
കൊച്ചി: 2029-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ സർക്കാർ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെടുമെന്ന് സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ പ്രവചനം. കേന്ദ്രത്തിൽ വലിയൊരു രാഷ്ട്രീയ മാറ്റത്തിനായി രാജ്യത്തെ ജനങ്ങൾ ഇപ്പോൾ തന്നെ തയ്യാറെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി.ജെ.പിയുടെ ‘ജന്തർ മന്തർ അറ്റ് കൊച്ചി’ കാമ്പെയ്ന്റെ ഭാഗമായി കൊച്ചി രാജേന്ദ്ര മൈതാനിയിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ നടപടികൾക്കെതിരെയും, ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിനെതിരെയും ശക്തമായ പ്രതിഷേധമാണ് യോഗത്തിൽ ഉയർന്നത്. രാജ്യത്ത് ജനാധിപത്യം നിലനിർത്താൻ സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് സംവിധാനം അത്യാവശ്യമാണെന്ന് ദിപ്കെ ആവർത്തിച്ചു.
ദേശീയ പതാകയേന്തി ജന്തർ മന്തറിൽ പ്രവേശിച്ചതിന് തന്നോടൊപ്പം സി.ജെ.പി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തെ ബ്രിട്ടീഷ് ഭരണത്തോടാണ് അദ്ദേഹം ഉപമിച്ചത്. “ദേശീയ പതാക ഉയർത്തിയതിനാണ് ഞങ്ങളെ ജയിലിലടച്ചത്. ബ്രിട്ടീഷ് ഭരണകാലത്താണ് ഇന്ത്യയിൽ അവസാനമായി ഇത്തരം സംഭവങ്ങൾ ഉണ്ടായത്. രാജ്യത്തിന്റെ ഏത് ഭാഗത്ത് വെച്ച് അറസ്റ്റ് ചെയ്താലും മടങ്ങിവന്ന് ത്രിവർണ്ണ പതാക ഉയർത്തുക തന്നെ ചെയ്യും,” അഭിജീത് ദിപ്കെ വ്യക്തമാക്കി.
ഭരണകൂടം ജനങ്ങളുടെ സ്വാതന്ത്ര്യത്തിന്മേൽ കടന്നുകയറുകയാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, ജനങ്ങൾ എന്ത് കഴിക്കണം, ആരെ വിവാഹം കഴിക്കണം എന്ന് നിയന്ത്രിക്കാൻ ശ്രമിച്ച സർക്കാർ, ഇപ്പോൾ ആർക്ക് വോട്ട് ചെയ്യണം എന്ന് വരെ വോട്ടർപട്ടിക പുതുക്കൽ പ്രക്രിയയിലൂടെ നിയന്ത്രിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചു. രാജ്യത്തെ യുവാക്കൾ ഭരണാധികാരികളെ ചോദ്യം ചെയ്യാൻ തുടങ്ങിയതോടെ അവരെ അരാജകവാദികളായി ചിത്രീകരിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. എന്നാൽ തങ്ങൾ അരാജകവാദികളല്ലെന്നും അംബേദ്കറുടെയും ഗാന്ധിയുടെയും നെഹ്റുവിന്റെയും ആദർശങ്ങൾ പിന്തുടരുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻകാല സർക്കാരുകൾ പൂർണ്ണതയുള്ളതായിരുന്നില്ലെങ്കിലും പ്രധാനമന്ത്രിയെപ്പോലും വിമർശിക്കാനുള്ള ജനാധിപത്യ സ്വാതന്ത്ര്യം രാജ്യത്തുണ്ടായിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
“The NDA government will be ousted in 2029; the people must prepare for a change of power at the Centre.”












