അഫ്ഗാൻ, ഇറാൻ കുടിയേറ്റക്കാരെ പാകിസ്ഥാൻ വഴി നാടുകടത്താൻ ട്രംപ് ഭരണകൂടം; നീക്കം പാളി, വൻ വിവാദം

വാഷിംഗ്ടൺ: ഇറാനിയൻ, അഫ്ഗാൻ കുടിയേറ്റക്കാരെ നാടുകടത്തുന്നതിനുള്ള രഹസ്യ ഇടത്താവളമായി പാകിസ്ഥാനെ ഉപയോഗിക്കാനുള്ള ഡോണൾഡ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം വലിയ വിവാദത്തിലേക്ക്. ഇറാനികളുമായി പുറപ്പെട്ട നാടുകടത്തൽ വിമാനത്തെ സ്വീകരിക്കാൻ പാകിസ്ഥാൻ അവസാന നിമിഷം വിസമ്മതിച്ചതോടെ വിമാനം അമേരിക്കയിലേക്ക് തന്നെ തിരിച്ചിറക്കി. മനുഷ്യാവകാശ സംഘടനകളും യുഎസ് നിയമനിർമ്മാതാക്കളും ഈ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ അരിസോണയിലെ മെസയിൽ നിന്ന് ഇറാനിയൻ പൗരന്മാരുമായി പുറപ്പെട്ട ഐസ് ചാർട്ടർ വിമാനമാണ് 30 മിനിറ്റിന് ശേഷം അതേ വിമാനത്താവളത്തിൽ തിരിച്ചിറക്കിയത്. യാത്രക്കാരെ സ്വീകരിക്കാൻ പാകിസ്ഥാൻ പെട്ടെന്ന് വിസമ്മതിച്ചതാണ് ഇതിന് കാരണമെന്ന് ‘ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് ചെയ്യുന്നു. വിമാനത്തിലുണ്ടായിരുന്ന ഒമ്പത് ഇറാനിയൻ തടവുകാരെയും അരിസോണയിലെ ഇമിഗ്രേഷൻ കേന്ദ്രത്തിലേക്ക് മാറ്റി. ഞായറാഴ്ച എട്ട് ഇറാനികളെ പാകിസ്ഥാൻ വഴി നാടുകടത്താൻ നടത്തിയ മറ്റൊരു ശ്രമവും അവസാന നിമിഷം റദ്ദാക്കിയിരുന്നു.

ഇറാനുമായോ അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരുമായോ അമേരിക്കയ്ക്ക് ഔദ്യോഗിക നയതന്ത്ര ബന്ധമില്ലാത്തതിനാലാണ്, ഇരു രാജ്യങ്ങളുമായും അതിർത്തി പങ്കിടുന്ന പാകിസ്ഥാനെ ഇടനിലക്കാരാക്കാൻ ട്രംപ് ഭരണകൂടം ശ്രമിച്ചത്. വിഷയത്തിൽ അമേരിക്കയുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് പാകിസ്ഥാൻ സമ്മതിച്ചെങ്കിലും അന്തിമ തീരുമാനമായിട്ടില്ലെന്നാണ് ഇസ്ലാമാബാദിന്റെ നിലപാട്.

നേരത്തെ, നവംബർ മൂന്നിന് 200-ഓളം അഫ്ഗാൻ പൗരന്മാരെ പാകിസ്ഥാൻ വഴി താലിബാൻ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനിലേക്ക് നാടുകടത്താനുള്ള നീക്കം യുഎസ് ജില്ലാ കോടതി തടഞ്ഞിരുന്നു. മുൻ അമേരിക്കൻ സൈനിക സഹായികൾ, സ്ത്രീകൾ, കുട്ടികൾ, ന്യൂനപക്ഷങ്ങൾ എന്നിവരാണ് നാടുകടത്തൽ പട്ടികയിലുള്ളതെന്ന് യുഎസ് സെനറ്റർ ജീൻ ഷഹീൻ അടക്കമുള്ളവർ ചൂണ്ടിക്കാട്ടി. ഇവരെ തിരിച്ചയക്കുന്നത് പീഡനത്തിലേക്കും മരണത്തിലേക്കും തള്ളിവിടുന്നതിന് തുല്യമാണെന്ന് മനുഷ്യാവകാശ സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു.

താലിബാന് ആളുകളെ കൈമാറുന്നതിനുള്ള ‘പിൻവാതിലായി’ പാകിസ്ഥാൻ മാറരുതെന്ന് മുൻ അഫ്ഗാൻ നയതന്ത്രജ്ഞൻ അഷ്‌റഫ് ഹൈദരി ആവശ്യപ്പെട്ടു. അഫ്ഗാനികളെ പീഡനത്തിന് ഇരയാക്കുന്ന രീതിയിലുള്ള നാടുകടത്തലുകൾക്ക് പാകിസ്ഥാൻ കൂട്ടുനിന്നാൽ, ‘ഗ്ലോബൽ മാഗ്നിറ്റ്‌സ്‌കി ആക്ട്’ പ്രകാരം പാകിസ്ഥാൻ ഉദ്യോഗസ്ഥർക്കെതിരെ ഉപരോധം ഏർപ്പെടുത്തേണ്ടി വരുമെന്ന് 66 യുഎസ് കോൺഗ്രസ് അംഗങ്ങൾ കത്തിലൂടെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Trump administration attempts to deport Afghan and Iranian migrants via Pakistan; move fails, sparks major controversy.

More Stories from this section

family-dental
witywide