യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്ക് വേഗം കൂട്ടുന്നതിനിടെ യൂറോപ്പുമായി പുതിയ സുരക്ഷാ കരാർ മുന്നോട്ടുവയ്ക്കാൻ റഷ്യയോട് അമേരിക്ക ആവശ്യപ്പെട്ടതായി റിപ്പോർട്ട്. സൈനിക സംഘർഷങ്ങൾ കുറയ്ക്കുന്നതിനും യൂറോപ്യൻ രാജ്യങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനുമുള്ള നിർദേശങ്ങൾ ഉൾപ്പെടുത്തണമെന്നാണ് അമേരിക്കയുടെ ആവശ്യം. ആക്സിയോസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധികളായ ജാരെഡ് കുഷ്നറും സ്റ്റീവ് വിറ്റ്കോഫും ഈ ആഴ്ച അബുദാബിയിൽ റഷ്യൻ, യുക്രെയ്ൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് നിർദേശം മുന്നോട്ടുവച്ചത്. തങ്ങളുടെ സുരക്ഷാ ആവശ്യങ്ങൾ വ്യക്തമാക്കുന്നതിനൊപ്പം യൂറോപ്യൻ രാജ്യങ്ങളെ ആക്രമിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഉറപ്പുനൽകുന്ന നടപടികളും റഷ്യ നിർദേശിക്കണമെന്നാണ് അമേരിക്ക ആവശ്യപ്പെട്ടത്. വ്യാഴാഴ്ച മോസ്കോയിലെത്തി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തുന്ന കുഷ്നറും വിറ്റ്കോഫും നിർദേശം വീണ്ടും അവതരിപ്പിക്കും. അടുത്ത റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകളിൽ യൂറോപ്യൻ പ്രതിനിധികളെ പങ്കെടുപ്പിക്കാനും പുടിനോട് ആവശ്യപ്പെടും.
തുടർന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്താൻ ഇരുവരും ഡബ്ലിനിലേക്ക് പോകുമെന്നാണ് റിപ്പോർട്ട്. ചൊവ്വാഴ്ച ആരംഭിച്ച അബുദാബി ചർച്ചകളിൽ പുതിയ യൂറോപ്യൻ സുരക്ഷാ ചട്ടക്കൂടായിരുന്നു പ്രധാന വിഷയം. ഫെബ്രുവരിക്കുശേഷം ആദ്യമായാണ് റഷ്യൻ, യുക്രെയ്ൻ ഉദ്യോഗസ്ഥർ അമേരിക്കൻ മധ്യസ്ഥരുടെ സാന്നിധ്യത്തിൽ ചർച്ച നടത്തിയത്. ഇറാനുമായുള്ള യുദ്ധസാഹചര്യത്തെത്തുടർന്ന് നേരത്തെയുള്ള ചർച്ചകൾ തടസ്സപ്പെട്ടിരുന്നു. 2021ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് റഷ്യയുടെ സുരക്ഷാ ആശങ്കകൾ വിശദീകരിച്ച് കത്തയച്ചിരുന്നുവെന്നും അതിന് മറുപടി ലഭിക്കാത്തതിനെത്തുടർന്നാണ് പുടിൻ യുക്രെയ്നെ ആക്രമിച്ചതെന്നുമായിരുന്നു റഷ്യൻ പ്രതിനിധികളുടെ വാദം.
എന്നാൽ 2021നുശേഷം സാഹചര്യങ്ങൾ ഏറെ മാറിയെന്ന് കുഷ്നറും വിറ്റ്കോഫും റഷ്യൻ പ്രതിനിധികളെ അറിയിച്ചു. നിലവിലെ ആശങ്കകൾ വിശദീകരിക്കുന്ന പുതിയ നിർദേശം സമർപ്പിക്കാനും സംഘർഷം കുറയ്ക്കാൻ റഷ്യ സ്വീകരിക്കാൻ തയ്യാറുള്ള നടപടികൾ വ്യക്തമാക്കാനും ആവശ്യപ്പെട്ടു. യൂറോപ്യൻ രാജ്യങ്ങൾക്ക് അംഗീകരിക്കാനാകുന്ന നിർദേശങ്ങളാണ് റഷ്യ മുന്നോട്ടുവയ്ക്കേണ്ടതെന്ന് ചർച്ചയ്ക്കുശേഷം കുഷ്നർ പറഞ്ഞു. അതേസമയം, ചർച്ചകളിൽ യൂറോപ്യൻ രാജ്യങ്ങളുടെ പങ്കാളിത്തത്തെ റഷ്യ ഇതുവരെ എതിർത്തിട്ടുണ്ട്. യുദ്ധത്തിന് കാരണക്കാരായത് ചില യൂറോപ്യൻ സർക്കാരുകളാണെന്ന് റഷ്യൻ പ്രസിഡന്റ് ഉപദേഷ്ടാവ് വ്ലാഡിമിർ മെഡിൻസ്കി ആരോപിച്ചു.
റഷ്യ-യൂറോപ്പ് സുരക്ഷാ കരാറിനായുള്ള ചർച്ചകളും യുക്രെയ്ൻ സമാധാന കരാറിനായുള്ള ചർച്ചകളും ഒരേസമയം മുന്നോട്ടുകൊണ്ടുപോകാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. എന്നാൽ യുദ്ധം അവസാനിപ്പിക്കുന്ന കരാറിന് ശേഷമായിരിക്കും വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ നടപ്പാക്കുകയെന്നാണ് വൈറ്റ് ഹൗസിന്റെ നിലപാടെന്ന് റിപ്പോർട്ടിൽ പറയുന്നു.യൂറോപ്യൻ രാജ്യങ്ങളുടെയോ യുക്രെയ്ന്റെയോ അനുമതിയില്ലാതെ പുതിയ സുരക്ഷാ കരാറിന് അമേരിക്ക സമ്മതിക്കില്ലെന്നും യൂറോപ്യൻ സർക്കാരുകളെ അറിയിച്ചിട്ടുണ്ട്. എന്നാൽ നിർദേശത്തോട് യൂറോപ്യൻ നയതന്ത്ര പ്രതിനിധികൾക്ക് സംശയമുണ്ട്. യുക്രെയ്ൻ യുദ്ധം അവസാനിച്ചതിനുശേഷം മാത്രമേ റഷ്യയെ ഉൾപ്പെടുത്തിയുള്ള പുതിയ സുരക്ഷാ സംവിധാനത്തെക്കുറിച്ച് ചർച്ച ചെയ്യാവൂവെന്ന് യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ വ്യക്തമാക്കി.
US asks Russia to propose new security deal with Europe as Trump pushes for Ukraine peace talks: Report













