ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതി ഇന്ത്യയിൽ, ബക്കിംഗ്ഹാം കൊട്ടാരത്തേക്കാൾ നാലിരട്ടി വലിപ്പം, അംബാനിയുടെ ‘ആൻ്റിലിയ’പോലും തോൽക്കും

വഡോദര: ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതി ഏതാണെന്ന് ചോദിച്ചാൽ ഭൂരിഭാഗം ഇന്ത്യക്കാരുടെയും മനസ്സിൽ ആദ്യം ഓടിയെത്തുക മുകേഷ് അംബാനിയുടെ മുംബൈയിലുള്ള അംബരചുംബിയായ ‘ആന്റിലിയ’ ആയിരിക്കും. എന്നാൽ, ആ ധാരണ തെറ്റാണെന്നാണ് പുതിയ വിവരങ്ങൾ വ്യക്തമാക്കുന്നത്. ആഡംബരത്തിലും വലുപ്പത്തിലും ആന്റിലിയെയയും ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ബക്കിംഗ്ഹാം കൊട്ടാരത്തെയും വരെ അമ്പരപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതി ഗുജറാത്തിലെ വഡോദരയിലാണ് സ്ഥിതി ചെയ്യുന്നത്. ചരിത്രപ്രസിദ്ധമായ ലക്ഷ്മി വിലാസ് കൊട്ടാരമാണ് ഈ അത്ഭുത നിർമ്മിതി.

ബറോഡയിലെ ഗെയ്ക്‌വാദ് രാജകുടുംബത്തിന്റെ ഔദ്യോഗിക വസതിയായ ഈ കൊട്ടാരം 500 ഏക്കറോളം വരുന്ന കൂറ്റൻ കാമ്പസിലാണ് വ്യാപിച്ചുകിടക്കുന്നത്. വെറുമൊരു വസതി എന്നതിലുപരി, പത്ത് ഹോളുകളുള്ള ഒരു ഗോൾഫ് കോഴ്സ്, ഒരു ക്രിക്കറ്റ് സ്റ്റേഡിയം, പുരാതനമായ ഒരു കിണർ , നിരവധി മനോഹരമായ തോട്ടങ്ങൾ എന്നിവയും ഈ കൊട്ടാര വളപ്പിലുണ്ട്.

ഇന്തോ-സാരസെനിക് വാസ്തുവിദ്യാ ശൈലിയിൽ നിർമ്മിച്ച ഈ കൊട്ടാരത്തിൽ 170-ലധികം മുറികളും മൂന്ന് വലിയ മുറ്റങ്ങളുമുണ്ട്. കൂടാതെ ഒരു ആയുധപ്പുര (ശാസ്ത്രഘർ), ബാഡ്മിന്റൺ-ടെന്നീസ് കോർട്ടുകൾ, വിപുലമായ ഒരു മ്യൂസിയം എന്നിവയും ഇതിന്റെ ഭാഗമാണ്. 2024-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന് സ്വീകരണമൊരുക്കിയ ചരിത്രപ്രസിദ്ധമായ ‘രാജകീയ ദർബാർ ഹാളും’ ഈ കൊട്ടാരത്തിലാണ്.

1880-കളിൽ മഹാരാജാ സയാജിറാവു ഗെയ്ക്‌വാദ് മൂന്നാമൻ നിർമ്മാണം ആരംഭിച്ച് 1890-ഓടെയാണ് ഇതിന്റെ പണി പൂർത്തിയാക്കിയത്. അക്കാലത്ത് ഏകദേശം 60 ലക്ഷം രൂപ ചിലവഴിച്ചാണ് ഈ അത്ഭുത നിർമ്മിതി പൂർത്തിയാക്കിയത്. ഇന്നത്തെ കാലത്ത് ഇത് ചിന്തിക്കാവുന്നതിലും അപ്പുറമുള്ള തുകയാണ്.

നിലവിൽ മഹാരാജാ സമരജിത്‌സിൻഹ് രഞ്ജിത്‌സിൻഹ് ഗെയ്ക്‌വാദും ഭാര്യ രാധികാരാജെ ഗെയ്ക്‌വാദും മക്കളുമടങ്ങുന്ന കുടുംബമാണ് ഇവിടെ താമസിക്കുന്നത്. മുൻ മാധ്യമപ്രവർത്തക കൂടിയായ രാധികാരാജെയും ഭർത്താവ് സമരജിത്‌സിൻഹും ചേർന്ന് ഈ കൊട്ടാരത്തിന്റെ വലിയൊരു ഭാഗം ഇപ്പോൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തിട്ടുണ്ട്. എല്ലാവർഷവും ഇവിടെ വച്ച് നൃത്തോത്സവങ്ങളും വിന്റേജ് കാർ ഷോകളും ക്രാഫ്റ്റ് മേളകളും സംഘടിപ്പിക്കാറുണ്ട്.

“ലക്ഷ്മി വിലാസ് കൊട്ടാരം ആത്യന്തികമായി ഇന്ത്യയിലെ ജനങ്ങൾക്കുള്ളതാണ്. ഇതിനെ ഞങ്ങളുടെ വീട് എന്ന് വിളിക്കാൻ കഴിയുന്നത് ഭാഗ്യമായി കരുതുന്നു,” എന്നാണ് രാധികാരാജെ കൊട്ടാരത്തെക്കുറിച്ച് അടുത്തിടെ വ്യക്തമാക്കിയത്.

The world’s largest private residence is in India; it is four times the size of Buckingham Palace—even Ambani’s ‘Antilia’ pales in comparison.

More Stories from this section

family-dental
witywide