
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ ഇറാൻ പതാകയേന്തിയ ചരക്കുകപ്പൽ അമേരിക്കൻ സൈന്യം പിടിച്ചെടുത്തതിന് പിന്നാലെ യുഎസ് സേനയ്‌ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ഇറാൻ പ്രഖ്യാപിച്ചു. അമേരിക്കയുടെ കടന്നുകയറ്റത്തിന് നിർണ്ണായകമായ മറുപടി നൽകാൻ ഇറാനിയൻ റവല്യൂഷണറി ഗാർഡ് പൂർണ്ണ സജ്ജമാണെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്തു. കപ്പൽ പിടിച്ചെടുത്ത അമേരിക്കൻ നടപടിയെ ‘നഗ്നമായ അധിനിവേശം’ എന്നാണ് ഇറാൻ വിശേഷിപ്പിച്ചത്.
കപ്പലിലുണ്ടായിരുന്ന ജീവനക്കാരുടെ കുടുംബാംഗങ്ങളുടെ സാന്നിധ്യം കാരണമാണ് തൽക്കാലം തിരിച്ചടി നൽകാത്തതെന്നും ഇറാൻ വ്യക്തമാക്കി. കപ്പലിലെ കുടുംബാംഗങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കിക്കഴിഞ്ഞാൽ ‘ഭീകരവാദികളായ’ അമേരിക്കൻ സൈന്യത്തിന് നേരെ ശക്തമായ സൈനിക നടപടി സ്വീകരിക്കുമെന്ന് ഇറാൻ സേന മുന്നറിയിപ്പ് നൽകി. ഇറാൻ്റെ ഭാഗത്തുനിന്നുള്ള ഈ പ്രസ്താവന മേഖലയിൽ യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്.
അമേരിക്കൻ ഉപരോധം ലംഘിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് ഞായറാഴ്ചയാണ് യുഎസ് നേവി ഇറാനിയൻ കപ്പൽ പിടിച്ചെടുത്തത്. ഈ സംഭവത്തെത്തുടർന്ന് ഈ ആഴ്ച നടക്കേണ്ടിയിരുന്ന രണ്ടാം വട്ട വെടിനിർത്തൽ ചർച്ചകളിൽ നിന്ന് ഇറാൻ പിന്മാറി. നയതന്ത്ര നീക്കങ്ങൾ പാളിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിരിക്കുകയാണ്. ഏത് നിമിഷവും ഒരു സൈനിക ഏറ്റുമുട്ടൽ ഉണ്ടായേക്കാവുന്ന അതീവ ഗുരുതരമായ അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. കപ്പൽ പിടിച്ചെടുത്തതിലൂടെ അമേരിക്ക പ്രകോപനം സൃഷ്ടിച്ചുവെന്നാണ് ഇറാൻ്റെ ആവർത്തിച്ചുള്ള ആരോപണം. പരിഭ്രാന്തിയിലായ അന്താരാഷ്ട്ര സമൂഹം സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്.















