
ടെഹ്റാൻ: തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് തുറന്നു നൽകില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഗാലിബഫ് വ്യക്തമാക്കി. ഖത്തർ ഉൾപ്പെടെയുള്ള മധ്യസ്ഥരും ഇടനിലക്കാരും വഴി അമേരിക്കയ്ക്ക് തങ്ങളുടെ വ്യവസ്ഥകൾ വ്യക്തമായി കൈമാറിയിട്ടുണ്ടെന്ന് അദ്ദേഹം സരക്കാരായി അറിയിച്ചു. രാജ്യത്തെ ഔദ്യോഗിക ടെലിവിഷനിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തിന്റെ ന്യായമായ അവകാശങ്ങൾ അംഗീകരിക്കപ്പെടുകയും അമേരിക്ക തങ്ങളുടെ വാഗ്ദാനങ്ങൾ പാലിക്കുകയും ചെയ്യാതെ ചർച്ചകളിലേക്കോ കടലിടുക്ക് തുറക്കുന്നതിലേക്കോ തിരികെ പോകാൻ കഴിയില്ലെന്ന് ഗാലിബഫ് ആവർത്തിച്ചു. യുദ്ധവും നയതന്ത്ര ചർച്ചകളും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകുമെന്നും, ആവശ്യമെങ്കിൽ സൈനിക ശക്തി ഉപയോഗിച്ച് ശത്രുക്കളെ ചെറുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ യുദ്ധമുഖങ്ങളും അവസാനിപ്പിക്കുക, മരവിപ്പിച്ച വിദേശ ഫണ്ടുകൾ മോചിപ്പിക്കുക, നാവിക ഉപരോധം പിൻവലിക്കുക എന്നിവയാണ് ഇറാൻ മുന്നോട്ടുവെക്കുന്ന പ്രധാനപ്പെട്ട ഉപാധികളെന്ന് സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ തലവൻ മൊഹ്‌സെൻ റെസായി വ്യക്തമാക്കിയിരുന്നു. അമേരിക്ക തങ്ങളുടെ നിലപാട് തിരുത്താൻ തയ്യാറായില്ലെങ്കിൽ ശക്തമായ തിരിച്ചടിക്ക് ഇറാൻ തയ്യാറാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.















