
മുംബൈ: പൊതുപാർക്കുകളിലെത്തുന്ന കമിതാക്കൾ മാന്യതയും മര്യാദയും പാലിക്കണമെന്ന് മുംബൈ മേയർ റിതു താവ്ഡെ. കുർളയിൽ പാർക്കിലെത്തിയ യുവാവിനെയും യുവതിയെയും പ്രായപൂർത്തിയാകാത്ത സംഘം ആക്രമിച്ച സംഭവത്തിന് പിന്നാലെയാണ് മേയറുടെ പ്രതികരണം. എന്നാൽ, ആക്രമണത്തിന് ഇരയായവരുടെ പെരുമാറ്റത്തെക്കുറിച്ചുള്ള മേയറുടെ പരാമർശം വിവാദമായിരിക്കുകയാണ്.
പാർക്കുകളിൽ കമിതാക്കൾക്ക് ഇരിക്കാമെന്നും എന്നാൽ പൊതുസ്ഥലങ്ങളിൽ അനുചിതമായ പെരുമാറ്റം ഒഴിവാക്കണമെന്നുമാണ് മേയർ പറഞ്ഞത്. വയോധികരും കുട്ടികളുമായി എത്തുന്ന അമ്മമാരും ഉൾപ്പെടെ വിവിധ പ്രായത്തിലുള്ളവർ എത്തുന്ന ഇടങ്ങളാണ് പൊതുപാർക്കുകൾ. അതിനാൽ ഇത്തരം ഇടങ്ങളിൽ മാന്യതയും അന്തസ്സും പാലിച്ച് പെരുമാറണമെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി ആക്രമണത്തിന് പിന്നിലുള്ളവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മേയർ ആവശ്യപ്പെട്ടു.
കുർള വെസ്റ്റിലെ ഒരു മാളിന് പിന്നിലുള്ള പ്രമോദ് മഹാജൻ ഗാർഡനിലാണ് ഏതാനും ദിവസങ്ങൾക്കുമുൻപ് ആക്രമണമുണ്ടായത്. പാർക്കിലെത്തിയ യുവാവിനെയും യുവതിയെയും പ്രായപൂർത്തിയാകാത്ത ആൺകുട്ടികളുടെ സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ വെള്ളിയാഴ്ച സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. പത്തുവയസ്സിനടുത്ത് പ്രായമുള്ള കുട്ടികൾ ഉൾപ്പെടെയുള്ളവർ സംഘത്തിലുണ്ടായിരുന്നുവെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. യുവാവിനെയും യുവതിയെയും വടികൊണ്ട് അടിക്കുകയും ഇടിക്കുകയും ചവിട്ടുകയും ചെയ്ത സംഘം രക്ഷപ്പെടാൻ ശ്രമിച്ച ഇരുവരെയും പിന്തുടരുന്നതും ദൃശ്യങ്ങളിലുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് എട്ടു പ്രായപൂർത്തിയാകാത്തവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ തുടർനടപടികൾക്കായി ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും.















