വ്യാജരേഖ ചമച്ച് പൗരത്വം നേടിയവർ ഭയപ്പെടണം; മുന്നറിയിപ്പുമായി അമേരിക്കൻ അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ച്

വാഷിംഗ്ടൺ: വ്യാജരേഖകളിലൂടെ അമേരിക്കൻ പൗരത്വം നേടിയ വിദേശികളെ പൗരത്വത്തിൽ നിന്നും പുറത്താക്കാനുള്ള നടപടികൾ ട്രംപ് ഭരണകൂടം ശക്തമാക്കുന്നു. ഇതിൻ്റെ ഭാഗമായി നിലവിൽ പൗരത്വമുള്ള പലരും പൗരന്മാരായി തുടരാൻ അർഹരല്ലെന്ന് ആക്ടിംഗ് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ച് സി.ബി.എസ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. രണ്ടാം ട്രംപ് ഭരണകൂടം കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിലെ ഏറ്റവും കൂടുതൽ പൗരത്വം റദ്ദാക്കൽ കേസുകളാണ് ഇപ്പോൾ കൈകാര്യം ചെയ്യുന്നത്. നിയമവിരുദ്ധമായോ വഞ്ചനയിലൂടെയോ പൗരത്വം നേടിയവർ ആശങ്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം ഫീനിക്സിൽ വെച്ച് വ്യക്തമാക്കി.

“നിങ്ങൾ ഈ രാജ്യത്ത് വന്ന് പൗരത്വം നേടാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് നിയമപരമായ വഴിയിലൂടെ ആയിരിക്കണം. തട്ടിപ്പിലൂടെയോ നിയമവിരുദ്ധമായോ ആണ് അത് നേടിയതെങ്കിൽ നിങ്ങൾ തീർച്ചയായും ഭയപ്പെടണം,” ബ്ലാഞ്ച് പറഞ്ഞു. ആരെയൊക്കെയാണ് പ്രധാനമായും ലക്ഷ്യം വെക്കുന്നത് എന്ന ചോദ്യത്തിന്, പ്രത്യേക വിഭാഗങ്ങളെ മാത്രമല്ല പൗരത്വം നേടാൻ അർഹതയില്ലാത്ത എല്ലാവരെയും നിരീക്ഷിക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാധാരണയായി മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്നവർക്കോ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായവർക്കോ എതിരെയാണ് ഇത്തരം കടുത്ത നടപടികൾ എടുക്കാറുള്ളത്. എന്നാൽ സാമ്പത്തിക തട്ടിപ്പ് നടത്തിയവരെയും ഈ പട്ടികയിൽ ഉൾപ്പെടുത്താൻ ട്രംപ് ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. പൗരത്വം റദ്ദാക്കുന്നത് ഒരു കടുത്ത നടപടിയാണെന്ന് സമ്മതിക്കുമ്പോൾ തന്നെ, പൗരത്വത്തിനായി വ്യാജരേഖകൾ ചമയ്ക്കുന്നത് അതിനേക്കാൾ വലിയ കുറ്റമാണെന്ന് ബ്ലാഞ്ച് ചൂണ്ടിക്കാട്ടി.

The Trump administration is stepping up efforts to strip foreigners of their citizenship by forging documents.

More Stories from this section

family-dental
witywide