
വിഖ്യാത പിന്നണി ഗായിക എസ് ജാനകി (88) അന്തരിച്ചു. ശ്വസനസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വൈകിട്ട് 7.30 ഓടെയായിരുന്നു അന്ത്യം. മരണവിവരം കൊച്ചുമകൾ അപ്സര വിദ്യുലയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ജാനകിയമ്മ എന്ന് ഏവരും സ്നേഹത്തോടെയും ബഹുമാനത്തോടെയും വിളിക്കുന്ന ഇവർ ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ ഏറ്റവും പ്രതിഭാധനരായ ഗായികമാരിൽ ഒരാളാണ്.
വിവിധ ഭാഷകളിലായി പതിനായിരക്കണക്കിന് ഗാനങ്ങൾ ആലപിച്ച അപൂർവ്വ പ്രതിഭയാണ് ആന്ധ്രപ്രദേശ് സ്വദേശിയായ ജാനകിയമ്മ. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി തുടങ്ങി 17 ഓളം ഭാഷകളിലായി സോളോ, ഡ്യുയറ്റ്, കോറസ് വിഭാഗങ്ങളിലായി 48,000-ത്തോളം പാട്ടുകൾ അവർ പാടിയിട്ടുണ്ട്. ഇവയ്ക്ക് പുറമെ ഇംഗ്ലീഷ്, ജാപ്പനീസ്, അറബിക്, ജർമൻ, സിംഹള ഭാഷകളിലും ഇവർ ശബ്ദമേകി. ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ചത് കന്നഡയിലും മലയാളത്തിലുമാണ്.
മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നാല് തവണ നേടിയ ജാനകിയമ്മയെ തേടി കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങളുടെ നിരവധിയായ പുരസ്കാരങ്ങളുമെത്തിയിട്ടുണ്ട്. 2013-ൽ കേന്ദ്ര സർക്കാർ പത്മഭൂഷൺ പ്രഖ്യാപിച്ചെങ്കിലും ദക്ഷിണേന്ത്യൻ കലാകാരന്മാരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് അവർ അത് നിരസിക്കുകയായിരുന്നു. പ്രയാസകരമായ ഈ സമയത്ത് കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് അപ്സര അഭ്യർത്ഥിച്ചു.
Legendary Playback Singer S Janaki Passes Away at 88















