പ്രവാസികളെ അടക്കം ഭീതിയിലാക്കുന്ന ജാഗ്രത നിർദേശം, മിഡിൽ ഈസ്റ്റിൽ സുരക്ഷാ മുന്നറിയിപ്പുമായി യുഎസ് എംബസികൾ; വിമാന സർവീസുകൾ റദ്ദാക്കപ്പെടാൻ സാധ്യത

ദോഹ: മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ മേഖലയിലെ യുഎസ് പൗരന്മാർക്കായി അമേരിക്കൻ എംബസികൾ സുരക്ഷാ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു. സുരക്ഷാ സാഹചര്യം സങ്കീർണ്ണമാണെന്നും പെട്ടെന്ന് സംഘർഷങ്ങൾ രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് നൽകി. പ്രത്യേക ഭീഷണികളെക്കുറിച്ച് പരാമർശിച്ചിട്ടില്ലെങ്കിലും പൗരന്മാർ ജാഗ്രത പാലിക്കണമെന്നും വിമാന സർവീസുകൾ റദ്ദാക്കപ്പെടാനും വ്യോമപാതകൾ അടയ്ക്കാനുമുള്ള സാധ്യതകൾ മുൻകൂട്ടി കാണണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

സൗദി അറേബ്യയും യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതരും തമ്മിലുള്ള സമീപകാല പോരാട്ടങ്ങൾ പെട്ടെന്ന് രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ ചൂണ്ടിക്കാണിക്കുന്നു. ഹൂതികൾക്കെതിരെ പോരാടുന്ന സൗദി സഖ്യസേനയുടെ വക്താവ് തുർക്കി അൽ-മാൽക്കി, ശനിയാഴ്ച സൗദി തലസ്ഥാനമായ റിയാദിലേക്ക് തൊടുത്തുവിട്ട ബാസ്റ്റിക് മിസൈൽ തടഞ്ഞതായി എക്സ് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. യെമന്റെ ചെങ്കടൽ തീരങ്ങളുടെയും ബാബ് അൽ-മന്ദബ് കടലിടുക്കിലെ ചില ദ്വീപുകളുടെയും നിയന്ത്രണം ഹൂതികൾ പിടിച്ചെടുത്തത് ആഗോള എണ്ണ വിതരണത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

ഈ മാസത്തിന്റെ തുടക്കത്തിൽ ഇറാന്റെ പിന്തുണയുള്ള മിലിഷ്യകൾ നടത്തിയെന്ന് കരുതപ്പെടുന്ന ഡ്രോൺ ആക്രമണത്തിൽ സൗദി അറേബ്യയുടെ പ്രധാനപ്പെട്ട ഈസ്റ്റ്-വെസ്റ്റ് എണ്ണക്കുഴൽ തകർന്നിരുന്നു. കൂടാതെ ജൂലൈ മുതൽ സൗദി തുറമുഖങ്ങൾ ഉപരോധിക്കാൻ ഹൂതികൾ ശ്രമിച്ചു വരുന്നുണ്ട്. ഇസ്രായേൽ, സൗദി അറേബ്യ, ഇറാഖ്, കുവൈറ്റ്, ലെബനൻ, ജോർദാൻ, ബഹ്റൈൻ, യുഎഇ, ഖത്തർ എന്നീ രാജ്യങ്ങളിലെ യുഎസ് എംബസികളാണ് സുരക്ഷാ മുന്നറിയിപ്പുകൾ നൽകിയിട്ടുള്ളത്.

More Stories from this section

family-dental
witywide