ഇറാനുമായുള്ള യുദ്ധം അവസാനിച്ചിട്ടില്ല; ലക്ഷ്യം പൂർണ്ണമായും കൈവരിച്ചിട്ടില്ലെന്ന് നെതന്യാഹു; യുറേനിയം ശേഖരം നീക്കം ചെയ്യണമെന്ന് ആവശ്യം

ടെഹ്റാൻ: ഇറാനുമായുള്ള സംയുക്ത സൈനിക നീക്കം വലിയ വിജയമാണെങ്കിലും ലക്ഷ്യം പൂർണ്ണമായും കൈവരിച്ചിട്ടില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പ്രമുഖ അമേരിക്കൻ ചാനലായ സി.ബി.എസ്സിന്റെ ’60 മിനിറ്റ്‌സ്’ എന്ന പരിപാടിക്ക് നൽകിയ അഭിമുഖത്തിലാണ് നെതന്യാഹു ഈ നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയത്. ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം പൂർണ്ണമായും അവിടെനിന്ന് നീക്കം ചെയ്യണമെന്നും ആണവ കേന്ദ്രങ്ങൾ തകർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇറാനിലെ നിലവിലെ സ്ഥിതിഗതികളിൽ ഇനിയും തിരുത്തലുകൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുദ്ധത്തിന്റെ തുടക്കത്തിൽ ഇറാനുണ്ടായിരുന്ന പല സൈനിക ശേഷികളും അവർ ഇപ്പോഴും നിലനിർത്തുന്നുണ്ടെന്ന് നെതന്യാഹു ചൂണ്ടിക്കാട്ടി. സമ്പുഷ്ടീകരിച്ച യുറേനിയം ഉപേക്ഷിക്കാനോ ആണവ പ്ലാന്റുകൾ പ്രവർത്തനരഹിതമാക്കാനോ ഇറാൻ ഇതുവരെ തയ്യാറായിട്ടില്ല. പ്രാദേശിക തലത്തിലുള്ള സായുധ സംഘങ്ങൾക്കുള്ള പിന്തുണയും ബാലിസ്റ്റിക് മിസൈൽ നിർമ്മാണവും ഇറാൻ തുടരുകയാണ്. സംയുക്ത ആക്രമണങ്ങളിലൂടെ ഇറാന്റെ ശേഷി വലിയ തോതിൽ കുറയ്ക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും ഭീഷണി പൂർണ്ണമായും ഒഴിഞ്ഞിട്ടില്ലെന്നും അതുകൊണ്ട് തന്നെ ദൗത്യം തുടരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സമ്പുഷ്ടീകരിച്ച യുറേനിയം ഇറാന്റെ മണ്ണിൽ നിന്ന് ഭൗതികമായി തന്നെ നീക്കം ചെയ്യാൻ സാധിക്കുമെന്നാണ് ഇസ്രായേൽ നിലപാട്. ഇതുമായി ബന്ധപ്പെട്ട് മുൻപ് ഡോണൾഡ് ട്രംപുമായി നടത്തിയ ചർച്ചകളും നെതന്യാഹു അഭിമുഖത്തിൽ അനുസ്മരിച്ചു. സൈനിക നടപടികളെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ലെങ്കിലും ഒരു കരാറിലൂടെ യുറേനിയം പുറത്തെത്തിക്കുന്നതാണ് ഏറ്റവും നല്ല മാർഗ്ഗമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യുറേനിയം നീക്കം ചെയ്യുന്നതിന് പ്രത്യേക സമയപരിധി നിശ്ചയിക്കാൻ വിസമ്മതിച്ച അദ്ദേഹം, ഇതൊരു അതീവ ഗൗരവമേറിയ ദൗത്യമാണെന്നും നയതന്ത്ര ചർച്ചകൾക്കപ്പുറം ഇതിൽ പ്രായോഗിക നടപടികൾ ആവശ്യമാണെന്നും വ്യക്തമാക്കി.

More Stories from this section

family-dental
witywide