
ഷിക്കാഗോ: സെൻ്റ് തോമസ് സീറോ മലബാർ രൂപതാസ്ഥാപനത്തിൻ്റെയും അഭിവന്ദ്യ മാർ ജേക്കബ് അങ്ങാടിയത്ത് പിതാവിൻ്റെ മെത്രാഭിഷേകത്തിൻ്റെയും രജത ജൂബിലിയുടെ ഭാഗമായി ഷിക്കാഗോയിലെ ബെൻസൻവിൽ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ വച്ചു നടന്ന അമേരിക്കയിലും കാനഡയിലും ശുശ്രൂഷ ചെയ്യുന്ന എല്ലാ മലയാളി സിസ്റ്റേഴ്സിൻ്റെയും സംഗമത്തിൽ ഷിക്കാഗോ സിറോമലബാർ രൂപതയുടെ പ്രഥമ ബിഷപ്പ് ആയ മാർ ജേക്കബ് അങ്ങാടിയത്തിൻ്റെ മെത്രാഭിഷേകത്തിൻ്റെ ജൂബിലി ആഘോഷിച്ചു.
ഈ സംഗമത്തിൻ്റെ രണ്ടാം ദിവസം ഏപ്രിൽ 18- ന് രാവിലെ ജൂബിലേറിയൻ അങ്ങാടിയത്ത് പിതാവിൻ്റെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. ബിഷപ്പ് ജോയി ആലപ്പാട്ട് വചന സന്ദേശം നൽകി. വികാരി ജനറൽമാരായ ഫാ. തോമസ് മുളവനാൽ, ഫാ. ജോൺ മേലേപ്പുറം, ഫാ. ജോൺസൻ കോവൂർപുത്തൻപുരയിൽ, സേക്രഡ് ഹാർട്ട് ക്നാനായ ഫൊറോനാ വികാരി ഫാ. അബ്രാഹം കളരിക്കൽ എന്നിവർ സഹകാർമികരായിരുന്നു.
തുടർന്ന് പൊതുയോഗത്തിൽ ഫാ. ജോൺ മേലേപ്പുറം സ്വാഗതം ആശംസിച്ചു. ബിഷപ്പ് ജോയി ആലപ്പാട്ട് അധ്യക്ഷനായിരുന്നു. യു.എസ്. ഗവൺമെൻ്റിൽ സീനിയർ എക്സിക്യൂട്ടീവ് ഓഫീസറായി സേവനം ചെയ്യുന്ന റവ. ഫാ. അലക്സാണ്ടർ കുര്യൻ, ഡൊമിനിക്കൻ സന്യാസിനിയായ സി. അമേലിയ ഹൂളർ, സി. അഞ്ജലി മാത്യു എന്നിവർ അങ്ങാടിയത്ത് പിതാവിന് ജൂബിലി മംഗളങ്ങൾ അർപ്പിച്ച് സംസാരിച്ചു.

തുടർന്ന് റവ. ഫാ. അലക്സാണ്ടർ കുര്യൻ, സി. സേവ്യർ എന്നിവർ ചേർന്ന് അങ്ങാടിയത് പിതാവിനെ പൊന്നാട അണിയിപ്പിച്ചു. തുടർന്ന് വിശിഷ്ട അതിഥികളോടും പങ്കെടുത്ത ഇരുപത്തിയെട്ട് സന്യാസിനി സമൂഹത്തിൻ്റെ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ കേക്ക് മുറിച്ചു. അങ്ങാടിയത്ത് പിതാവ് തൻ്റെ മറുപടി പ്രസംഗത്തിൽ തനിക്കു ലഭിച്ച ഈ അംഗീകാരത്തിന് ഏവർക്കും നന്ദി രേഖപ്പെടുത്തി. സി. ലിസ ആഞ്ഞിലിക്കൽ പങ്കെടുത്ത ഏവർക്കും നന്ദി രേഖപ്പെടുത്തി. സേക്രഡ് ഹാർട്ട് ക്നാനായ ഫൊറോനാ വികാരി ഫാ. അബ്രാഹം കളരിക്കൽ എം സീ ആയി പ്രവർത്തിച്ചു.
വാർത്ത: റോയി ചേലമലയിൽ
The Episcopal Silver Jubilee of Mar Jacob Angadiath was celebrated















