ന്യൂഡല്‍ഹി: കേന്ദ്ര സർക്കാർഎഥനോള്‍ മിശ്രിത പെട്രോള്‍ സുരക്ഷിതമാണെന്ന് ആവര്‍ത്തിക്കുമ്പോൾ ആശങ്കയറിയിച്ച് രാജ്യത്തെ വാഹന നിര്‍മാതാക്കളുടെ സംഘടന നല്‍കിയ പരാതി പിന്‍വലിച്ചു. കാര്‍ നിര്‍മാതാക്കള്‍, സര്‍ക്കാര്‍ തീരുമാനത്തെ പരസ്യമായി പിന്തുണയ്ക്കുമ്പോഴും ഇന്ധനത്തിലെ ക്ലോറൈഡിന്റെയും ഈര്‍പ്പത്തിന്റെയും അളവ് കൂടിയതു കാരണം വാഹനങ്ങള്‍ തകരാറിലാകുന്നുവെന്ന് ഇമെയില്‍ സന്ദേശങ്ങളില്‍ ആശങ്കപ്പെടുന്നുണ്ട്. ഇമെയിലുകളും ഇന്ധന പരിശോധന റിപ്പോര്‍ട്ടുകളും ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സാണ് വാര്‍ത്ത പുറത്തുവിട്ടത്.
രാജ്യത്തെ കാര്‍ വിപണിയുടെ 67 ശതമാനവും കൈയാളുന്ന മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര തുടങ്ങിയ മുന്‍നിര കമ്പനികളുടെ പ്രതിനിധികള്‍ പങ്കെടുത്ത ചര്‍ച്ചകളിലാണ് ഈ വിവരങ്ങളുള്ളത്. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി പെട്രോള്‍ പമ്പുകളില്‍ നിന്ന് 250ലധികം ഇന്ധന സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തിയിരുന്നു. പരിശോധിച്ച സാമ്പിളുകളില്‍ പലയിടത്തും അനുവദനീയമായതിലും അധികം ക്ലോറൈഡും ഈര്‍പ്പവും അടങ്ങിയിരിക്കുന്നതായി കണ്ടെത്തി. അംഗീകൃത പരിധി 3 പിപിഎം ആണെന്നിരിക്കെ, ഡല്‍ഹിയില്‍ 420 പിപിഎം വരെയും രാജസ്ഥാനില്‍ 570 പിപിഎം വരെയും ക്ലോറൈഡ് അളവ് രേഖപ്പെടുത്തിയിട്ടുണ്ട്.
വാഹനങ്ങളുടെ എന്‍ജിനുകള്‍ ഇന്ധനത്തിലെ ജൈവ ക്ലോറൈഡ് കാരണം പെട്ടെന്ന് കേടാകുന്നുണ്ടെന്നും ചിലപ്പോള്‍ 200 കിലോമീറ്ററിനുള്ളില്‍ തന്നെ എന്‍ജിന്‍ തകരാറിലാകാന്‍ ഇത് കാരണമാകുമെന്നും മഹീന്ദ്രയുടെ ഫ്‌ളൂയിഡ് ടെക്‌നോളജി വിഭാഗം സീനിയര്‍ എന്‍ജിനീയര്‍ ഇമെയിലില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ധനത്തിലെ മായം സംബന്ധിച്ച് ജാപ്പനീസ് വാഹന നിര്‍മാതാക്കളുടെ സംഘടനയായ സിയാം നല്‍കിയ കത്ത് വിവാദമായതിനെ തുടര്‍ന്ന് പിന്നീട് സാമ്പിളുകളുടെ അടിസ്ഥാനം കൃത്യമല്ലെന്നും ചില കണക്കുകള്‍ക്ക് ആധികാരികത വേണമെന്നും ചൂണ്ടിക്കാണിച്ച് പിന്‍വലിച്ചിരുന്നു.
അതേസമയം, രാജ്യത്ത് മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി നടപ്പാക്കിയ ഇ20 ഇന്ധന പദ്ധതിക്കെതിരെ വാഹന ഉപയോക്താക്കളില്‍ നിന്നും വ്യാപക പരാതികള്‍ ഉയരുന്നതിനിടയിലാണ് നിര്‍മാതാക്കളുടെ ഇമെയിലുകള്‍ പുറത്തായിരിക്കുന്നത്. നൂറുകണക്കിന് ആളുകളാണ് ഇതുവരെ മൈലേജ് കുറയുന്നുവെന്നും വാഹനങ്ങള്‍ക്ക് കൂടുതല്‍ തേയ്മാനം അനുഭവപ്പെടുന്നുവെന്നും ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുന്നത്.
The Centre maintains that ethanol-blended petrol is safe; however, vehicle manufacturers have expressed concern, noting that vehicles are prone to premature failure.











