ പ്രതിയായത് സംഗീത ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. കേസ് തിങ്കളാഴ്ച ഡിസ്ട്രിക്റ്റ് അറ്റോർണിക്ക് മുൻപാകെ സമർപ്പിക്കും. ഗായകൻ്റെ പ്രതിനിധികൾ അദ്ദേഹം അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്ന് അറിയിച്ചു.
Teenage girl’s body found inside Tesla car: Famous singer David Anthony Burke arrested for murder











