മിന്നൽപ്രളയം; നേപ്പാളിലെ ജലവൈദ്യുത നിലയത്തിൽ കുടുങ്ങിയ 46 തൊഴിലാളികളും ജീവനോടെയുണ്ടാകുമെന്ന് പ്രതീക്ഷ

കാഠ്മണ്ഡു: നേപ്പാളിൽ കഴിഞ്ഞയാഴ്ചയുണ്ടായ കനത്ത മിന്നൽപ്രളയത്തിൽ 1,100-ലേറെ പേർ മരിക്കുകയും വ്യാപക നാശനഷ്ടമുണ്ടാകുകയും ചെയ്തതിനിടെ, റസുവാഗഢി ജലവൈദ്യുത നിലയത്തിലെ ഭൂഗർഭ അറയിൽ കുടുങ്ങിയ 46 തൊഴിലാളികൾ ജീവനോടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി നേപ്പാൾ വൈദ്യുതി അതോറിറ്റി അധികൃതർ.

തുരങ്കത്തിനുള്ളിലെ മുറിക്ക് സമാനമായ ഭാഗത്താണ് 46 പേർ കുടുങ്ങിക്കിടക്കുന്നതെന്ന് നേപ്പാൾ വൈദ്യുതി അതോറിറ്റി ബോർഡ് അംഗം അംശു കിരൺ ഷാഹി പറഞ്ഞു. ഇവരുടെ പക്കൽ ഭക്ഷണവും വെള്ളവും ഉള്ളതിനാൽ ഒരാഴ്ച കഴിഞ്ഞിട്ടും ജീവനോടെ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

തുരങ്കത്തിലൂടെ നടന്നുപോകാൻ കഴിയുന്ന ഏക പദ്ധതിയാണിതെന്നും മൂന്ന് ദിവസം മുമ്പ് സൈന്യം രക്ഷാപ്രവർത്തനം നടത്തിയെങ്കിലും തൊഴിലാളികൾ കഴിയുന്ന മുറി കണ്ടെത്താനായില്ലെന്നും ഷാഹി പറഞ്ഞു. വീണ്ടും തുരങ്കത്തിനുള്ളിലേക്ക് പ്രവേശിച്ച് തിരച്ചിൽ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

തുരങ്കത്തിനുള്ളിൽ വരണ്ട ഭാഗമുണ്ടെന്ന് വിവരം ലഭിച്ചതിനാൽ തൊഴിലാളികളെ ജീവനോടെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. നേപ്പാളിൽ ലഭ്യമായ എല്ലാ സാങ്കേതികവിദ്യകളും ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നതെന്നും ഇന്ത്യ, ചൈന, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽനിന്നുള്ള സഹായം തേടിയിട്ടുണ്ടെന്നും ഓസ്ട്രേലിയയിൽനിന്നുള്ള വിദഗ്ധരും പ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റസുവാ ജില്ലയിൽ സ്ഥിതി ചെയ്യുന്ന റസുവാഗഢി ജലവൈദ്യുത പദ്ധതി 111 മെഗാവാട്ട് ശേഷിയുള്ളതാണ്. ഭൂഗർഭ അറയിൽ 46 തൊഴിലാളികളാണ് ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതെന്നാണ് കണക്ക്. മറ്റ് സ്ഥലങ്ങളിലെ തുരങ്കങ്ങളിലും വൈദ്യുത നിലയങ്ങളിലെ ആളുകൾക്ക് കഴിയാനുള്ള ഭാഗങ്ങളിലും തൊഴിലാളികൾ കുടുങ്ങിയിട്ടുണ്ടാകാമെന്ന സംശയത്തിൽ രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണെന്ന് നേപ്പാൾ സൈനിക വക്താവ് രാജാ റാം ബസ്നെറ്റ് പറഞ്ഞു.

ഓഗസ്റ്റ് 26ന് നേപ്പാൾ-ടിബറ്റ് അതിർത്തിക്ക് സമീപമുണ്ടായ മഞ്ഞും പാറകളും ഇടിഞ്ഞുവീണതാണ് ദുരന്തത്തിന് കാരണമായത്. ഭോട്ടെകോശി നദിയിലുണ്ടായ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1,127 ആയി ഉയർന്നതായി നേപ്പാൾ പൊലീസ് അറിയിച്ചതായി ‘കാഠ്മണ്ഡു പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു. ഇനിയും 4,858 പേരെ കണ്ടെത്താനുണ്ടെന്നും അധികൃതർ അറിയിച്ചു. പ്രളയബാധിത മേഖലകളിൽനിന്ന് 6,541 പേരെ ഇതിനകം രക്ഷപ്പെടുത്തിയിട്ടുണ്ട്.

‘Very confident they are alive’: Official on workers trapped in Nepal’s Rasuwagadhi hydropower plant

More Stories from this section

family-dental
witywide