ട്വന്റി20 ചീഫ് സാബു എം ജേക്കബുമായുള്ള ചാറ്റുകൾ ഫേസ്ബുക്കിൽ പങ്കുവെച്ച് അഖിൽ മാരാർ. താൻ നേരിട്ട രാഷ്ട്രീയ ചതികളുടെ സത്യം ജനങ്ങളെ അറിയിക്കാനും പറ്റിയ തെറ്റ് തിരുത്താനുമാണ് പോസ്റ്റെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിലോ തൃപ്പൂണിത്തുറയിലോ മത്സരിക്കാനാണ് താൻ ആഗ്രഹിച്ചിരുന്നതെന്നും, എന്നാൽ ജയസാധ്യതയില്ലാത്ത മണ്ഡലത്തിൽ നിർത്തി സാബു ജേക്കബ് തന്നെ ചതിക്കുകയായിരുന്നുവെന്നും അഖിൽ മാരാർ ആരോപിക്കുന്നു.
കൊട്ടാരക്കരയിൽ സ്വതന്ത്രനായി മത്സരിക്കാൻ ആഗ്രഹിച്ചതാണ് ട്വന്റി20യുമായി അടുക്കാൻ കാരണമെന്ന് അദ്ദേഹം പറയുന്നു. ബിജെപി വോട്ടുകൾക്ക് പുറമെ സ്വന്തം വ്യക്തിബന്ധങ്ങൾ വഴിയുള്ള വോട്ടുകൾ നേടി പോരാട്ടം ത്രികോണ മത്സരമാക്കാനാണ് താൻ ലക്ഷ്യമിട്ടത്. പിന്നീട് തൃപ്പൂണിത്തുറ സീറ്റ് ട്വന്റി20ക്ക് നൽകി ബിജെപി മാന്യത കാണിച്ചെങ്കിലും സാബു ജേക്കബ് തന്നെ വീണ്ടും ചതിക്കുകയായിരുന്നു. ബിജെപിയിലെ ഒരു നേതാവും സാബു ജേക്കബും ചേർന്ന് മികച്ച മുന്നേറ്റമുണ്ടാക്കാവുന്ന സീറ്റിൽ താൻ മത്സരിക്കുന്നത് തടഞ്ഞുവെന്നും, എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പോലുമില്ലാതെയാണ് പ്രവർത്തിക്കേണ്ടി വന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
തിരഞ്ഞെടുപ്പിന് ശേഷം സാബു ജേക്കബിന് 40 കോടി രൂപ ഫണ്ടായി ബിജെപി നൽകിയതായി പാർട്ടിയിലെ ചില മുതിർന്ന നേതാക്കളിൽ നിന്ന് വിവരം ലഭിച്ചെന്നും അഖിൽ മാരാർ വെളിപ്പെടുത്തി. തിരഞ്ഞെടുപ്പിന് ശേഷം സാബു ജേക്കബിനെ പലതവണ വിളിച്ചെങ്കിലും ഫോൺ എടുക്കാനോ സന്ദേശങ്ങൾക്ക് മറുപടി നൽകാനോ അദ്ദേഹം തയ്യാറായില്ല. എൻഡിഎയുടെ ഭാഗമായതിന്റെ പേരിൽ സമൂഹത്തിൽ പലയിടത്തുനിന്നും മാറ്റിനിർത്തപ്പെടുകയും വെറുപ്പ് നേരിടേണ്ടി വരികയും ചെയ്തത് അറിയിച്ചിട്ടും സാബു ജേക്കബ് പ്രതികരിച്ചില്ലെന്നും, ഇതിന്റെയെല്ലാം പഴി താൻ കേൾക്കേണ്ട ആവശ്യമില്ലെന്നും അഖിൽ മാരാർ കൂട്ടിച്ചേർത്തു.
അഖിൽ മാരാരുടെ കുറിപ്പ്
ഈ ചാറ്റുകൾ എനിക്ക് നേരിട്ട ചതികളുടെ സത്യം പറയും…
ഇതെല്ലാം തിരഞ്ഞെടുപ്പിന് മുൻപ് ഞാൻ സംസാരിച്ച കാര്യങ്ങൾ ആണ്..
പറ്റിയ തെറ്റ് തിരുത്തണം എന്ന ചിന്തയാണ് ഈ പോസ്റ്റിനു പിന്നിൽ..
കൊട്ടാരക്കരയിൽ സ്വതന്ത്രൻ ആയി മത്സരിക്കണം എന്ന ചിന്തയാണ് 20/20 യിലേക്ക് എന്നെ അടുപ്പിച്ചത്..
കൊട്ടാരക്കരയിലെ ബിജെപി വോട്ടുകൾക്ക് പുറമെ എന്റെ വ്യക്തിബന്ധത്തിൽ നേടി എടുക്കാൻ കഴിയുന്ന വോട്ടുകൾ കൂടി വരുമ്പോൾ മത്സരം ത്രികൊണമായി മാറും.. ആ സാധ്യത മാത്രമാണ് ഞാൻ മുന്നിൽ കണ്ടത്.. എന്നാൽ സീറ്റ് നൽകാതെ അവർ എന്നെ ചതിച്ചു..
പിന്നീട് തൃപ്പൂണിത്തുറ സീറ്റ് 20/20 യ്ക്ക് നൽകി ബിജെപി എന്നോട് മാന്യത കാണിച്ചു. എന്നാൽ അവിടെയും സാബു ജേക്കബ് എന്നെ ചതിച്ചു.. ജയ സാധ്യതയോ അല്ലെങ്കിൽ മികച്ച മുന്നേറ്റമൊ ഉണ്ടാക്കുന്ന ഒരു സീറ്റിൽ അഖിൽ മാരാർ മത്സരിക്കരുത് എന്ന് ബിജെപിയിലെ സ്‌കൂട്ടർ തട്ടിപ്പ് നേതാവും തീരുമാനിച്ചിരുന്നു..
35%ക്രിസ്ത്യൻ വോട്ടുകൾ ഉള്ള തൃക്കാക്കരയിൽ ഉമ്മൻ ചാണ്ടി സാറിന്റെ മരുമകനെ നിർത്തിയാൽ കൂടുതൽ നേട്ടം ഉണ്ടാക്കാം എന്നിരിക്കെ ബിജെപിക്ക് സ്വാധീനം ഉള്ള കൊടുങ്ങല്ലൂർ ഇവർ വാങ്ങി എടുത്തു..
യാതൊരു രാഷ്ട്രീയ ബോധവുമില്ലാത്ത കുറെ പേരെ സീറ്റ് നൽകി NDA യ്ക്ക് മൊത്തത്തിൽ നാണക്കേട് ഉണ്ടാക്കി.. തൃക്കാക്കരയിൽ 15000 വോട്ട് ഡോക്ടർ ടെറി എന്ന സ്ഥനാർത്ഥിക്ക് ലഭിച്ചത് നിക്പക്ഷരുടെ വോട്ടും സഭയിൽ ഉള്ള അദ്ദേഹത്തിന്റെ ബന്ധവും വർഷങ്ങളായി തൃക്കാക്കരയിൽ പ്രാക്ടീസ് ചെയ്യുന്ന വ്യക്തിയും ആയത് കൊണ്ടാണ് അല്ലാതെ തികച്ചു 10 പേര് പോലും ഈ പാർട്ടിയിൽ പ്രവർത്തിക്കാൻ ഇല്ലായിരുന്നു.. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഇല്ലാത്ത ഒരേ ഒരു NDA സ്ഥാനാർഥി ഞാൻ ആയിരുന്നു.. ഒരു കൗൺസിലർ പോലും ഇല്ലാത്ത ഒരു മണ്ഡലത്തിൽ സോഷ്യൽ മീഡിയ വഴി ഞാൻ ഉണ്ടാക്കിയ ഓളം മാത്രമേ ഉണ്ടായിരുന്നുള്ളു..
കുറച്ചു ബിജെപി പ്രവർത്തകർ മാത്രം ആത്മാർത്ഥമായി എനിക്ക് വേണ്ടി വർക് ചെയ്തു.. 20/20 യുടെ രണ്ട് പേരാണ് മുഴുവൻ സമയം വർക് ചെയ്യാൻ ഉണ്ടായിരുന്നത്.. ഇതിനെല്ലാം പുറമെ കോടികൾ ലഭിച്ചെന്ന ആക്ഷേപവും കേൾക്കേണ്ടി വരുന്നു.. തിരഞ്ഞെടുപ്പിന് ശേഷം പല പ്രാവശ്യം ഞാൻ വിളിച്ചിട്ട് ഫോൺ എടുത്തില്ല.. മെസ്സേജ് അയച്ചിട്ട് മറുപടി ഇല്ല.. ഒരു രാഷ്ട്രീയ പ്രവർത്തനവും അവർക്കില്ല..
ഇഷ്ട്ടപെട്ടവരുടെ ഇടയിൽ നിന്നും രാഷ്ട്രീയം മൂലം ലഭിക്കുന്ന വെറുപ്പും സമൂഹത്തിൽ പല ഇടങ്ങളിൽ നിന്നും NDA യുടെ ഭാഗമായതിന്റെ പേരിൽ ഒഴിവാക്കപ്പെടുന്നതുമൊക്കെ അറിയിച്ചിട്ടും സാബു ജേക്കബിന് ഒരു മറുപടിയും ഇല്ല.. 40 കോടി രൂപ തിരഞ്ഞെടുപ്പ് ഫണ്ട് ആയി സാബു ജേക്കബിനു നൽകിയതായി ബിജെപിയിലെ ചില മുതിർന്ന നേതാക്കൾ വഴി അറിഞ്ഞു.. ഇതിന്റെ പഴി ഞാൻ കേൾക്കേണോ..?
Akhil Marar Leaks WhatsApp Chats With Sabu M Jacob, Alleges Betrayal In Seat Selection And Rs 40 Crore BJP Fund Claim














