
മുംബൈ: മഹാരാഷ്ട്രയിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾക്ക് വഴിയൊരുങ്ങുന്നതായി സൂചന. ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി (എസ്പി) വിഭാഗത്തെ എൻഡിഎയിലേക്ക് അടുപ്പിക്കാൻ ബിജെപി നീക്കം നടത്തുന്നതായാണ് റിപ്പോർട്ടുകൾ. ധനകാര്യ വകുപ്പ് ഉൾപ്പെടെയുള്ള സുപ്രധാന വകുപ്പുകളും സർക്കാരിൽ നിർണായക സ്ഥാനങ്ങളും വാഗ്ദാനം ചെയ്തതായാണ് വിവരം. ഇരുവിഭാഗങ്ങളിലെയും എൻസിപി നേതാക്കളുടെ ഐക്യത്തിനും ശരദ് പവാർ നേതൃത്വം നൽകണമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ ആവശ്യം.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി ശരദ് പവാർ നേരിട്ട് ചർച്ചകൾ നടത്തുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. മണ്ഡല പുനർനിർണയവും വനിതാ സംവരണവുമായി ബന്ധപ്പെട്ട ബില്ലുകൾക്ക് പിന്തുണ നൽകുന്നതിന് പകരമായി മകൾ സുപ്രിയ സുളെയ്ക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി പദം നൽകണമെന്ന ആവശ്യം പവാർ മുന്നോട്ടുവച്ചതായും സൂചനയുണ്ട്. പാർലമെന്റിൽ ഈ ബില്ലുകൾക്ക് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാനുള്ള ബിജെപിയുടെ നീക്കത്തിന്റെ ഭാഗമായാണ് ചർച്ചകളെന്നാണ് റിപ്പോർട്ട്.
അതേസമയം, ബിജെപിക്കെതിരായ പരസ്യ വിമർശനങ്ങൾ ഒഴിവാക്കാൻ എൻസിപി (എസ്പി) നേതൃത്വം ജില്ലാതല നേതാക്കൾക്ക് നിർദേശം നൽകിയതായും വിവരമുണ്ട്. ഡിസംബർ 7 മുതൽ 9 വരെ രോഹിത് പവാറിന്റെ നേതൃത്വത്തിൽ വരൾച്ച ബാധിതരായ കർഷകർക്കായി നടത്താനിരുന്ന മാർച്ചിൽനിന്ന് വിട്ടുനിൽക്കാനും മുതിർന്ന നേതാക്കൾ ജില്ലാ അധ്യക്ഷന്മാരോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. രാഷ്ട്രീയ ചർച്ചകൾക്ക് തടസ്സമുണ്ടാകാതിരിക്കാനാണ് ഈ നീക്കമെന്നും സൂചനയുണ്ട്.
എന്നാൽ ബിജെപിയുമായുള്ള ചർച്ചകൾ അന്തിമ രാഷ്ട്രീയ ധാരണയിലെത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. രാഷ്ട്രീയ സാധ്യതകൾ തുറന്നിടുകയും അവസാന നിമിഷം നിലപാടുകളിൽ മാറ്റം വരുത്തുകയും ചെയ്യുന്ന നേതാവാണ് ശരദ് പവാറെന്ന് എൻസിപി (എസ്പി)യിലെ മുതിർന്ന നേതാവിനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നതുവരെ രാഷ്ട്രീയ നീക്കങ്ങളുടെ അന്തിമരൂപം വ്യക്തമാകില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.















