ഇറാനുമായുള്ള കരാറിന് ധൃതിയില്ല; 75 ശതമാനം സൈനിക ലക്ഷ്യങ്ങളും പൂർത്തിയാക്കിയെന്ന് ട്രംപ്, ചരിത്രത്തിലെ പല യുദ്ധങ്ങളും ഇതിനേക്കാൾ നീണ്ടുപോയിട്ടുണ്ടെന്നും ട്രംപ്

വാഷിംഗ്ടൺ: ഇറാനുമായുള്ള സമാധാന കരാറിനായി താൻ ആരുടെയും സമ്മർദ്ദത്തിന് വഴങ്ങില്ലെന്നും ഇക്കാര്യത്തിൽ യാതൊരു സമയപരിധിയും നിശ്ചയിച്ചിട്ടില്ലെന്നും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ‘എന്നെ ധൃതിപ്പെടുത്തേണ്ട’ എന്ന കർക്കശമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഇറാൻ ഭരണകൂടം നിലവിൽ കടുത്ത ആഭ്യന്തര കലഹത്തിലാണെന്നും അതുകൊണ്ട് തന്നെ യുഎസ് മുന്നോട്ടുവെച്ച നിർദ്ദേശങ്ങളിൽ മറുപടി നൽകാൻ താൻ അവരെ നിർബന്ധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാനുമായുള്ള യുദ്ധം വിചാരിച്ചതിലും നീണ്ടുപോകുന്നുണ്ടോ എന്ന ചോദ്യത്തെ ട്രംപ് പൂർണ്ണമായും തള്ളിക്കളഞ്ഞു. ചരിത്രത്തിലെ പല യുദ്ധങ്ങളും ഇതിനേക്കാൾ വർഷങ്ങളോളം നീണ്ടുനിന്നിട്ടുണ്ടെന്നും താൻ ലക്ഷ്യമിടുന്നത് ഏറ്റവും മികച്ച കരാറിലാണെന്നുമാണ് ട്രംപിൻ്റെ വാദം. ഇറാൻ്റെ 75 ശതമാനത്തോളം സൈനിക കേന്ദ്രങ്ങളും തകർത്തുകഴിഞ്ഞു. സമാധാന ചർച്ചകളോട് ഇറാൻ താല്പര്യം കാണിച്ചതുകൊണ്ടാണ് ആക്രമണങ്ങളുടെ വേഗത കുറച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. അമേരിക്കയുടെ ശക്തമായ സൈനിക നീക്കങ്ങൾ ഇറാനെ പ്രതിരോധത്തിലാക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

അതേസമയം, ഇറാനെതിരെ ആണവായുധം പ്രയോഗിക്കുമോ എന്ന ചോദ്യത്തോട് ട്രംപ് രൂക്ഷമായാണ് പ്രതികരിച്ചത്. “എന്തിനാണ് ഞാൻ ആണവായുധം ഉപയോഗിക്കുന്നത്? അത്തരം ചോദ്യങ്ങളുടെ ആവശ്യം പോലുമില്ല. സാധാരണ ആയുധങ്ങൾ ഉപയോഗിച്ച് തന്നെ നമ്മൾ അവരെ തകർത്തു കഴിഞ്ഞു. ഒരു രാജ്യവും ആണവായുധം ഉപയോഗിക്കാൻ പാടില്ല,” അദ്ദേഹം പറഞ്ഞു. സൈനികമായ പകുതിയിലേറെ ജോലികളും അമേരിക്ക പൂർത്തിയാക്കി കഴിഞ്ഞു. ഇനിയുള്ള നീക്കം കരാറിലേക്ക് എത്തുക എന്നതാണെന്നും, അതിന് തയ്യാറല്ലെങ്കിൽ സൈനികമായി തന്നെ ബാക്കി കാര്യങ്ങൾ പൂർത്തിയാക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

ഇറാൻ്റെ പ്രധാന വരുമാന മാർഗ്ഗമായ ഹോർമുസ് കടലിടുക്ക് തുറന്നുനൽകില്ലെന്ന നിലപാടും ട്രംപ് ആവർത്തിച്ചു. കടലിടുക്ക് തുറന്നാൽ പ്രതിദിനം 500 ദശലക്ഷം ഡോളർ ഇറാനിലേക്ക് ഒഴുകും. ഈ പണം അവർക്ക് ലഭിക്കുന്നത് തടയാനാണ് തൻ്റെ ശ്രമം. ഇറാൻ ഭരണനേതൃത്വത്തിനിടയിൽ വലിയ ഭിന്നതയുണ്ട്. അധികാരം നിലനിർത്താൻ അവർ തമ്മിൽ കടികൂടുകയാണ്. ഈ സമ്മർദ്ദം ഇറാൻ കരാറിലെത്തുന്നത് വരെ തുടരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

There is no rush to reach a deal with Iran; Trump says 75 percent of military objectives have been achieved

More Stories from this section

family-dental
witywide