
ന്യൂഡൽഹി: ആറുവർഷത്തെ ഇടവേളയ്ക്കുശേഷം ബിജെപിയും ശിരോമണി അകാലിദളും വീണ്ടും കൈകോർക്കുന്നു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇരുപാർട്ടികളും സഖ്യം പ്രഖ്യാപിച്ചത്. ബിജെപി അധ്യക്ഷൻ നിതിൻ നബിൻ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ശിരോമണി അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിങ് ബാദൽ എന്നിവർ ചേർന്നാണ് സഖ്യം പ്രഖ്യാപിച്ചത്.
‘ഞങ്ങളുടെ ഏറ്റവും പഴയ സഖ്യകക്ഷിയായ അകാലിദൾ എൻഡിഎയിലേക്ക് തിരിച്ചെത്തിയതിൽ ഏറെ സന്തോഷമുണ്ട്’ എന്നായിരുന്നു സഖ്യപ്രഖ്യാപനത്തിന് പിന്നാലെ അമിത് ഷായുടെ പ്രതികരണം. സഖ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സന്തോഷം പ്രകടിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. ഹിന്ദു-സിഖ് സാഹോദര്യത്തിന്റെ പ്രതീകമായാണ് പ്രധാനമന്ത്രി ഈ സഖ്യത്തെ വിശേഷിപ്പിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി.
സുഖ്ബീർ സിങ് ബാദലുമായി ബിജെപിക്ക് ദീർഘകാലത്തെ അടുത്ത ബന്ധമുണ്ടെന്നും ഇരുപാർട്ടികളും തമ്മിൽ ആഴത്തിലുള്ള ബന്ധമാണുള്ളതെന്നും അമിത് ഷാ പറഞ്ഞു. സഖ്യം പഞ്ചാബിൽ മാത്രമല്ല, രാജ്യത്തും ലോകത്താകമാനവും ഹിന്ദു-സിഖ് സാഹോദര്യത്തിന്റെ പ്രതീകമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2029 ഡിസംബറോടെ പഞ്ചാബിനെ ലഹരിവിമുക്തമാക്കുമെന്ന വാഗ്ദാനവും അമിത് ഷാ ആവർത്തിച്ചു. സീറ്റ് വിഭജനം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും സഖ്യത്തിൽ അകാലിദൾ വലിയ പങ്കാളിയായി തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. പഞ്ചാബിൽ നിന്നുള്ള നേതാവായിരിക്കും മുഖ്യമന്ത്രിയെന്നും അകാലിദളിന്റെ പ്രതിനിധി മുഖ്യമന്ത്രി സ്ഥാനത്തെത്തുമെന്നും അമിത് ഷാ സൂചിപ്പിച്ചു.
അതേസമയം, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയുടെ സീറ്റുകളുടെ എണ്ണം ഒറ്റ അക്കത്തിലേക്ക് ചുരുങ്ങുമെന്ന് അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിങ് ബാദൽ അവകാശപ്പെട്ടു. സഖ്യപ്രഖ്യാപനത്തെ വൈകാരിക ബന്ധത്തിന്റെ പുനഃസ്ഥാപനമായാണ് സുഖ്ബീർ സിങ് ബാദൽ വിശേഷിപ്പിച്ചത്. ‘ഇന്ന് ശുഭദിനമാണ്. സവിശേഷമായ അവസരത്തിലാണ് ഈ സഖ്യം രൂപീകരിക്കുന്നത്. ഇതൊരു രാഷ്ട്രീയ സഖ്യമല്ല, വൈകാരികമായ ബന്ധമാണ്. ബിജെപിയും അകാലിദളും തമ്മിലുള്ള ബന്ധം നഖവും മാംസവും പോലെയാണെന്ന് എന്റെ അന്തരിച്ച പിതാവ് പറയാറുണ്ടായിരുന്നു. ഈ സഖ്യം പഞ്ചാബിന് മാത്രമല്ല, രാജ്യത്തിനും സിഖ് സമൂഹത്തിനും ഗുണകരമാകും’ എന്നും അദ്ദേഹം പറഞ്ഞു.
2020-ൽ പുതിയ കാർഷിക നിയമങ്ങളോടുള്ള വിയോജിപ്പിനെത്തുടർന്നാണ് ശിരോമണി അകാലിദൾ എൻഡിഎ വിട്ടത്. സഖ്യം പുനഃസ്ഥാപിച്ചെങ്കിലും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച് ഇരുപാർട്ടികളും അന്തിമ ധാരണയിലെത്തിയിട്ടില്ല. 117 അംഗ പഞ്ചാബ് നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപി 40 സീറ്റുകളിൽ മത്സരിച്ചേക്കുമെന്നാണ് സൂചന. 2020-ൽ സഖ്യം വേർപിരിയുന്നതിന് മുമ്പ് ബിജെപി 23 സീറ്റുകളിലും അകാലിദൾ 94 സീറ്റുകളിലുമായിരുന്നു മത്സരിച്ചിരുന്നത്.
2022-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും വെവ്വേറെ മത്സരിച്ചപ്പോൾ ബിജെപിക്ക് രണ്ട് സീറ്റുകളും അകാലിദളിന് മൂന്ന് സീറ്റുകളും മാത്രമാണ് ലഭിച്ചത്. അതേസമയം, ബിജെപി-അകാലിദൾ സഖ്യം പഞ്ചാബിന്റെ ക്ഷേമത്തിന് ഗുണകരമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. സ്വാഭാവിക സഖ്യമാണിതെന്നും ജനങ്ങളുടെ പിന്തുണ നേടാൻ കഴിയുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.














