
പ്രയാഗ്‌രാജ് (യുപി): പതിനഞ്ചു വർഷത്തോളം താൻ സഹോദരനെപ്പോലെ കരുതി കൈകളിൽ രാഖി അണിയിച്ചിരുന്ന യുവാവിനെ ഇരുപതുകാരി പ്രണയിച്ച് വിവാഹം കഴിച്ചതിനെച്ചൊല്ലി കുടുംബത്തിൽ കടുത്ത തർക്കം. വിവാഹ വാർത്തയറിഞ്ഞ പെൺകുട്ടിയുടെ പിതാവ് മകൾ മരിച്ചതായി പ്രഖ്യാപിച്ച് പ്രതീകാത്മകമായി അന്ത്യകർമ്മങ്ങൾ നടത്തി. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.
പ്രയാഗ്‌രാജ് സ്വദേശിനിയായ നന്ദിനി പാണ്ഡെ (20) ആണ് അയൽഗ്രാമക്കാരനായ ശാശ്വത് ഗുപ്തയെ (22) വിവാഹം കഴിച്ചത്. കഴിഞ്ഞ സെപ്റ്റംബർ 20-ന് വീടുവിട്ടിറങ്ങിയ ഇരുവരും പിന്നീട് വിവാഹിതരാവുകയായിരുന്നു. വർഷങ്ങളായി തങ്ങളുടെ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്ന ശാശ്വതിനെ നന്ദിനി സ്വന്തം സഹോദരനെപ്പോലെയാണ് കണ്ടിരുന്നതെന്നും 15 വർഷമായി അവന് രാഖി കെട്ടാറുണ്ടായിരുന്നുവെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു. ഇരുവരും വീടുവിട്ടിറങ്ങുന്നത് വരെ ഇവർ തമ്മിൽ പ്രണയത്തിലായിരുന്നു എന്ന കാര്യം കുടുംബത്തിന് അറിയില്ലായിരുന്നു. യുവാവ് മകളെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയതാണെന്നാണ് കുടുംബത്തിന്റെ ആരോപണം.
എന്നാൽ കുടുംബത്തിന്റെ വാദങ്ങൾ പൂർണ്ണമായും തള്ളി നന്ദിനി രംഗത്തെത്തി. താനും ശാശ്വതും ഏറെക്കാലമായി പ്രണയത്തിലായിരുന്നുവെന്നും പരസ്പര സമ്മതത്തോടെയാണ് വിവാഹം കഴിച്ചതെന്നും വ്യക്തമാക്കി നന്ദിനി വീഡിയോ പുറത്തുവിട്ടു. താൻ ഭർത്താവിനൊപ്പം സന്തുഷ്ടയാണെന്നും തങ്ങളെ ഉപദ്രവിക്കരുതെന്നും പെൺകുട്ടിയും ഭർത്താവും അഭ്യർത്ഥിച്ചു.
തന്റെ പിതാവ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്നും, ദീർഘകാലമായി അസുഖബാധിതയായിരുന്ന തനിക്ക് കുടുംബം കൃത്യമായ ചികിത്സ നൽകിയിരുന്നില്ലെന്നും നന്ദിനി ആരോപിക്കുന്നു. വിവാഹശേഷം ഭർത്താവും ഭർതൃവീട്ടുകാരുമാണ് തനിക്ക് മികച്ച ചികിത്സ ഉറപ്പാക്കിയത്. വീട്ടിൽ നിന്നും രണ്ട് ലക്ഷം രൂപയുമായാണ് താൻ ഇറങ്ങിപ്പോയതെന്ന കുടുംബത്തിന്റെ ആരോപണം വ്യാജമാണെന്നും അത്രയും തുക തന്റെ വീട്ടിൽ ഉണ്ടായിരുന്നില്ലെന്നും നന്ദിനി വ്യക്തമാക്കി.
മകളുടെ വിവാഹവിവരം അറിഞ്ഞതിന് പിന്നാലെ സെപ്റ്റംബർ 21-നാണ് പിതാവിന്റെ നേതൃത്വത്തിൽ കുടുംബം നന്ദിനിയുടെ പ്രതീകാത്മക ശവസംസ്കാര ചടങ്ങുകൾ നടത്തിയത്. മകളുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചതായി വ്യക്തമാക്കിയ അമ്മ, നന്ദിനിയുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും കൂട്ടിച്ചേർത്തു. ഇരുപക്ഷവും പരസ്പരവിരുദ്ധമായ ആരോപണങ്ങൾ ഉന്നയിക്കുന്ന സാഹചര്യത്തിൽ, പൊലീസ് അന്വേഷണത്തിന് ശേഷമേ സംഭവത്തിൽ കൂടുതൽ വ്യക്തത വരൂ.
A fierce family dispute has erupted after a twenty-year-old woman fell in love with and married a young man whom she had regarded as a brother and for whom she had tied a Rakhi for nearly fifteen years.














