സിഎംആർഎൽ – എക്സാലോജിക് ഇടപാടിൽ 45 ലക്ഷത്തോളം രൂപ വീണ ടി ഇൻവോയിസ് ഇല്ലാതെ കൈപ്പറ്റിയെന്നും 2017 ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിലാണ് പണം ലഭിച്ചതെന്നും ഇ ഡി പറയുന്നു. വീണ പണം കൈപ്പറ്റിയത് ഐടി മാർക്കറ്റിംഗ് കൺസൾട്ടന്റ് എന്ന പേരിലായിരുന്നുവെന്നുവെന്നും എക്സലോജിക്കിന് മാസം 3 ലക്ഷം ലഭിച്ചെന്നും റിപ്പോർട്ടിൽ ഉണ്ട്.
അതേസമയം, വീണ ടി ഉൾപ്പെടെയുള്ളവരുടെ സ്വത്തുക്കൾ ഈയാഴ്ച കണ്ടുകെട്ടിയേക്കും. മരവിപ്പിച്ച സ്വത്തുക്കൾ സംബന്ധിച്ച വിവരങ്ങൾ അഡ്ജ്യൂഡിക്കേറ്റിങ് കമ്മിറ്റിയ്ക്ക് ഇ ഡി കൈമാറി. സിഎംആർഎൽ എം ഡി എൻ ശശിധരൻ കർത്തയുടെയും ബന്ധുക്കളുടെയും 29 കോടി രൂപയും വീണ ടിയുടെ 17 ലക്ഷത്തോളം രൂപയും മരവിപ്പിച്ചു. വീണ ടിയെ വീണ്ടും ചോദ്യം ചെയ്യാനാണ് ഇ ഡി നീക്കം. സിഎംആർഎൽ കള്ളപ്പണം വെളുപ്പിക്കലിന് കൂടുതൽ തെളിവുകൾ ലഭിച്ചുവെന്നും ഇ ഡി റിപ്പോർട്ടിൽ അവകാശപ്പെടുന്നു.
ചരക്ക് നീക്കത്തിന്റെ ചെലവെന്ന പേരിൽ ട്രാൻസ്പോർട്ടർമാരുടെ അക്കൗണ്ടിലേക്ക് പണം കൈമാറും , പിന്നാലെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ച് സിഎംആർഎൽ ന്റെ ഉന്നത ഉദ്യോഗസ്ഥർക്ക് തിരികെ നൽകും. ഇതിന് ട്രാൻസ്പോർട്ടർമാർക്ക് ലഭിക്കുക 7% കമ്മീഷനാണ്. ട്രാൻസ്പോർട്ടർമാരുടെ ചോദ്യം ചെയ്യലിലാണ് പ്രധാനപ്പെട്ട വിവരങ്ങൾ ലഭിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
കേസിൽ വീണയുടെ പങ്കാളിത്തമുള്ള കമ്പനിയായ ലേക് ഇന്ത്യ കോർപ്പറേഷനെ കേന്ദ്രീകരിച്ചും കൂടുതൽ അന്വേഷണം ഉണ്ടാകും. സിഎംആർഎൽ നഷ്ടത്തിലായിരുന്നിട്ടും പൊതുഓഹരിയുടമകൾക്ക് ലാഭവിഹിതം (ഡിവിഡൻഡ്) നൽകാതിരുന്ന സാഹചര്യത്തിൽ പോലും, എസ്.എൻ. ശശിധരൻ കർത്ത, ശരൺ എസ്. കർത്ത, അനിൽ ആനന്ദ് പണിക്കർ എന്നിവർക്ക് അമിത പ്രതിഫലം നൽകിയതായും ഇഡി കണ്ടെത്തിയിട്ടുണ്ട്.
CMRL-Exalogic deal: ED report states Veena received ₹45 lakh without an invoice.












