
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഴയ സഹപാഠിയായ അസ്ഗർ അലി വോറയുടെ 19 വർഷം നീണ്ട ഭൂമി തർക്കത്തിന് ഒടുവിൽ പരിഹാരമായി. മഹാരാഷ്ട്രയിലെ മീരാ-ഭയാന്ദറിലുള്ള 2,810 ചതുരശ്ര മീറ്റർ സ്ഥലത്തിന്റെ ഉടമസ്ഥാവകാശമാണ് 81-കാരനായ അസ്ഗർ അലി വോറയ്ക്ക് റവന്യൂ രേഖകളിൽ തിരികെ ലഭിച്ചത്. ഗുജറാത്തിലെ വഡ്നഗറിലുള്ള ബി.എൻ. സ്കൂളിൽ നരേന്ദ്ര മോദിക്കൊപ്പം പഠിച്ച ഇദ്ദേഹം സെപ്റ്റംബർ എട്ടിന് പ്രധാനമന്ത്രിയെ നേരിൽ കണ്ട് പരാതി അറിയിച്ച് മൂന്ന് മാസത്തിനകമാണ് വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിന് അനുകൂല തീരുമാനമുണ്ടായത്.
1989-ൽ സ്ഥലമുടമയായ പോൾ ആന്റണി ഫെർണാണ്ടസിൽ നിന്ന് അസ്ഗർ അലി വോറയും ദാവൂദ് വോറയും ചേർന്ന് രജിസ്റ്റർ ചെയ്ത കരാറിലൂടെയാണ് ഈ ഭൂമി വാങ്ങിയത്. 2007-ൽ ഇവരുടെ പേരുകൾ റവന്യൂ രേഖകളിൽ ചേർത്തെങ്കിലും, അതേവർഷം മുൻ ഉടമയുടെ അവകാശികളിൽ ഒരാളെക്കുറിച്ചുള്ള അന്വേഷണത്തിനിടെ അധികൃതർ വോറയുടെയും ദാവൂദ് വോറയുടെയും പേരുകൾ റദ്ദാക്കി. ഇതോടെയാണ് ഭൂമിയെച്ചൊല്ലിയുള്ള തർക്കങ്ങൾക്ക് തുടക്കമായത്; തുടർന്ന് 2011-ൽ ‘സ്വയം ബിൽഡേഴ്സ്’ പവർ ഓഫ് അറ്റോർണി ഉപയോഗിച്ച് 50 ശതമാനം അവകാശം വാങ്ങുകയും 2014-ൽ മെർവിൻ ജോസഫ് ഫെർണാണ്ടസ് അവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കി ബാക്കി ഭാഗത്ത് പേര് ചേർക്കുകയും ചെയ്തു. രേഖകളിൽ തിരിമറി നടന്നതായി ആരോപിച്ച് അസ്ഗർ അലി 2015-ൽ ക്രിമിനൽ കേസ് നൽകിയിരുന്നു.
2019-ൽ ബിജെപി എംഎൽഎ നരേന്ദ്ര മേത്തയുമായി ബന്ധമുള്ള ‘സെവൻ ഇലവൻ കൺസ്ട്രക്ഷൻസ്’ എന്ന കമ്പനി തർക്കഭൂമിയുടെ ഒരു ഭാഗം വാങ്ങി നിർമ്മാണ അനുമതി നേടിയെങ്കിലും അസ്ഗർ അലിയുടെ പരാതിയെ തുടർന്ന് മീരാ-ഭയാന്ദർ മുൻസിപ്പൽ കോർപ്പറേഷൻ അത് റദ്ദാക്കിയിരുന്നു. വർഷങ്ങളോളം പരാതി നൽകിയിട്ടും ഫലമുണ്ടാകാത്തതിനെ തുടർന്നാണ് അദ്ദേഹം പ്രധാനമന്ത്രിയെ സമീപിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടതും, എംഎൽഎയുമായി ബന്ധമുള്ള ബിൽഡർമാർ ഭൂമി കൈയേറിയതായി പരാതിപ്പെട്ടതും.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെ ബിജെപി എംഎൽഎ നരേന്ദ്ര മേത്ത തർക്കഭൂമിയിലെ അവകാശവാദം ഉപേക്ഷിക്കുന്നതായും അസ്ഗർ അലിക്കെതിരായ പൊലീസ് പരാതി പിൻവലിക്കുന്നതായും പ്രഖ്യാപിച്ചു. മുൻസിപ്പൽ കോർപ്പറേഷൻ നിർമ്മാണ അനുമതിയും ബന്ധപ്പെട്ട അവകാശങ്ങളും പൂർണ്ണമായി റദ്ദാക്കിയതിനൊപ്പം മുൻ ഉടമ പോൾ ആന്റണി ഫെർണാണ്ടസ് അസ്ഗർ അലിക്ക് അനുകൂലമായി പൊലീസിൽ മൊഴി നൽകുകയും ചെയ്തു.
വിഷയം മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ റവന്യൂ വകുപ്പ് നടപടികൾ വേഗത്തിലാക്കി. ‘സ്വയം ബിൽഡേഴ്സും’ മുകേഷ് പരേഖും നൽകിയ എതിർപ്പുകളിൽ പത്ത് തവണ വാദം കേട്ട അഡീഷണൽ തഹസിൽദാർ, 1989-ൽ അസ്ഗർ അലിയുടെ പേരിൽ രജിസ്റ്റർ ചെയ്ത വിൽപന ആധാരം ഒരു കോടതിയും റദ്ദാക്കാത്തതിനാൽ നിയമപരമായി സാധുവാണെന്ന് ഉത്തരവിട്ടു. തുടർന്ന് റവന്യൂ രേഖകളിൽ മാറ്റം വരുത്താൻ അംഗീകാരം നൽകിയതോടെ മുഴുവൻ ഭൂമിയുടെയും നിയമപരമായ ഉടമയായി അസ്ഗർ അലി വോറയുടെ പേര് ഔദ്യോഗികമായി പുനഃസ്ഥാപിക്കപ്പെട്ടു.
PM Modi’s Schoolmate Gets Back Ownership of Mira-Bhayandar Plot Within Three Months of Meeting, Ending 19-Year Land Dispute














