സ്കൂൾ വാനിൽ ട്രെയിൻ ഇടിച്ച് അപകടം, രണ്ട് വിദ്യാർഥികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു, നിരവധി കുട്ടികൾക്ക് പരിക്ക്

കൊൽക്കത്ത: ബംഗാളിലെ മുർഷിദാബാദിൽ റെയിൽവേ ക്രോസിങ്ങിൽ ട്രെയിൻ സ്കൂൾ വാനിലിടിച്ച് രണ്ട് വിദ്യാർഥികൾ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. അപകടത്തിൽ നിരവധി കുട്ടികൾക്ക് പരുക്കേറ്റിട്ടുണ്ട്. രാവിലെ ഏഴ് മണിയോടെ മുർഷിദാബാദിലെ ബഹരംപുർ മേഖലയിലുള്ള കർണസുബർണ റെയിൽവേ ക്രോസിങ്ങിലാണ് ദാരുണമായ സംഭവം നടന്നത്. കുട്ടികളുമായി പോവുകയായിരുന്ന സ്കൂൾ വാനിലേക്ക് നിംതിത-കത്വ പാസഞ്ചർ ട്രെയിൻ ഇടിക്കുകയായിരുന്നു.

അപകടസമയത്ത് റെയിൽവേ ക്രോസിന്റെ ഗേറ്റ് തുറന്നുകിടക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഒരു വശത്തുനിന്നുള്ള ട്രെയിൻ കടന്നുപോയതിന് പിന്നാലെ, തൊട്ടടുത്ത ട്രാക്കിലൂടെ മറ്റൊരു ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് വീണ്ടും തുറന്നുകൊടുത്തതാണ് അപകടത്തിന് കാരണമായത്. റെയിൽവേ ഗേറ്റ്മാന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അപകടത്തിന്റെ ആഘാതത്തിൽ സ്കൂൾ വാൻ പൂർണ്ണമായി തകർന്നു. പരുക്കേറ്റ വിദ്യാർഥികളെ ഉടൻ തന്നെ മുർഷിദാബാദ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും റെയിൽവേ അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് റെയിൽവേ ഉത്തരവിട്ടു.

Three Killed as Train Hits School Van at Railway Crossing in Bengal

More Stories from this section

family-dental
witywide