ബ്രോങ്ക്സ് സെൻറ് തോമസ് സീറോ മലബാർ ഫൊറോന ദേവാലയത്തിൽ ഇടവക തിരുന്നാൾ ആരംഭിച്ചു; ജൂലൈ 5 വരെ ആഘോഷിക്കുന്ന തിരുന്നാളിലെ ദുക്റാന ദിവസത്തെ മുഖ്യ കാർമ്മികൻ കർദ്ദിനാൾ മാർ ജോർജ് കൂവക്കാട്‌

ഷോളി കുമ്പിളുവേലി

ന്യൂയോർക്ക് : ഭാരത സഭയുടെ അപ്പസ്‌തോലനും, ബ്രോങ്ക്സ് ഇടവകയുടെ മദ്ധ്യസ്ഥനുമായ മാർതോമാ ശ്ലീഹായുടെ തിരുന്നാൾ തിരുക്കർമ്മങ്ങളോടെ ഭക്ത്യാഢംബരപൂർവം ആഘോഷിച്ചു വരുന്നു. ജൂൺ 25 ന് ആരംഭിച്ച ആഘോഷം ജൂലൈ 5 ഞായറാഴ്ച വരെ നീണ്ടുനിൽക്കും. കർദ്ദിനാൾ മാർ ജോർജ് കൂവക്കാട്‌ തിരുന്നാളിലെ ദുക്റാന ദിവസത്തെ മുഖ്യ കാർമ്മികത്വം നിർവഹിക്കും

ഇന്ന് (ജൂൺ 27) ശനിയാഴ്ച രാവിലെ 9 മണിക്ക് വിശുദ്ധ കുർബാനയും പതിവുപോലെ നിത്യസഹായ മാതാവിൻറെ നൊവേനയും തുടർന്നു തോമാ ശ്ലീഹായുടെ നൊവേനയും ഉണ്ടായിരിക്കും. തിരുക്കർമ്മങ്ങൾക്ക് റവ. ഫാ. ടോം മാളിയേക്കൽ മുഖ്യ കാർമ്മികത്വം വഹിക്കും. വിവാഹ ജീവിതത്തിൽ സിൽവർ ജൂബിലി പിന്നിട്ടവരെ അന്നേ ദിവസം പ്രത്യേകം ആശീർവദിക്കുന്നതാണ്. ഏഴാം വാർഡുകാരുടെ നേതൃത്വത്തിലാണ് ഈ ദിവസത്തെ ചടങ്ങുകൾ നടക്കുന്നത്. ജൂൺ 28 ഞായറാഴ്ച രാവിലെ 9:30 ന് പ്രസുദേന്തി വാഴ്ച്ച, തുടർന്ന് 9:45നു കൊടിയേറ്റം. 10 മണിക്ക് ആഘോഷമായ വിശുദ്ധ കുർബാനയും ശേഷം നൊവേനയും ഉണ്ടായിരിക്കും.

തിരുക്കർമ്മരങ്ങൾക്ക് ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് വടാന കാർമ്മികത്വം വഹിക്കും. ഇടവകയിലെ അൾത്താര ശുശ്രുഷികളേയും, യുക്രിസ്റ്റിക് മിനിസ്ട്രി അംഗങ്ങളെയും, ഗായക സംഘത്തേയും അന്നേ ദിവസം പ്രത്യേകം ആശീർവദിക്കുന്നതാണ്. ആറാം വാർഡുകാരാണ് ഞായറാഴ്ചത്തെ ചടങ്ങുകൾക്കു നേതൃത്വം നൽകുന്നത്.അന്നേദിവസം വൈകുന്നേരം 5 മണിക്ക് “പ്രസുദേന്തി നൈറ്റ്” : കുട്ടികളും മുതിർന്നവരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ. തദവസരത്തിൽ ഇടവകയിൽ നിന്നും ഇക്കൊല്ലം ഗ്രാജുവേറ്റു ചെയ്ത സ്കൂൾ -കോളേജ് വിദ്യാർത്ഥികളെ സീറോ മലബാർ കാത്തലിക് കോൺഗ്രസിൻറെ (എസ്.എം.സി.സി) നേതൃത്വത്തിൽ അനുമോദിക്കുന്നതാണ്.

ജൂൺ 29 തിങ്കളാഴ്ച വൈകുന്നേരം 7 മണിക്കുള്ള വിശുദ്ധ കുർബാനക്കും, നൊവേനക്കും റവ. ഫാ. ആന്റോ കണ്ണൻപുഴ കാർമ്മികത്വം വഹിക്കും. ഇടവകയിലെ അമ്മയാകാൻ പോകുന്നവരേയും, രണ്ടു വയസിൽ താഴെ പ്രായമുള്ള കുട്ടികളേയും പ്രത്യേകം ആശീർവദിക്കുന്നതാണ്. അഞ്ചാം വാർഡുകാരാണ് ചടങ്ങുകൾക്കു നേതൃത്വം നൽകുന്നത്.ജൂൺ 30 ചൊവ്വാഴ്ച വൈകുന്നേരം 7 മണിക്കുള്ള വിശുദ്ധ കുർബാനക്കും, നൊവേനക്കും റവ. ഫാ. റോയ് ചിറപുറത്ത് കാർമ്മികത്വം വഹിക്കും. ഇടവകയിലെ എല്ലാ കുടുംബനാഥൻമ്മാരെയും അന്നേ ദിവസം പ്രത്യേകം ആശീർവദിക്കുന്നതാണ്. നാലാം വാർഡുകാരുടെ നേതൃത്വത്തിലാണ് ഈ ദിവസത്തെ ചടങ്ങുകൾ നടക്കുന്നത്.

ജൂലൈ ഒന്നാം തീയതി ബുധനാഴ്ച വൈകുന്നേരം 7 മണിക്കുള്ള വിശുദ്ധ കുർബാനക്കും, നൊവേനക്കും റവ. ഫാ. ജോബി പൂച്ചൂകണ്ടത്തിൽ മുഖ്യ കാർമ്മികത്വം വഹിക്കും.എലിമെന്ററി ആൻഡ് മിഡിൽ സ്കൂൾ കുട്ടികളെ അന്നേ ദിവസം പ്രത്യേകം ആശീർവദിക്കുന്നതാണ്. മൂന്നാം വാർഡുകാരാണ് ബുധനാഴ്ചത്തെ ചടങ്ങുകൾക്കു നേതൃത്വം നൽകുന്നത് .ജൂലൈ രണ്ടാം തീയതി വ്യാഴാഴ്ച വൈകുന്നേരം 7 മണിക്കുള്ള വിശുദ്ധ കുർബ്ബാനക്കും, നൊവേനക്കും ഷിക്കാഗോ രൂപതയിലെ നവവൈദികൻ ഫാ. സാം കുട്ടപ്പശ്ശേരിയും, ഷിക്കാഗോ രൂപതയിലെ തദ്ദേശ്യനായ പ്രഥമ വൈദികനും, ബ്രോങ്ക്സ് ഇടവകാംഗവുമായ റവ. ഫാ. കെവിൻ മുണ്ടക്കലും കാർമ്മികരായിരിക്കും.

രണ്ടു വയസു മുതൽ കിൻഡർഗാർഡൻ വരെയുള്ള കുട്ടികളെ അന്നേ ദിവസം പ്രത്യേകം ആശീർവദിക്കുന്നതാണ്. രണ്ടാം വാർഡുകാരുടെ നേതൃത്വത്തിലാണ് ഈ ദിവസത്തെ ചടങ്ങുകൾ നടക്കുന്നത്. ദുക്റാന തിരുന്നാൾ ദിവസമായ ജൂലൈ മൂന്നാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്കുള്ള ആഘോഷമായ റാസ കുർബാനക്കും, തുടർന്നുള്ള നൊവേനക്കും കർദ്ദിനാൾ മാർ ജോർജ് കൂവക്കാട് മുഖ്യ കാർമ്മികനാകും. അന്നേദിവസം ഇടവകയിലെ എല്ലാ “തോമസ്” നാമധാരികളേയും കൂടാതെ പ്രസുദേന്തിമാരേയും പ്രത്യേകം ആശീർവദിക്കുന്നതാണ്. ഒന്നാം വാർഡുകാരാണ് അന്നേ ദിവസത്തെ ചടങ്ങുകൾക്കു നേതൃത്വം നൽകുന്നത്.

പ്രധാന തിരുന്നാൾ ദിവസമായ ജൂലൈ നാലാം തീയതി ശനിയാഴ്ച രാവിലെ 9:30നുള്ള ആഘോഷമായ തിരുന്നാൾ കുർബ്ബാനക്കു റവ. ഫാ. തദേവൂസ് അരവിന്ദത്തു മുഖ്യ കാർമ്മികത്വം വഹിക്കും. കുർബാനയ്ക്കു ശേഷം വാദ്യ മേളങ്ങളുടേയും മുത്തുകുടകളുടേയും അകമ്പടിയോടുകൂടി വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ട് ബ്രോങ്ക്സ് തെരുവീഥികളിലൂടെ ആഘോഷമായ പ്രദക്ഷിണo. തുടർന്ന് ദേവാലയത്തിൽ വിശുദ്ധ തോമാ ശ്ലീഹായുടെ തിരുശേഷിപ്പ് വണങ്ങുന്നതിനും, അടിമസമർപ്പണത്തിനുമുള്ള അവസരവും ഉണ്ടായിരിക്കും.

ജൂലൈ അഞ്ചാം തീയതി ഞായറാഴ്ച രാവിലെ പത്തു മണിക്ക് വിശുദ്ധ കുർബ്ബാനയും മരിച്ചവരുടെ ഓർമ്മയാചരണവും ഉണ്ടാകും. ഈ ലോക ജീവിതത്തിനു ശേഷം സ്വർഗ്ഗ മഹത്വത്തിൽ ചേർന്നവരായ ഇടവകാംഗങ്ങളുടെ അനുസ്മരണം. ദേവാലയത്തിലെ തിരുക്കർമ്മങ്ങൾക്ക് ശേഷം പത്തു ദിവസം നീണ്ടു നിന്ന തിരുന്നാൾ ആഘോഷങ്ങൾക്കു കൊടിയിറങ്ങും. അന്നേദിവസം ഉച്ചക്ക് 12 മണിക്ക് സെമിത്തേരി സന്ദർശനവും ഒപ്പീസും, പ്രാർഥനകളും ഉണ്ടാകും. തിരുക്കർമ്മങ്ങൾക്ക് ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് വടാന കാർമ്മികത്വം വഹിക്കും.

തിരുന്നാൾ ആഘോഷങ്ങളുടെ വിജയത്തിനായി കൈക്കാരമായ ജോർജ് പട്ടേരിൽ, ഡെന്നി കല്ലുകളം, അനിൽ ചാക്കോ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു. നമ്മുടെ പിതാവായ മാർതോമാ ശ്ലീഹായുടെ തിരുനാളിൽ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കാൻ എല്ലാ വിശ്വാസികളേയും ബ്രോങ്ക്സ് ഇടവകയിലേക്കു വികാരി റവ. ഫാ. കുര്യാക്കോസ് വടാനയും, പള്ളി കമ്മിറ്റി ഭാരവാഹികളും സ്വാഗതം ചെയ്യുന്നു.

The parish festival has begun at the Bronx St. Thomas Syro-Malabar Forona Church; Cardinal Mar George Koovakkad is the chief celebrant for the day of the festival, which will be celebrated until July 5.

More Stories from this section

family-dental
witywide